കൊടുത്തത് കിട്ടും, സിപിഎമ്മിന് കിട്ടിക്കൊണ്ടിരിക്കുകയാണെന്നും കെ സുധാകരൻ പരിഹസിച്ചു. എൽഡിഎഫ് കൺവീനർ സ്ഥാനത്തുനിന്ന് പുറത്താക്കിയതിന്‍റെ പക ഇപിയ്ക്ക് ഇപ്പോഴും അടങ്ങിയിട്ടില്ലെന്നും സുധാകരൻ.
കണ്ണൂർ: സിപിഎം കേന്ദ്രകമ്മിറ്റിയംഗം ഇപി ജയരാജൻ്റെ ചാട്ടം ബിജെപിയിലേക്ക് ആവാനാണ് സാധ്യതയെന്ന് കെപിസിസി അധ്യക്ഷന്‍ കെ സുധാകരൻ. ഇപിയുടെ ആത്മകഥ വിവാദം കാലത്തിൻ്റെ കണക്ക് ചോദിക്കലാണ്. കൊടുത്തത് കിട്ടും, സിപിഎമ്മിന് കിട്ടിക്കൊണ്ടിരിക്കുകയാണെന്നും കെ സുധാകരൻ പരിഹസിച്ചു. പ്രസിദ്ധീകരണത്തെക്കുറിച്ച് അറിയില്ലെന്ന് പറയുന്നത് ശുദ്ധ അസംബന്ധമാണ്. ഡിസി ബുക്സ് ഏറെ വിശ്വസ്തമായ സ്ഥാപനമാണ്. അവരെ അവിശ്വസിക്കാൻ ഒരാൾക്കും കഴിയില്ല. എൽഡിഎഫ് കൺവീനർ സ്ഥാനത്തുനിന്ന് പുറത്താക്കിയതിന്‍റെ പക ഇപിയ്ക്ക് ഇപ്പോഴും അടങ്ങിയിട്ടില്ല. ഇപിയുടെ പ്രസ്താവന തെരഞ്ഞെടുപ്പിൽ വിലയിരുത്തപ്പെടുമെന്നും ഉപതെരഞ്ഞെടുപ്പിൽ മൂന്ന് സീറ്റും കോൺഗ്രസ് നേടിമെന്നും കെ സുധാകരൻ കൂട്ടിച്ചേര്‍ത്തു.
അതേസമയം, തൻ്റെ ആത്മകഥ താൻ എഴുതി തീർന്നിട്ടില്ലെന്നാണ് ഇ പി ജയരാജന്‍റെ പ്രതികരണം. അത് പ്രസിദ്ധീകരിക്കാൻ ഒരാളെയും ചുമതലപ്പെടുത്തിയിട്ടില്ല. ഇന്ന് പുറത്തുവന്ന ഒരു കാര്യവും ഞാൻ എഴുതിയതല്ല. ഇന്ന് പത്തരയ്ക്ക് പ്രസിദ്ധീകരിക്കും എന്നുള്ള വാർത്തയാണ് ഞാൻ കാണുന്നത്. അതിന് താൻ ആരെയും ഏൽപ്പിച്ചിട്ടില്ലെന്നും ഇ പി ജയരാജൻ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. പുസ്തകം പ്രസിദ്ധീകരിക്കാൻ സന്നദ്ധത അറിയിച്ച മാതൃഭൂമിയോടും ഡിസി ബുക്സിനോടും ആലോചിച്ചിട്ട് പറയാമെന്നാണ് താൻ പറഞ്ഞത്. ഇന്ന് പുറത്തുവന്ന വാർത്തകൾ ബോധപൂർവം സൃഷ്ടിച്ചതാണ്. ഇതിൽ രാഷ്ട്രീയ ഗൂഢാലോചനയുണ്ട്. ഇതുവരെ പുസ്തകം ഞാൻ എഴുതിക്കഴിഞ്ഞിട്ടില്ല. തെരഞ്ഞെടുപ്പ് കണക്കാക്കി സ്ഥാനാർത്ഥികളെ കുറിച്ചുള്ള പരാമർശം ബോധപൂർവം ഉണ്ടാക്കിയതാണ്. പ്രസിദ്ധീകരിക്കാൻ ഞാൻ ഡിസി ബുക്‌സിനെ ഏൽപ്പിച്ചിട്ടില്ലെന്നും ഇ പി ജയരാജൻ പ്രതികരിച്ചു.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം