14ന് യുഡിഎഫിൽ ചേരുമെന്നാണ് കാപ്പൻ വിഭാഗത്തിന്റെ പ്രചരണം. രമേശ് ചെന്നിത്തലയുടെ ഐശ്വര്യ കേരള യാത്രയിൽ കാപ്പനെ സ്വീകരിക്കുമെന്നാണ് പ്രചരിക്കുന്നത്
ദില്ലി/നിലമ്പൂർ: മുന്നണി മാറ്റത്തെച്ചൊല്ലി എൻസിപിയിൽ തർക്കം മുറുകുന്നു. മന്ത്രി എ കെ ശശീന്ദ്രൻ ദേശീയ നേതൃത്വത്തെ പരാതി അറിയിച്ചു. കാപ്പൻ ഏകപക്ഷീയമായി മുന്നണിമാറ്റം പ്രഖ്യാപിച്ചുവെന്നും പാർട്ടിയിൽ കൂടിയാലോചന നടന്നിട്ടില്ലെന്നുമാണ് ശശീന്ദ്രൻ്റെ പരാതി. പാർട്ടിയിൽ ഭൂരിപക്ഷത്തിനും മുന്നണി മാറ്റത്തിൽ താൽപര്യമില്ലെന്നും ശശീന്ദ്രൻ പറയുന്നു.
ദേശീയ നേതൃത്വത്തിന് പരാതി നൽകിയ കാര്യം ശശീന്ദ്രൻ സ്ഥിരീകരിച്ചു. എൻസിപി ഇടത് മുന്നണി വിടേണ്ട സാഹചര്യമില്ലെന്ന് പറഞ്ഞ മന്ത്രി ഇത് സംബന്ധിച്ച ഔദ്യോഗിക ചർച്ചകൾ നടന്നിട്ടില്ലെന്ന് ആവർത്തിച്ചു. യുഡിഎഫിലേക്ക് പോകുമെന്ന പ്രചരണത്തിൽ ആണ് ദേശീയ നേതൃത്വത്തെ അതൃപ്തി അറിയിച്ചതെന്നും ശശീന്ദ്രൻ വ്യക്തമാക്കി.
undefined
ചർച്ച പോലും നടക്കാത്ത കാര്യങ്ങളിൽ പരക്കുന്ന അഭ്യൂഹങ്ങളുടെ പിന്നാലെ പോകേണ്ടതില്ലെന്നും അഭ്യൂഹങ്ങൾ പരക്കുന്ന കാര്യം കേന്ദ്ര നേതൃത്വത്തെ അറിയിച്ചിട്ടുണ്ടെന്നും എ കെ ശശീന്ദ്രൻ പറയുന്നു. പ്രഫുൽ പട്ടേൽ മുഖ്യമന്ത്രിയുമായി നടത്തിയത് സീറ്റ് ചർച്ചയാണെന്നും സീറ്റുകളിൽ വിട്ട് വീഴ്ച വേണ്ടിവരുമെന്ന മുഖ്യമന്ത്രിയുടെ പരാമർശത്തിൽ അത്ഭുതപ്പെടേണ്ടതില്ലെന്നുമാണ് ശശീന്ദ്രൻ്റെ അഭിപ്രായം.
14ന് യുഡിഎഫിൽ ചേരുമെന്നാണ് കാപ്പൻ വിഭാഗത്തിന്റെ പ്രചരണം. രമേശ് ചെന്നിത്തലയുടെ ഐശ്വര്യ കേരള യാത്രയിൽ കാപ്പനെ സ്വീകരിക്കുമെന്നാണ് പ്രചരിക്കുന്നത്. കോട്ടയത്തെ യുഡിഎഫ് നേതാക്കൾ കാപ്പനെ സ്വീകരിക്കുമെന്നും സമൂഹമാധ്യമങ്ങൾ വഴി പ്രചരിക്കുന്നുണ്ട്.