സംസ്ഥാനത്ത് ഇന്ന് 23513 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു, 28100 രോഗമുക്തി, 198 മരണം

By Web Team  |  First Published May 29, 2021, 6:02 PM IST

മെയ്‌ 31 മുതൽ ജൂൺ 9 വരെ ലോക് ഡൌൺ തുടരും. ഇളവുകൾ ഉണ്ടാകും. മലപ്പുറത്ത്‌ ട്രിപ്പിൾ ലോക് ഡൌൺ 30 മുതൽ ഒഴിവാക്കും. മുഖ്യമന്ത്രി പിണറായി വിജയൻ മാധ്യമങ്ങളോട് 


തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 23513 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു. 141759 പരിശോധനകളാണ് നടന്നത്. മരണപ്പെട്ടത് 198 പേരാണ്. ഇപ്പോൾ ആകെ ചികിത്സയിലുള്ളത് 234033 പേരാണ്. രോഗവ്യാപനം സംസ്ഥാനത്ത് കുറയുന്നുണ്ടെന്നും മുഖ്യമന്ത്രി അറിയിച്ചു. മെയ്‌ 31 മുതൽ ജൂൺ 9 വരെ ലോക് ഡൌൺ തുടരും. ഇളവുകൾ ഉണ്ടാകും. മലപ്പുറത്ത്‌ ട്രിപ്പിൾ ലോക് ഡൌൺ 30 മുതൽ ഒഴിവാക്കും. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 139 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 22,016 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 1272 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. 

കൊവിഡ് ജില്ലകളിലെ കണക്ക് 

Latest Videos

undefined

മലപ്പുറം 3990, തിരുവനന്തപുരം 2767, പാലക്കാട് 2682, എറണാകുളം 2606, കൊല്ലം 2177, ആലപ്പുഴ 1984, തൃശൂര്‍ 1707, കോഴിക്കോട് 1354, കോട്ടയം 1167, കണ്ണൂര്‍ 984, പത്തനംതിട്ട 683, ഇടുക്കി 662, കാസര്‍ഗോഡ് 506, വയനാട് 244 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.

മുഖ്യമന്ത്രിയുടെ വാക്കുകൾ 

സംസ്ഥാനത്താകെ മൂന്ന് ദിവസത്തെ ശരാശരി ടിപിആർ 20 ശതമാനത്തിന് താഴെയാണ്. പാലക്കാടും തിരുവനന്തപുരവും 20 ന് മുകളിൽ. മലപ്പുറം ജില്ലയിൽ ടിപിആർ 17.25 ശതമാനമായി കുറഞ്ഞു. മെയ് 21 ന് 28.75 ശതമാനമായിരുന്നു ഇവിടുത്തെ ടിപിആർ. 23 ന് 31.53 ശതമാനത്തിലേക്ക് ജില്ലയിൽ ടിപിആർ ഉയർന്നിരുന്നു.  

സംസ്ഥാനത്ത് ലോക്ക്ഡൗൺ തുടരും

സംസ്ഥാനത്ത് ലോക്ക്ഡൗൺ തുടരും. നിയന്ത്രണം കർശനമായി ഉണ്ടാകും. മെയ് 30 മുതൽ മലപ്പുറത്തെ ട്രിപ്പിൾ ലോക്ഡൗൺ ഒഴിവാക്കും. സംസ്ഥാനത്താകെ മെയ് 31 മുതൽ ജൂൺ ഒൻപത് വരെ ലോക്ക്ഡൗൺ തുടരും. ഈ ഘട്ടത്തിൽ ചില ഇളവുകൾ നൽകും. അത് അത്യാവശ്യ പ്രവർത്തനത്തിന് വേണ്ടിയാണ്. എല്ലാ വ്യവസായ സ്ഥാപനങ്ങളും ആവശ്യമായ മിനിമം ജീവനക്കാരെ ഉപയോഗിച്ച് തുറക്കാം. ജീവനക്കാരുടെ എണ്ണം 50 ശതമാനം കവിയരുത്. വ്യവസായ സ്ഥാപനങ്ങൾക്ക് അസംസ്കൃത വസ്തുക്കൾ നൽകുന്ന കടകൾ ചൊവ്വ, വ്യാഴം ശനി ദിവസങ്ങളിൽ അഞ്ച് മണി വരെ പ്രവർത്തിക്കാം. ബാങ്കുകൾ തിങ്കൾ, ബുധൻ, വെള്ളി ദിവസങ്ങളിൽ വൈകുന്നേരം അഞ്ച് മണി വരെ പ്രവർത്തിക്കാം. വിദ്യാഭ്യാസ ആവശ്യത്തിന് പുസ്തകം വിൽക്കുന്ന കടകൾ തുണി, സ്വർണം, ചെരിപ്പ് കടകൾ എന്നിവ തിങ്കൾ ബുധൻ വെള്ളി ദിവസങ്ങളിൽ അഞ്ച് മണി വരെ പ്രവർത്തിക്കും. കള്ള് ഷാപ്പുകളിൽ കൊവിഡ് പ്രോട്ടോക്കോൾ അനുസരിച്ച് പാഴ്സൽ നൽകാം. പാഴ്വസ്തുക്കൾ സൂക്ഷിക്കുന്ന കടകൾ ആഴ്ചയിൽ രണ്ട് ദിവസം പ്രവർത്തിക്കാം. 

