ആയിരം കടന്ന ആശങ്ക: സംസ്ഥാനത്ത് 1038 പേർക്ക് കൂടി കൊവിഡ്; 785 സമ്പര്‍ക്കരോഗികൾ, മരണസംഖ്യയും കൂടുന്നു

By Web Team  |  First Published Jul 22, 2020, 6:08 PM IST

1038 പേർക്കാണ് ഇന്ന് രോഗം സ്ഥിരീകരിച്ചത്. ഇതിൽ 785 പേർക്കും സമ്പർക്കത്തിലൂടെയാണ് രോഗബാധ. ഇതര സംസ്ഥാനങ്ങളിൽ നിന്നുള്ള 109 പേർക്കും വിദേശത്ത് നിന്നെത്തിയ 87 പേർക്കും രോഗബാധ സ്ഥിരീകരിച്ചു


തിരുവനന്തപുരം: കൊവിഡ് ആശങ്ക മാറ്റമില്ലാതെ തുടരുന്ന സംസ്ഥാനത്ത് ഇന്ന് കൊവിഡ് രോഗികൾ ആയിരം  കടന്നു. 1038 പേർക്കാണ് ഇന്ന് രോഗം സ്ഥിരീകരിച്ചത്. ഇതിൽ 785 പേർക്കും സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. ഇവരിൽ 57 പേരുടെ ഉറവിടം വ്യക്തമായിട്ടില്ല. ഇതര സംസ്ഥാനങ്ങളിൽ നിന്നെത്തിയ 109 പേർക്കും വിദേശത്ത് നിന്നെത്തിയ 87 പേർക്ക് രോഗബാധ സ്ഥിരീകരിച്ചു. കൊവിഡ് മൂലം ഒരു മരണം കൂടി ഇന്നുണ്ടായി. ഇടുക്കിയിലെ 75 വയസുകാരനായ നാരായണനാണ് മരിച്ചത്. ഇതുവരെ സംസ്ഥാനത്ത് 15032 പേർക്കാണ് രോഗം സ്ഥിരീകരിച്ചതെന്നും മുഖ്യമന്ത്രി വാർത്താസമ്മേളനത്തിൽ വ്യക്തമാക്കി.

മുഖ്യമന്ത്രിയുടെ വാക്കുകൾ

Latest Videos

undefined

സംസ്ഥാനത്ത് 1038 പേർക്കാണ് ഇന്ന് രോഗം സ്ഥിരീകരിച്ചത്. ഇതിൽ 785 പേർക്കും സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. ഇവരിൽ 57 പേരുടെ ഉറവിടം വ്യക്തമായിട്ടില്ല. ഇതര സംസ്ഥാനങ്ങളിൽ നിന്നെത്തിയ 109 പേർക്കും വിദേശത്ത് നിന്നെത്തിയ 87 പേർക്ക് രോഗബാധ സ്ഥിരീകരിച്ചു. കൊവിഡ് മൂലം ഒരു മരണം കൂടി ഇന്നുണ്ടായി. ഇടുക്കിയിലെ 75 വയസുകാരനായ നാരായണനാണ് മരിച്ചത്. ഇതുവരെ സംസ്ഥാനത്ത് 15032 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. 272 പേർ രോഗമുക്തി നേടി.

പോസിറ്റീവായവർ.

തിരുവനന്തപുരം 226, കൊല്ലം 133, ആലപ്പുഴ 120, കാസർകോട് 101, എറണാകുളം 92, മലപ്പുറം 61, തൃശ്ശൂർ 56, കോട്ടയം 51, പതതനംതിട്ട 49, ഇടുക്കി 43, കണ്ണൂർ 43, പാലക്കാട് 34, കോഴിക്കോട് 25, വയനാട് നാല്.  24 മണിക്കൂറിനിടെ 20847 സാമ്പിൾ പരിശോധിച്ചു. 159777 പേർ നിരീക്ഷണത്തിലുണ്ട്. 9031 പേർ ആശുപത്രിയിൽ. 1164 പേരെ ഇന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 8818 പേർ ചികിത്സയിലുണ്ട്. 318644 സാമ്പിൾ ഇതുവരെ പരിശോധനക്കയച്ചു. 8320 ഫലം വരാനുണ്ട്. മുൻഗണനാ വിഭാഗത്തിലെ 103951 സാമ്പിൾ ശേഖരിച്ചതിൽ 99499 സാമ്പിൾ നെഗറ്റീവാണ്.

