പിഞ്ചുകുഞ്ഞുങ്ങൾക്ക് എന്തെങ്കിലും സംഭവിച്ചാൽ പഴിചാരി രക്ഷപെടാൻ കഴിയില്ല; കർശന നിലപാടുമായി മനുഷ്യാവകാശ കമ്മീഷൻ

By Web TeamFirst Published Sep 12, 2024, 5:58 PM IST
Highlights

വിവിധ വകുപ്പുകളുടെ ഏകോപനം ജില്ലാ കളക്ടർ നേരിട്ട് നിർവഹിക്കണമെന്നാണ് മനുഷ്യാവകാശ കമ്മീഷൻ ഉത്തരവിട്ടിരിക്കുന്നത്. സ്കൂളിന്റെ പരിസരത്ത് വന്യ മൃഗങ്ങൾ വിഹരിക്കുകയാണെന്ന് കമ്മീഷൻ.

തിരുവനന്തപുരം: തിരുവനന്തപുരം ജില്ലയിലെ പൊൻമുടി സർക്കാർ യു.പി സ്കൂളിലെ കുട്ടികളും അദ്ധ്യാപകരും ഗുരുതര സുരക്ഷാ ഭീഷണി നേരിടുന്നതായി സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ. സ്കൂളിലെ പിഞ്ചുകുഞ്ഞുങ്ങൾക്ക് എന്തെങ്കിലും അപകടം സംഭവിച്ചാൽ വകുപ്പുകളെ പഴിചാരി രക്ഷപെടാൻ കഴിയുകയില്ലെന്ന് കമ്മീഷൻ ജുഡീഷ്യൽ അംഗം കെ. ബൈജുനാഥ് ഉത്തരവിൽ പറഞ്ഞു. വകുപ്പുകളുടെ ഏകോപനം ജില്ലാ കളക്ടർ നേരിട്ട് നടത്തണമെന്നും കാലതാമസം കൂടാതെ ചുറ്റുമതിൽ നിർമ്മിച്ച് കുട്ടികളുടെയും അധ്യാപകരുടെയും സുരക്ഷ ഉറപ്പാക്കണമെന്നും കമ്മീഷൻ ആവശ്യപ്പെട്ടു. തിരുവനന്തപുരം ജില്ലാ കളക്ടർക്കാണ് കമ്മീഷൻ നിർദ്ദേശം നൽകിയത്.

വാർത്തകളുടെ അടിസ്ഥാനത്തിൽ സ്വമേധയാ രജിസ്റ്റർ ചെയ്ത കേസിലാണ് നടപടി. വനാതിർത്തിയിലുള്ള സ്കുളിൽ 42 പിഞ്ചുകുഞ്ഞുങ്ങളും എട്ട് അധ്യാപകരുമുണ്ട്. ജില്ലാ കളക്ടറിൽ നിന്നും കമ്മീഷൻ റിപ്പോർട്ട് വാങ്ങി. 2023 ഫെബ്രുവരി 24 ന് സ്കൂളിൽ ആന കയറിയെന്നും ജില്ലാ കളക്ടർ നേരിട്ട് പരിശോധന നടത്തിയെന്നും റിപ്പോർട്ടിൽ പറയുന്നു. തുടർന്ന് വിദ്യാഭ്യാസ വകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ, ഡി.എഫ്.ഒ, നെടുമങ്ങാട് തഹസിൽദാർ, സ്കൂൾ ഹെഡ്മാസ്റ്റർ എന്നിവരുടെ വകുപ്പുതല യോഗം വിളിച്ചുകൂട്ടി. റവന്യൂ റിക്കോർഡ് പ്രകാരം സ്കുളിന് 2.25 ഏക്കർ ഭൂമിയുണ്ടെങ്കിലും നിലവിൽ സ്കൂളിന്റെ കൈവശത്തിൽ 45 സെന്റ് മാത്രമേയുള്ളുവെന്നും ജില്ലാ കളക്ടർ അറിയിച്ചു.

Latest Videos

യു.പി സ്കൂളിന് 1 ഏക്കർ 10 സെന്റ് ഭൂമി ആവശ്യമുള്ള സാഹചര്യത്തിൽ 47 സെന്റിന് പുറമേയുളള 63 സെന്റിന് കേന്ദ്രസർക്കാരിന്റെ അംഗീകാരം ആവശ്യമില്ല. ഈ ഭൂമി പരിവേശ് പോർട്ടലിൽ ഉൾപ്പെടുത്തി സർക്കാരിന് തീരുമാനമെടുക്കാവുന്നതാണെന്ന് വനം വകുപ്പ് അറിയിച്ചു. കേന്ദ്ര സർക്കാരിന്റെ അംഗീകാരത്തിനായി പരിവേശ് പോർട്ടലിൽ ഉൾപ്പെടുത്താനുള്ള നടപടികൾ സ്വീകരിച്ചുവരുന്നതായി റിപ്പോർട്ടിൽ പറയുന്നു. പ്രദേശത്ത് വന്യമൃഗങ്ങൾ ജനവാസ മേഖലയിൽ സ്വൈര്യവിഹാരം നടത്തുന്നത് നിത്യ സംഭവമാണെന്ന് കമ്മീഷൻ ഉത്തരവിൽ പറഞ്ഞു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം

click me!