ബ്ലാക്ക് ഫംഗസിന് മരുന്ന്, കിടപ്പ് രോഗികൾക്ക് വാക്സീൻ

ബ്ലാക്ക് ഫംഗസിന് മരുന്ന് ലഭ്യമാകും. വ്യത്യസ്തമായ വിലയാണ് മരുന്നുകൾക്ക് ഈടാക്കുന്നത്. വലിയ വില കൊടുക്കേണ്ടി വരുന്നുണ്ട്. അത് പരിശോധിക്കും. വയോജന കേന്ദ്രങ്ങളിലും വേഗം വാക്സീൻ വിതരണം നടത്തും. കിടപ്പ് രോഗികളായവർക്ക് വാക്സീൻ നൽകാൻ പ്രത്യേക ശ്രദ്ധ നൽകും. നവജാത ശിശുക്കൾക്ക് കൊവിഡ് ബാധിക്കുന്നുണ്ട്. ഇക്കാര്യത്തിൽ ആവശ്യമായ നടപടികൾ സ്വീകരിക്കാൻ നിർദ്ദേശം നൽകി.കൂടുതൽ വാക്സീൻ ജൂൺ ആദ്യവാരം ലഭിക്കുമെന്നാണ് പ്രതീക്ഷ. കിട്ടിയാൽ വാക്സീനേഷൻ നടപടി ഊർജ്ജിതമാക്കും. ജൂൺ 15 നകം കൈയ്യിലുള്ള പരമാവധി വാക്സീൻ നൽകിത്തീർക്കും. ആർഡി കളക്ഷൻ ഏജന്റുമാർക്ക് ആഴ്ചയിൽ രണ്ട് ദിവസം പ്രവർത്തിക്കാം. വ്യവസായ ശാലകൾ കൂടുതലുള്ള ഇടങ്ങളിൽ കെഎസ്ആർടിസി കൂടുതൽ സർവീസ് നടത്തും.

അഡ്വൈസ് മെമ്മോ കിട്ടിയവർക്ക് ഓഫീസുകൾ പ്രവർത്തിക്കുന്നുണ്ടെങ്കിൽ അവിടെ ജോയിൻ ചെയ്യാം. ജോയിൻ ചെയ്യാൻ ഓഫീസ് പ്രവർത്തിക്കാത്ത സാഹചര്യത്തിൽ സമയം നീട്ടി നൽകും. വാക്സീൻ സർട്ടിഫിക്കറ്റ് ആധാറുമായി ബന്ധിപ്പിച്ച ഫോണിലേക്കാണ് പോകുന്നത്. ഭൂരിഭാഗം പേരും മൊബൈൽ നമ്പർ ആധാറുമായി ബന്ധിപ്പിക്കാത്ത സാഹചര്യത്തിൽ ഉപയോഗിക്കുന്ന നമ്പറിൽ ഒടിപി നൽകാൻ ശ്രമിക്കും. ആക്ടീവ് കേസുകളുടെ എണ്ണം രണ്ടര ലക്ഷത്തിൽ താഴെ കൊണ്ടുവരാനാണ് ലോക്ക്ഡൗൺ ഏർപ്പെടുത്തിയത്. അത് ഇന്നലെ 2.37 ലക്ഷമായി കുറക്കാനായി. ആരോഗ്യ സംവിധാനങ്ങൾക്ക് ഉൾക്കൊള്ളാവുന്ന രോഗികളുടെ എണ്ണം ഉയരാതെ സൂക്ഷിക്കാനായി. കൊവിഡിന്റെ രണ്ടാം തരംഗം മറ്റ് പല സംസ്ഥാനത്തും സൃഷ്ടിച്ച പ്രതിസന്ധി കേരളത്തിൽ ഉണ്ടാകില്ല. 