397 ഹോട്സ്പോട്ടുകളാണ് സംസ്ഥാനത്ത് ഉള്ളത്. ഇപ്പോൾ ചികിത്സയിലുള്ള 8056 പേരിൽ 53 പേർ ഐസിയുവിലാണ്. ഒൻപത് പേർ വെന്റിലേറ്ററിൽ. കേസ് പെർ മില്യൺ കേരളത്തിൽ 419.1 ആണ്. ഫെറ്റാലിറ്റി റേറ്റ് കേരളത്തിൽ 0.31 ആണ്. സംസ്ഥാനത്ത് ഇതുവരെ 86959 പേരെ പ്രൈമറി കോണ്ടാക്ടായും 37937 പേരെ സെക്കന്റൻി കോണ്ടാക്ടായും കണ്ടെത്തി. ആകെ പോസിറ്റീവ് കേസിൽ 66.15 ശതമാനം പ്രാദേശികമായി വൈറസ് ബാധയുണ്ടായി. തിരുവനന്തപുരത്ത് ഇത് 94.4 ശതമാനം. 15975 കിടക്കകൾ ഫസ്റ്റ് ലൈൻ ട്രീറ്റ്മെന്റ് സെന്ററിൽ ഒരുക്കി. 4533 പേർ ഇവിടെ ചികിത്സയിലുണ്ട്. ആരോഗ്യപ്രവർത്തകർ 3.42 ലക്ഷം മാസ്കും 3.86 ലക്ഷം പിപിഇ കിറ്റും സ്റ്റോക്കുണ്ട്. 80 വെന്റിലേറ്റർ കഴിഞ്ഞ ദിവസങ്ങളിൽ വാങ്ങി. 270 ഐസിയു വെന്റിലേറ്റർ കേന്ദ്രസർക്കാർ നൽകി. രണ്ടാഴ്ചക്കുള്ളിൽ 50 വെന്റിലേറ്റർ കൂടി കേന്ദ്രം നൽകും.ഏഴ് മെഡിക്കൽ കോളേജിലും ലിക്വിഡ് ഓക്സിജൻ ഉണ്ട്. 6040 മണിക്കൂർ പ്രവർത്തിക്കാനുള്ള ഓകിസിജനുണ്ട്. 50 മൊബൈൽ മെഡിക്കൽ യൂണിറ്റ് പ്രവർത്തിക്കുന്നു. 19 എണ്ണം കൂടി സ്ഥാപിക്കും.

ജില്ലകളിലെ കൊവിഡ് കണക്കുകൾ

തിരുവനന്തപുരത്ത് സ്ഥിതി അതീവ ഗുരുതരമാണ്. പോസിറ്റീവായ 226 കേസിൽ 190 പേരും സമ്പർക്കത്തിലൂടെ രോഗംബാധിച്ചവരാണ്. 15 പേരുടെ ഉറവിടം വ്യക്തമല്ല. 18 ആരോഗ്യപ്രവർത്തകർക്കും രോഗം കണ്ടെത്തി. ജില്ലയിലെ കണ്ടെയ്ൻമെന്റ് സോണുകളിൽ കച്ചവടക്കാർക്ക് സ്റ്റോക്ക് ശേഖരിക്കാൻ നിയന്ത്രണം ഏർപ്പെടുത്തി. പാറശാല അടക്കമുള്ള അതിർത്തി പ്രദേശത്ത് കൊവിഡ് വർധിക്കുന്നു. കൊല്ലത്ത് 133 പേരിൽ 116 ഉം സമ്പർക്കമാണ്. അഞ്ച് പേരുടെ ഉറവിടം അറിയില്ല. നിയന്ത്രണം ശക്തിപ്പെടുത്തും. തീരമേഖലയിൽ വിനോദത്തിനും കാറ്റ് കൊള്ളാനും പ്രദേശവാസികളെ അനുവദിക്കില്ല.

പത്തനംതിട്ടയിൽ 32 സമ്പർക്ക രോഗികൾ. അടൂർ ജനറൽ ആശുപത്രിയിൽ ഡോക്ടർക്കും മൂന്ന് ആരോഗ്യപ്രവർത്തകർക്കും ചികിത്സയിലുള്ള അഞ്ച് രോഗികൾക്കും രോഗം. ആലപ്പുഴയിൽ കണ്ടെയ്ണൻമെന്റ് സോണിൽ രാവിലെ ഏഴ് മുതൽ ഉച്ചയ്ക്ക് രണ്ട് വരെ അവശ്യ സാധനങ്ങൾ വിൽക്കാം. വണ്ടാനം പ്ലാസ്മ തെറാപ്പിയിൽ സ്വയം പര്യാപ്തത നേടി. കോട്ടയത്ത് 51 പേരിൽ 46 സമ്പർക്കത്തിലൂടെ രോഗം. മെഡിക്കൽ കോളേജിലെ ഗൈനക്കോളജി വിഭാഗത്തിൽ രണ്ട് ഗർഭിണികളടക്കം അഞ്ച് പേർക്ക് കൊവിഡ്. ഇടുക്കിയിൽ ഇന്ന് വണ്ണപ്പുറം വാഴത്തോപ്പ് രാജക്കാട് എന്നിവിടങ്ങളിൽ സമ്പർക്ക രോഗം കൂടുതലാണ്. 26 പേർക്കാണ് ഇന്ന് സമ്പർക്കത്തിലൂടെ രോഗം ബാധിച്ചത്.

എറണാകുളത്ത് 93 രോഗികൾ. അതിൽ 66 സമ്പർക്കമാണ്. 15 പേരുടെ ഉറവിടം അറിയില്ല. ആലുവ മേഖലയിൽ കൊവിഡ് വൈറസ് വ്യാപനം വലിയ തോതിൽ പടരുന്ന അപകട സാധ്യത കൂടിയതായാണ് കണ്ടെത്തൽ. അതുകൊണ്ട് ജാഗ്രത അനിവാര്യമാണ്. ഇവിടെ സമീപ പഞ്ചായത്തുകൾ ഉൾപ്പെടുത്തി ക്ലസ്റ്ററാക്കി. ഇവിടെ കർഫ്യൂ രാവിലെ ഏഴ് മുതൽ ഒൻപത് വരെ മൊത്തവിതരണവും പത്ത് മുതൽ രണ്ട് വരെ ചില്ലറ വിൽപ്പനയും അനുവദിക്കും. ചെല്ലാനത്ത് രോഗവ്യാപനം കുറഞ്ഞു. എഫ്എൽടിസിയിൽ കൊവിഡ് പരിശോധന തുടങ്ങി. ജില്ലയിൽ അടച്ചിട്ട എല്ലാ സ്വകാര്യ ആശുപത്രികളും നാളെ പ്രവർത്തനം പുനരാരംഭിക്കും. തൃശ്ശൂരിൽ പുതിയ ക്ലസ്റ്ററുകൾ രൂപപ്പെട്ടു. സമ്പർക്ക വ്യാപനവും കൂടി. കണ്ടെയ്ൻമെന്റ് സോണുകൾ വർധിച്ചു. മൂന്ന് തദ്ദേശ സ്ഥാപനങ്ങൾ കൂടി കണ്ടെയ്ൻമെന്റ് സോണായി. പട്ടാമ്പി മത്സ്യമാർക്കറ്റിലെ തൊഴിലാളിയിൽ നിന്ന് രോഗം വ്യാപിച്ചു. ജൂലൈ 20 ന് നടത്തിയ 565 ആന്റിജൻ ടെസ്റ്റിൽ 36 പേർക്ക് രോഗം കണ്ടെത്തി.

