തലസ്ഥാനത്ത് സ്ഥിതി സങ്കീർണം, വിഎസ്എസ്‍സിയിലെ ജീവനക്കാരന്‍റെ സമ്പര്‍ക്കപ്പട്ടിക തയ്യാറാക്കുക പ്രയാസം

By Web Team  |  First Published Jun 28, 2020, 10:59 AM IST

നഗരം ഇപ്പോൾ അടച്ചിടേണ്ട സാഹചര്യമില്ലെങ്കിലും തലസ്ഥാന നഗരവാസികൾ സർക്കാർ നിര്‍ദ്ദേശം പാലിക്കണം


തിരുവനന്തപുരം: സമ്പര്‍ക്കത്തിലൂടെയടക്കം നിരവധിപ്പേര്‍ക്ക് കൊവിഡ് രോഗബാധയുണ്ടായ തിരുവനന്തപുരത്ത് സ്ഥിതി സങ്കീർണമെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രൻ. നഗരം ഇപ്പോൾ അടച്ചിടേണ്ട സാഹചര്യമില്ലെങ്കിലും തലസ്ഥാന നഗരവാസികൾ സർക്കാർ നിര്‍ദ്ദേശം പാലിക്കണം. സമ്പർക്കത്തിലൂടെയുള്ള മൂന്ന് കേസുകൾ കൂടി റിപ്പോർട്ട് ചെയ്തതോടെ മണക്കാട് സ്ഥിതി അതീവ ഗുരുതരമാണ്. ഈ പ്രദേശത്തെ കണ്ടെയിൻമെൻറ് സോണുകൾ സർക്കാർ വിപുലമാക്കും.

വിക്രംസാരാഭായി സ്പേസ് സെന്‍ററിലെ ജീവനക്കാരൻ വൈദ്യുതി ബിൽ അടയ്ക്കുന്നതിന് പോകുകയും വിവാഹവീട്ടിൽ സന്ദര്‍ശിക്കുകയും ചെയ്തിട്ടുണ്ട്. ഇദ്ദേഹം ആരോടൊക്കെയാണ് ബന്ധപ്പെട്ടതെന്ന് കണ്ടെത്തുക പ്രയാസമാണെന്നും കടകംപള്ളി കൂട്ടിച്ചേര്‍ത്തു. അതേ സമയം നഗരത്തിലെ കൂടുതൽ ചന്തകളിൽ നിയന്ത്രണമേര്‍പ്പെടുത്തുമെന്ന് തിരുവനന്തപുരം മേയർ അറിയിച്ചു. പാളയം, ചാല ചന്തകള്‍ക്കൊപ്പം പേരൂർക്കട കുമരിചന്ത എന്നിവിടങ്ങളിലും ജനങ്ങള്‍ക്ക് നിയന്ത്രണത്തോടെ മാത്രമാകും പ്രവേശനമെന്നും മേയർ കെ ശ്രീകുമാര്‍ വ്യക്തമാക്കി. 

Latest Videos

undefined

 

തലസ്ഥാന നഗരത്തിൽ രാത്രി യാത്രാനിയന്ത്രണം ശക്തമാക്കുന്നതിന്റെ ഭാഗമായി രാത്രി 9 മുതൽ പുലർച്ചെ 5 വരെ പരിശോധന പൊലീസ് കർശനമാക്കിയിട്ടുണ്ട്. തലസ്ഥാനത്ത് സമ്പർക്കത്തിലൂടെ രോഗികൾ ഏറുന്നത് കണക്കിലെടുത്താണ് പരിശോധന കർശനമാക്കിയത്. തലസ്ഥാനത്ത് കൊവിഡ് ബാധിച്ചു മരിച്ച നാലുപേർക്ക് ഉൾപ്പെടെ രോഗം ബാധിച്ചത് എങ്ങിനെയെന്നത് സ്ഥിരീകരിക്കാൻ ആയിരുന്നില്ല. തിരുവനന്തപുരം നഗരത്തിൽ ഓട്ടോ ഡ്രൈവർക്ക് കൊവിഡ് ബാധിച്ചതിനെ തുടർന്ന് നഗരത്തിൽ കർശന നിയന്ത്രണമായത്. ഓട്ടോ ഡ്രൈവറിൽ നിന്നു നേരിട്ടു തന്നെ അഞ്ചിലധികം പേര്‍ക്ക് രോഗം പകർന്നിട്ടുണ്ട്. 

 

click me!