ഐസിയു കിടക്ക, ഓക്സിജൻ എന്നിവയൊന്നും തികയാതെ പോയില്ല. രോഗികൾക്ക് ചികിത്സ ലഭിക്കുന്ന സാഹചര്യം കേരളത്തിൽ നിലനിർത്താനായി. മെയ് 26 മുതൽ 28 വരെ ശരാശരി ടിപിആർ 18.07 ശതമാനമാണ്. മെയ് 23 മുതൽ 25 വരെ ദിവസങ്ങളിൽ അത് 21.35 ശതമാനമായിരുന്നു. കോഴിക്കോട് ഇടുക്കി വയനാട് ഒഴികെയുള്ള ജില്ലകളിൽ ടിപിആർ 16 ശതമാനത്തിന് മുകളിലാണ്. നിലവിൽ സർക്കാർ ആശുപത്രികളിലെ 70 ശതമാനത്തിലധികം ഉപയോഗത്തിലാണ്. നിലവിൽ രോഗബാധിതരായ ആകെ ആളുകളുടെ എണ്ണത്തിലും പുതുതായി രോഗബാധിതരുടെ എണ്ണത്തിലും തുടർച്ചയായി ഏഴ് ദിവസം കുറവുണ്ടാവണം.

കിടപ്പ് രോഗികൾക്ക് എല്ലാം വാക്സീൻ ലഭ്യമാക്കും. വാക്സീൻ നിർമ്മാണവുമായി ബന്ധപ്പെട്ട് ദീർഘകാല അടിസ്ഥാനത്തിൽ പദ്ധതികൾ ആവിഷ്കരിക്കേണ്ടതുണ്ട്. ഔഷധ ഉൽപ്പാദന മേഖലയിലെ പ്രമുഖരെ പങ്കെടുപ്പിച്ച് ഇന്നലെ വെബിനാർ നടത്തി. 

മാനദണ്ഡങ്ങളെല്ലാം പാലിക്കപ്പെടുകയാണെങ്കിലേ ലോക്ക്ഡൗൺ ഒഴിവാക്കിയുള്ള നിയന്ത്രണങ്ങളിലേക്ക് കടക്കാനാവൂ. അല്ലാതെ ഒഴിവാക്കിയാൽ രോഗവ്യാപനം ശക്തമാകും, അത് നിയന്ത്രണാതീതമാകും. ആരോഗ്യ സംവിധാനത്തിന് ഉൾക്കൊള്ളാവുന്നതിലും അധികമായി രോഗികളുടെ എണ്ണം വർധിച്ചാൽ മരണസംഖ്യ കൂടും. ജനത്തിന്റെ ജീവൻ അപകടത്തിലാകുന്നത് തടയാനാണ് ലോക്ക്ഡൗൺ നീട്ടുന്നത്. സമൂഹത്തിന്റെ പിന്തുണ ലോക്ക്ഡൗൺ വിജയകരമാക്കാൻ ഉണ്ടാകണം.

മഴക്കാലത്തിന് മുന്നേ ശുചീകരണ പ്രവർത്തനം

മഴക്കാലത്തിന്റെ മുന്നോടിയായി ശുചീകരണ പ്രവർത്തനം വേഗത്തിൽ നടക്കണം. ജൂൺ 4,5,6 തീയതികളിൽ ശുചീകരണം നടത്തും. നാലിന് തൊഴിലിടത്തും അഞ്ചിന് പൊതു ഇടത്തും ആറിന് വീടും പരിസരവും ശുചിയാക്കണം. എല്ലാ വകുപ്പുകളും ഇതിനായി യോജിച്ച് പ്രവർത്തിക്കും. കാലവർഷം തുടങ്ങിയാൽ ദുരിതാശ്വാസ ക്യാംപുകൾ തുറക്കേണ്ടി വരും. അവിടെ വൈറസ് ബാധയുള്ളവർ എത്തുന്നതും വ്യാപനം ഒഴിവാക്കാനും ക്യാംപുകളിൽ ടെസ്റ്റിങ് ടീമിനെ നിയോഗിക്കും.