മലപ്പുറത്ത് സമൂഹ വ്യാപനം കണക്കിലെടുത്ത് കൊണ്ടോട്ടി, നിലമ്പൂർ നഗരസഭകൾ കണ്ടെയ്ൻമെന്റ് സോണായി. വയനാട് പുൽപ്പള്ളിയിലെ ജനപ്രതിനിധിക്ക് രോഗം കണ്ടെത്തി. ഇദ്ദേഹവുമായി സമ്പർക്കം ഉണ്ടായിരുന്ന പഞ്ചായത്ത് പ്രസിഡന്റടക്കം മൂന്ന് പേരുടെ പരിശോധനാ ഫലം നെഗറ്റീവാണ്. കണ്ണൂരിൽ കടകൾ, മാളുകളടക്കം എല്ലാ വ്യാപാര സ്ഥാപനങ്ങളും അഞ്ച് മണി വരെ മാത്രമേ പ്രവർത്തനം അനുവദിക്കൂ. ജില്ലയിലേക്ക് വരുന്നവരെ വാർഡ് തല സമിതി പ്രത്യേകം നിരീക്ഷിക്കും. ചെറു സന്ദർശനത്തിന് വരുന്നവർ പലയിടത്ത് സന്ദർശിക്കുന്നു. ഇത്തരക്കാർ കാര്യം നടത്തി യഥാസമയം തിരികെ പോകണം. കാസർകോട് 101 പേരിൽ ഇന്ന് 85 പേർക്ക് സമ്പർക്കത്തിലൂടെ രോഗം. കർണാടക മെഡിക്കൽ പ്രവേശന പരീക്ഷ എഴുതുന്നവർക്ക് തലപ്പാടി വരെ പോകാൻ കെഎസ്ആർടിസി ബസ് ഒരുക്കും. അവിടെ നിന്ന് കർണ്ണാടക സർക്കാരിന്റെ ബസ് ഉപയോഗിച്ച് പോകണം. മറ്റ് വാഹനം ഉപയോഗിക്കരുത്. തിരികെ വന്നാൽ ഏഴ് ദിവസം ക്വാറന്റൈൻ.

കൊവിഡ് പ്രതിരോധത്തിൽ സംസ്ഥാനത്തിന് പിടിച്ചുനിൽക്കാൻ കഴിയുന്നു. മാധ്യമസംഭാവന വലുത്. ബോധവത്കരണ പ്രവർത്തനത്തിൽ വലിയ പങ്ക് വഹിക്കുന്നു. എന്നാൽ സമീപ കാലത്ത് ചിലയിടങ്ങളിൽ അത് ചോർന്നുപോകുന്നുവെന്ന് സംശയം ഉണ്ട്. ഇന്ന് ഒരു വാർത്താ ചാനൽ ആവർത്തിച്ച് കാണിച്ച ബ്രേക്കിങ് ന്യൂസ് കേരളത്തിൽ കൊവിഡ് മരണം കൂടുന്നുവെന്നാണ്. മരിക്കുന്നവരുടെ എണ്ണം ഓരോ ദിവസവും വർധിക്കുന്നുണ്ട്. സ്ഫോടനാത്മകമായ രീതിയിൽ മരണസംഖ്യ സംസ്ഥാനത്ത് ഇതേവരെയില്ല. കൊവിഡ് വാർത്തകൾ മാധ്യമങ്ങൾ ജനങ്ങളിലെത്തിക്കണം. അതിൽ സർക്കാരിനെ വിമർശിക്കുന്നതിൽ എതിർപ്പില്ല. എന്നാൽ മാസങ്ങളായി രാപ്പകൽ അധ്വാനിക്കുന്ന ആരോഗ്യപ്രവർത്തകരുടെ ആത്മവീര്യം തകർക്കുന്ന ആക്ഷേപം ഒഴിവാക്കണം. തെറ്റായ പ്രചാരണം ഏറ്റെടുക്കരുത്.  

