സമ്പര്‍ക്ക രോഗവ്യാപനം കുതിക്കുന്നു; അപകടസൂചനയായി സൂപ്പർ സ്പ്രെഡും വൻ ക്ലസ്റ്ററും

By Web Team  |  First Published Jul 11, 2020, 6:34 AM IST

ഇന്നലെ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 416 ആയി കുതിച്ചുകയറി. ഇന്നലെ റിപ്പോർട്ട് ചെയ്തതിൽ 204 പേർക്ക് സമ്പർക്കം. അതായത് മൊത്തം കേസുകളുടെ 49 ശതമാനം സമ്പർക്കത്തിലൂടെയാണ്.


തിരുവനന്തപുരം: ലാർജ് കമ്മ്യൂണിറ്റി ക്ലസ്റ്ററും സൂപ്പർ സ്പ്രെഡുമായതോടെ സംസ്ഥാനത്തെ സമ്പർക്ക രോഗികളുടെ എണ്ണം പ്രതീക്ഷിച്ചതിലും വേഗത്തിൽ ഉയരുകയാണെന്ന ആശങ്ക ശക്തമാക്കി കണക്കുകൾ. കഴിഞ്ഞ പത്ത് ദിവസത്തിനിടെ 2375 പേർക്കാണ് സംസ്ഥാനത്ത് കൊവിഡ് ബാധിച്ചത്. കഴിഞ്ഞ ദിവസം സമ്പര്‍ക്ക രോഗികളുടെ എണ്ണം ആകെ കേസുകളുടെ 49 ശതമാനം വരെയെത്തി.

പ്രവാസികളുടെ മടങ്ങിവരവോടെ രോഗികളുടെ എണ്ണം ഉയർന്നപ്പോഴും സംസ്ഥാനം ആശ്വസിച്ചത് പ്രാദേശിക വ്യാപനവും സമ്പർക്ക വ്യാപനവും താഴ്ന്നു തന്നെ നിൽക്കുന്നുവെന്നതിലായിരുന്നു. ആ ആശ്വാസമാണ് കഴിഞ്ഞ ദിവസങ്ങളിലെ കണക്കുകളിൽ തകരുന്നത്. ജൂലൈ 1ന് റിപ്പോർട്ട് ചെയ്യപ്പെട്ട കേസുകൾ 151 എണ്ണം. ആ ദിവസത്തെ സമ്പർക്ക തോത് 9 ശതമാനം( 13 പേർക്ക്). 

Latest Videos

undefined

എന്നാൽ ഇന്നലെ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 416 ആയി കുതിച്ചുകയറി. ഇന്നലെ റിപ്പോർട്ട് ചെയ്തതിൽ 204 പേർക്ക് സമ്പർക്കം. അതായത് മൊത്തം കേസുകളുടെ 49 ശതമാനം സമ്പർക്കം. ഇതോടെ സംസ്ഥാനത്ത് റിപ്പോർട്ട് ചെയ്യപ്പെട്ട കൊവിഡ് കേസുകളിൽ സമ്പർക്ക രോഗികളുടെ ശതമാനം 20.64ലേക്ക് ഉയർന്നു. 11 ശതമാനത്തിൽ ഒതുങ്ങിയിരുന്ന ശതമാനകണക്കാണ് 13 ദിവസങ്ങൾ കൊണ്ടാണ് കുത്തനെ കൂടിയത്. 

സമ്പർക്ക വ്യാപനം പത്തിൽ താഴെ നിർത്താനായിരുന്നു സംസ്ഥാന സർക്കാരിന്റെ ലക്ഷ്യം. ഇത് മുപ്പതിലേക്കുയർന്നാൽ കാര്യങ്ങൾ സങ്കീർണമാകുമെന്ന് സർക്കാർ തന്നെ മുന്നറിയിപ്പ് നൽകിയിരുന്നു. പൂന്തുറയിലടക്കം സ്ഥിതി ഇതേനിലയ്ക്ക് തുടർന്നാലാണ് ആശങ്ക. കഴിഞ്ഞ 20 ദിവസത്തെ ആകെ രോഗികളുടെ എണ്ണവും ആശങ്കയുണ്ടാക്കുന്നു. ജൂൺ 21 ഓടെ സംസ്ഥാനത്ത് രോഗംബാധിച്ചവര്‍ 3172 പേരായിരുന്നു. ജൂലൈ 1ന് ഇത് 4593 ആയി. പത്ത് ദിവസം കൂടി കഴിഞ്ഞ് ഇന്നലെ ഇത് 6950 ആയി. അതായത് കഴിഞ്ഞ പത്ത് ദിവസത്തിനിടെ 2375 രോഗികളുണ്ടായി. സംസ്ഥാനത്തെ 2 ജില്ലകളിൽ ചികിത്സയിലുള്ള രോഗികളുടെ എണ്ണം 400 കടന്നു. മലപ്പുറത്തും തിരുവനന്തപുരത്തും. സമ്പർക്ക വ്യാപനം തടഞ്ഞു നിർത്താനായില്ലെങ്കിൽ ചെന്നൈയ്ക്കും മുംബൈയ്ക്കും സമാനമായ സ്ഥിതി കേരളത്തിലുണ്ടാകുമെന്ന ആശങ്ക ആരോഗ്യമേഖലയിലുള്ളവർ മുന്നറിയിപ്പ് നൽകുന്നു.

click me!