വാക്സീൻ നിർമ്മാണത്തിനു ദീർഘകാല അടിസ്ഥാനത്തിൽ പദ്ധതി

കേരളത്തിലെ വാക്സീൻ ഉൽപ്പാദനത്തിന്റെ സാധ്യതയാണ് തേടിയത്. വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടുമായി ബന്ധപ്പെട്ട ലൈഫ് സയൻസ് പാർക്കിന്റെ സ്ഥലത്ത് വാക്സീൻ ഉൽപ്പാദന കമ്പനികളുടെ യൂണിറ്റിടാൻ വാക്സീൻ കമ്പനികൾക്ക് താത്പര്യമുണ്ട്. അക്കാര്യം പരിഗണിക്കും. 18 നും 44 നും ഇടയിലുള്ളവർക്ക് വാക്സീൻ നൽകാൻ ആരംഭിച്ചപ്പോൾ 32 വിഭാഗക്കാർക്ക് മുൻഗണന നൽകിയിരുന്നു. അതോടൊപ്പം 11 വിഭാഗങ്ങളെ കൂടി ചേർത്തു. തൊഴിലിനും പഠനത്തിനും വിദേശത്ത് പോകേണ്ടവരെ കൂടി അതിനകത്ത് ഉൾപ്പെടുത്തി. 

വാക്സീൻ-വിദേശത്ത് പോകേണ്ടവർക്കായി സംസ്ഥാനം ഇടപെടും 

വാക്സീൻ എടുക്കാനുള്ള ഇടവേള നീട്ടിയത് വിദേശത്തേക്ക് പോകേണ്ടവരെ ബുദ്ധിമുട്ടിലാക്കി. കൊവിഡ് സർട്ടിഫിക്കറ്റിൽ പല രാജ്യങ്ങളും പാസ്പോർട്ട് നമ്പർ ആവശ്യപ്പെടുന്നുണ്ട്. കൊവാക്സീന് ഇതുവരെ അംഗീകാരം കിട്ടിയിട്ടില്ല. ഇതെല്ലാം പരിഹരിക്കാൻ കേന്ദ്രസർക്കാരിനോട് ആവശ്യപ്പെട്ടു. വേഗത്തിൽ നടപടി പ്രതീക്ഷിക്കുന്നുണ്ട്. വിദേശത്ത് പോകേണ്ടവരുടെ ബുദ്ധിമുട്ട് മനസിലാക്കി സംസ്ഥാനം ഇടപെടും. സംസ്ഥാനം വാങ്ങിച്ച വാക്സീൻ നൽകുമ്പോൾ അവരെ കൂടി പരിഗണനാ പട്ടികയിൽ ഉൾപ്പെടുത്തും. പാസ്പോർട്ട് നമ്പർ അടക്കം അവർക്ക് ആവശ്യമായ വിധത്തിൽ സർട്ടിഫിക്കറ്റ് നൽകാൻ ഡിഎംഒമാർക്ക് നിർദ്ദേശം നൽകി. അതിന് ആവശ്യമായ വിസ, ജോലിയുടെയും പഠനാവശ്യത്തിന്റെയും വിശദാംശം എന്നിവയോടെ ഡിഎംഒ ഓഫീസിൽ ബന്ധപ്പെടണം.

ലോക്ഡൌൺ ഇളവ്- ശ്രദ്ധിക്കേണ്ട കാര്യങ്ങൾ 

ലോക്ക്ഡൗൺ ഇളവിന്റെ ഭാഗമായി പല ദിവസങ്ങളിലും പല സ്ഥാപനങ്ങളും തുറക്കും. അവിടെ എത്തുന്നവരും ജീവനക്കാരും കൊവിഡ് പ്രോട്ടോക്കോൾ കർശനമായി പാലിക്കണം. സ്ഥാപനങ്ങൾ തുറക്കും മുൻപ് അണുവിമുക്തമാക്കണം. സ്ഥാപനത്തിന്റെ വലിപ്പത്തിനനുസരിച്ച് മാത്രമേ ആളുകളെ പ്രവേശിപ്പിക്കാവൂ. സാനിറ്റൈസർ ഉപയോഗിക്കണം, മാസ്ക് ധരിക്കണം. ഇത് ചിലരിപ്പോഴും കൃത്യമായി പാലിക്കുന്നില്ല. ഇത് പാലിക്കാത്ത കടയുടമകൾക്കും ഉപഭോക്താക്കൾക്കുമെതിരെ അറസ്റ്റ് അടക്കമുള്ള നടപടി സ്വീകരിക്കും. മരുന്ന് കടകൾക്ക് മുന്നിൽ നിയന്ത്രണം പാലിക്കാതെയാണ് ആളുകൾ കൂട്ടം കൂടുന്നത്. ഇത് തടയാൻ പൊലീസ് നടപടി സ്വീകരിക്കും. ലോക്ക്ഡൗൺ നിയന്ത്രണങ്ങളിൽ ഇളവ് വരുത്തിയെങ്കിലും ഇത് സംബന്ധിച്ച് നിർദ്ദേശം പാലിക്കാത്തവർക്ക് എതിരെ കർശന നടപടിയുണ്ടാകും.

click me!