അസാധാരണമായ സാഹചര്യമാണുള്ളത്. ആരോഗ്യമേഖലയിലാണ് ഏറ്റവും കൂടുതൽ. മഴക്കാല രോഗവും ഇപ്പോൾ ചികിത്സിക്കേണ്ടതുണ്ട്. എത്ര വലിയ ആരോഗ്യ മേഖലയായാലും ഈ പ്രതിസന്ധി നേരിടാൻ പ്രയാസവും പ്രശ്നവുമുണ്ടാകും. അത്തരം ചെറിയ പ്രശ്നങ്ങൾ പോലും ഊതിവീർപ്പിച്ച് മെഡിക്കൽ കോളേജിൽ പ്രതിസന്ധി എന്ന സൂപ്പർ ലീഡ് വാർത്ത നൽകുന്നു. മെഡിക്കൽ കോളേജിൽ ആരോഗ്യപ്രവർത്തകർക്ക് രോഗബാധ ഉണ്ടാകും. അവർക്ക് ചികിത്സ നൽകേണ്ടി വരും. മെഡിക്കൽ കോളേജിലാകെ പ്രതിസന്ധിയെന്ന് പ്രചരിപ്പിക്കരുത്. സംസ്ഥാനത്ത് എല്ലായിടത്തും സർക്കാർ-സ്വകാര്യ ആംബുലൻസുകൾ കൊവിഡ് രോഗികൾക്കായി സജ്ജീകരിച്ചിട്ടുണ്ട്. രോഗം സ്ഥിരീകരിക്കുന്നവരെ അപ്പോൾ തന്നെ മാറ്റാനായെന്ന് വരില്ല. ഓരോ യാത്രക്ക് ശേഷവും ആംബുലൻസ് അണുവിമുക്തമാക്കണം. ഒന്നിലേറെ സ്ഥലത്ത് ഒരേ സമയം കൊവിഡ് രോഗം റിപ്പോർട്ട് ചെയ്യാം. ഗുരുതരാവസ്ഥയിലായ രോഗിയല്ലെങ്കിൽ അവർ ഉള്ളിടത്ത് തന്നെ അൽപ്പ സമയം തുടരാം.ആംബുലൻസ് സ്വാഭാവിക കാരണങ്ങളാൽ അൽപം വൈകുന്നത് മഹാ അപരാധമായി ചിത്രീകരിക്കരുത്. 

ആശുപത്രികളിലും എഫ്എൽടിസികളിലും ചികിത്സയും ഭക്ഷണവും സർക്കാർ ഒരുക്കുന്നുണ്ട്. എന്തെങ്കിലും പ്രത്യേക കാരണത്താൽ ഭക്ഷണം വൈകിയാൽ സർക്കാരിന്റെ പരാജയം രോഗികൾക്ക് പീഡനം എന്നാണ് ഒരു ചാനൽ ദൃശ്യമടക്കം രിപ്പോർട്ട് ചെയ്തത്. പിന്നീടവർ ഖേദം പ്രകടിപ്പിച്ചു. സർക്കാരിന്റെ കൊവിഡ് പ്രതിരോധം തകർക്കാൻ കച്ച കെട്ടിയിറങ്ങിയ ഒരു കൂട്ടം സംഘങ്ങൾ ഇത്തരം വ്യാജ വാർത്ത സൃഷ്ടിക്കുന്നുണ്ട്. കൊവിഡിനെതിരായ പോരാട്ടം ജനങ്ങളുടെ ജീവന് വേണ്ടിയുള്ള പോരാട്ടമാണ്. നുണ പ്രചരിപ്പിച്ച് അത് തകർക്കാൻ ശ്രമിക്കുന്നവർ തിരുത്താനൊന്നും പോകുന്നില്ല. തെറ്റായ ചിത്രം പ്രസിദ്ധീകരിച്ച മാധ്യമം ഇതുവരെ തിരുത്തിയില്ല. എല്ലാവരെയും കുറിച്ചല്ല. ചില പ്രത്യേക ഉദ്ദേശത്തോടെ സൃഷ്ടിക്കുന്ന വാർത്തകൾ വെള്ളം ചേർക്കാതെ വിഴുങ്ങുന്നു. കേരളത്തിൽ മാധ്യമങ്ങൾ പൊതുവിൽ ജാഗ്രത കാണിച്ചു. പ്രതിരോധത്തിൽ ജാഗ്രതയുണ്ടായി. അത് തുടരേണ്ട ഘട്ടമാണ്. അതിന് എല്ലാ മാധ്യമങ്ങളും അവർക്കുള്ള പ്രത്യേക താത്പര്യം മാറ്റിനിർത്തി നാടിന്റെ കൂട്ടായ പ്രവർത്തനത്തിൽ പങ്കാളികളാകണം.

കൊവിഡ് പരിശോധന

ഇന്ന് പ്രതിപക്ഷ നേതാവ് രോഗമുക്തി നിരക്കിൽ കേരളം പുറകിലാണെന്ന് പറഞ്ഞു. എവിടെയൊക്കെ പുറകിലാണെന്ന് കണ്ടെത്താനുള്ള അദ്ദേഹത്തിന്റെ ഗവേഷണം തുടർന്നും നടക്കട്ടെ. യാഥാർത്ഥ്യവുമായി ബന്ധമില്ലാത്ത കാര്യം പ്രചരിപ്പിക്കുന്നത് നാടിന് നല്ലതല്ല. കേരളത്തിന്റെ പ്രതിരോധം താളം തെറ്റിയെന്ന് വരുത്തി തീർക്കാനുള്ള വ്യഗ്രതയാണ്. കൊവിഡുമായി ബന്ധപ്പെട്ട് കേരളത്തിന്റെ ഡിസ്ചാർജ് പോളിസി ദേശീയ തലത്തിലേതിന് വ്യത്യസ്ഥമാണ്. ദേശീയ പോളിസി പ്രകാരം പത്ത് ദിവസം ആശുപത്രി വാസത്തിന് ശേഷം ഡിസ്ചാർജ് ചെയ്യാം. കേരളം ഒഴികെ ഭൂരിഭാഗം സംസ്ഥാനത്തും ഇത് പിന്തുടരുന്നു. നാം ആദ്യം സ്വീകരിച്ച രീതി പ്രകാരം ടെസ്റ്റ് രണ്ട് തവണ നെഗറ്റീവായ ശേഷമാണ് രോഗിയെ ഡിസ്ചാർജ് ചെയ്തത്. ഇംഗ്ലണ്ടിൽ നിന്ന് വന്ന ആറന്മുള സ്വദേശിക്ക് 22 തവണ ടെസ്റ്റ് നടത്തി. മൂന്ന് തവണ നെഗറ്റീവായ ശേഷം ഡിസ്ചാർജ് ചെയ്തു. 41 ദിവസം ആശുപത്രിയിൽ ചികിത്സിച്ചു. പത്തനംതിട്ട വടശേരിക്കരയിലെ വീട്ടമ്മ 48 ദിവസം ആശുപത്രിയിൽ ചികിത്സിച്ചു. ഇന്നലെ പ്രസിദ്ധീകരിച്ച ആരോഗ്യവകുപ്പിന്റെ പുതിയ ഗൈഡ് ലൈൻ പ്രകാരം ലക്ഷണമില്ലെങ്കിലും ടെസ്റ്റ് നിർബന്ധമാക്കി. ആന്റിജൻ ടെസ്റ്റ് നെഗറ്റീവായാലേ ഡിസ്ചാർജ് അനുവദിക്കൂ. മുന്നിലാണെന്ന് കാണിക്കാൻ വേണമെങ്കിൽ കേന്ദ്രത്തിന്റെ ഡിസ്ചാജ് പോളിസി പിന്തുടരാമായിരുന്നു. എന്നാൽ സുരക്ഷയും രോഗവ്യാപന സാധ്യത അടക്കാനും വേണ്ടിയാണ് നെഗറ്റീവായവരെ മാത്രം ഡിസ്ചാർജ് ചെയ്യുന്നത്. കണക്കുകളിൽ ഒന്നാമതെത്താനല്ല  ശാസ്ത്രീയമായി രോഗത്തെ മറികടക്കാനാണ് ശ്രമം. രോഗവ്യാപന തോത് കേരളത്തിൽ കുറവാണെന്ന് പ്രത്യേകം ഓർക്കണം. പുതിയ കേസ് റിപ്പോർട്ട് ചെയ്യാത്ത ദിവസം പോലുമുണ്ടായിരുന്നു.

കേരളത്തിൽ ഇന്നലെ 720 പേർക്കാണ് രോഗം കണ്ടെത്തിയത്. മഹാരാഷ്ട്രയിൽ ഇന്നലെ 8336 പേർക്കും തമിഴ്നാട്ടിൽ 4965, കർണ്ണാടകയിൽ 3496 പേർക്കും കൊവിഡ് സ്ഥിരീകരിച്ചു. രാജ്യത്താകെ 37724 പേർക്ക് കൊവിഡ് കണ്ടെത്തി. കേരളത്തിൽ ഇന്നലെ 720 ആയിരുന്നു. കേരളത്തിൽ മൂന്നാംഘട്ടത്തിൽ രോഗികളുടെ എണ്ണം കൂടിവരുന്നുണ്ട്. പക്ഷെ ദേശീയ തലത്തിലെ ഏത് കണക്കെടുത്താലും കൊവിഡ് സ്ഥിരീകരിക്കപ്പെട്ട ശേഷമുള്ള വ്യാപനം കേരളത്തിൽ കുറവാണ്.

ആരോഗ്യ പ്രവർത്തകരിലെ രോഗവും മുൻകരുതൽ നടപടികളും

സങ്കീർണമായ സ്ഥിതിയാണ് മഹാമാരി സൃഷ്ടിക്കുന്നത്. നിരവധി സങ്കേതത്തിലൂടെയാണ് വിദഗ്ദ്ധർ ഇത് വിശദീകരിക്കുന്നത്. വിമർശനവുമായി വരുന്നവർ അതെന്തെന്ന് മനസിലാക്കാൻ ആത്മാർത്ഥമായി ശ്രമിക്കണം. പൊലീസിന്റെ നിയന്ത്രണത്തിലുള്ള വട്ടിയൂർക്കാവിലെ ഷൂട്ടിങ് റേഞ്ച് എഫ്എൽടിസിയാക്കും. പൊലീസ് ആരോഗ്യപ്രവർത്തകർ, ശുചീകരണ തൊഴിലാളികൾ എന്നിവർക്കായി ഇതുപയോഗിക്കും. പൊലീസ് ഡോക്ടർമാരെയും ലഭ്യമാക്കും. 50 പേർക്ക് ഇവിടെ താമസിക്കാം. 

ജൂലൈ 20 വരെ 267 ആരോഗ്യപ്രവർത്തകർ കൊവിഡ് ബാധിതരായി. 62.55 ശതമാനം ആരോഗ്യപ്രവർത്തകരും ആശുപത്രിയിൽ ചികിത്സ നൽകി. 23.2 ശതമാനം പേർ ഫീൽഡ് വർക്കിൽ ഏർപ്പെട്ടു. 63 നഴ്സുമാർക്ക് രോഗം കണ്ടെത്തി. കേരളത്തിൽ മെച്ചപ്പെട്ട സുരക്ഷ ഒരുക്കാനായിട്ടുണ്ട്. നൂറിൽപ്പരം ഡോക്ടർമാർ രാജ്യത്ത് കൊവിഡ് ബാധിച്ച് മരിച്ചു. കേരളം ഒരുക്കിയ സുരക്ഷയും സൗകര്യവും പിന്തുണയും ആരോഗ്യപ്രവർത്തകരെ ആ സാഹചര്യത്തിലേക്ക് വീഴാതെ കാത്തു. രോഗം കൂടി വരുന്ന സാഹചര്യത്തിൽ സുരക്ഷ ശക്തമാക്കും. 

സാമൂഹിക അകലം പാലിക്കുന്നതിലടക്കം വീഴ്ച വരുത്തുന്ന സ്ഥാപന ഉടമകൾക്കെതിരെ നിയമ നടപടി സ്വീകരിക്കും. അഡീഷണൽ എസ്പിമാരുടെ നേതൃത്വത്തിൽ പ്രത്യേക പ്രൊസിക്യൂഷന് രൂപം നൽകി. നിർദ്ദേശം ലംഘിക്കുന്ന സ്ഥാപന ഉടമകളെ അറസ്റ്റ് ചെയ്യും. അത്യാവശ്യമുള്ള മെഡിക്കൽ ആവശ്യം, മരണം എന്നിവയ്ക്ക് മാത്രമേ സംസ്ഥാനം വിട്ട് പോകാനാവൂ. ഇവർ ഇ-ജാഗ്രത പോർട്ടലിൽ രജിസ്റ്റർ ചെയ്യണം. കടലാക്രമണം സംസ്ഥാനത്ത് ശക്തമാണ്. തീരശോഷണം നേരിടുന്ന 30 തദ്ദേശ സ്ഥാപനങ്ങൾ കണ്ടെയ്ൻമെന്റ് സോണിലാണ്.

കൊവിഡ് പശ്ചാത്തലത്തിൽ ഓണത്തോട് അനുബന്ധിച്ച് റേഷൻ കാർഡ് ഉടമകൾക്ക് പലവൃഞ്ജന കിറ്റ് സൗജന്യമായി നൽകും. 11 ഇനങ്ങളാണ് ഉണ്ടാവുക. ആഗസ്റ്റ് അവസാന ആഴ്ചയോടെ വിതരണം തുടങ്ങും. മതിയായ റേഷൻ ധാന്യം ലഭിക്കാത്ത മുൻഗണനാ ഇതര വിഭാഗങ്ങൾക്ക് ആഗസ്റ്റിൽ പത്ത് കിലോ വീതം അരി നൽകും.  സംസ്ഥാനത്ത് നേരത്തെ സമ്പൂർണ്ണ ലോക്ക്ഡൗൺ നടത്തി. നിലവിലെ സാഹചര്യത്തിൽ ഇത്തരം അഭിപ്രായം വീണ്ടും വരുന്നുണ്ട്. അത് പരിഗണിക്കേണ്ടി വരും.

ബോധവത്കരണത്തിന് ഓരോ പ്രദേശത്തും നടപടി സ്വീകരിക്കുന്നുണ്ട്. ആരോഗ്യവകുപ്പ് ഒരു പ്രത്യേക പ്രദേശത്ത് 50 പേരുടെ ടെസ്റ്റ് നടത്താൻ പോയി. 36 പേരേ സന്നദ്ധരായുള്ളൂ. മറ്റുള്ളവർ മുന്നോട്ട് വന്നില്ല. ടെസ്റ്റ് നടത്തിയവരിൽ 30 പേർക്കും കൊവിഡ് സ്ഥിരീകരിച്ചു. ഇതൊന്നും തങ്ങൾക്ക് ബാധകമല്ലെന്ന് കരുതുന്നവരുണ്ട്. തിരുവനന്തപുരത്ത് ഡിഎംഒയെ മാറ്റിയത് സാധാരണ ഗതിയിലുള്ള നടപടി മാത്രമാണ്. ശിക്ഷാ നടപടിയല്ല. അവരുടെ കൂടി ആവശ്യം പരിഗണിച്ചാണ് തീരുമാനമെടുത്തത്. രോഗവ്യാപനം കൂടിയതിന് ഏതെങ്കിലും ഉദ്യോഗസ്ഥൻ കാരണക്കാരല്ലെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു. 

click me!