കൊല്ലം സബ് കളക്ടറായിരുന്ന അനുപം മിശ്രയ്ക്ക് ആലപ്പുഴ സബ് കളക്ടറായാണ് പുതിയ നിയമനം. എന്നാൽ ഇദ്ദേഹത്തിൻ്റെ സുരക്ഷയുണ്ടായിരുന്ന പൊലീസുകാരൻ ഇപ്പോഴും സസ്പെൻഷനിലാണ്.
ആലപ്പുഴ: കൊവിഡ് നിരീക്ഷണം ലംഘിച്ച് മുങ്ങിയ യുവ ഐഎഎസുകാരന് വീണ്ടും നിയമനം. കൊല്ലം സബ് കളക്ടറായിരുന്ന അനുപം മിശ്രയ്ക്ക് ആലപ്പുഴയിലാണ് പുതിയ നിയമനം. വാക്കാൽ താക്കീത് നൽകി സർവീസിൽ നിന്ന് മാറ്റി നിറുത്തപ്പെട്ടിരുന്ന അനുപം മിശ്രയ്ക്ക് ഈ മാസം 7 നാണ് ആലപ്പുഴ സബ് കളക്ടറായി വീണ്ടും നിയമന ഉത്തരവ് നൽകിയത്. ആലപ്പുഴയിലെത്തിയ അദ്ദേഹം ഔദ്യോഗിക വസതിയിൽ ക്വാറൻ്റീനിലാണ്. അടുത്ത ദിവസം തന്നെ ജോലിയിൽ പ്രവേശിക്കും. എന്നാൽ ഇദ്ദേഹത്തിൻ്റെ സുരക്ഷയുണ്ടായിരുന്ന പൊലീസുകാരൻ ഇപ്പോഴും സസ്പെൻഷനിലാണ്.
വിവാഹശേഷം മധുവിധു ആഘോഷിക്കാൻ സിംഗപ്പൂരിലും മലേഷ്യയിലും പോയി കൊല്ലത്ത് തിരികെ വന്ന സബ് കളക്ടര്‍ അനുപം മിശ്രയോട് നിരീക്ഷണത്തില്‍ പോകാൻ കളക്ടര്‍ ആവശ്യപ്പെടുകയായിരുന്നു. തേവള്ളിയിലെ ഔദ്യോഗിക വസതിയില്‍ മാർച്ച് 19-ാം തിയതി മുതല്‍ നിരീക്ഷണത്തില്‍ ഇരിക്കേണ്ട അനുപം മിശ്ര നിര്‍ദ്ദേശം ലംഘിച്ച് മുങ്ങുകയായിരുന്നു. വീട്ടില്‍ രാത്രിയില്‍ വെളിച്ചം കാണാത്തതിനെ തുടര്‍ന്ന് സമീപ വാസികള്‍ അറിയിച്ചതനുസരിച്ച്, ആരോഗ്യ-പൊലീസ് വകുപ്പ് ഉദ്യോഗസ്ഥരെത്തിയപ്പോഴാണ് അനുപം മിശ്ര മുങ്ങിയതറിയുന്നത്. തുടര്‍ന്ന് ഔദ്യോഗിക നമ്പറില്‍ ബന്ധപ്പെട്ടപ്പോൾ താൻ ബംഗളൂരുവില്‍ ആണെന്നായിരുന്നു മറുപടി.
സബ് കളക്ടറുടെ ഗുരുതര അച്ചടക്ക ലംഘനത്തെക്കുറിച്ച് ജില്ലാ കളക്ടര്‍ സര്‍ക്കാരിന് റിപ്പോര്‍ട്ട് നല്‍കിയതിന് പിന്നാലെയാണ് അനുപം മിശ്രയെ സസ്പെന്റ് ചെയ്തത്. അതേസമയം, വീട്ടിൽ നിരീക്ഷണത്തിൽ ഇരിക്കാൻ പറഞ്ഞപ്പോൾ സ്വന്തം വീട്ടിൽ പോകാൻ പറഞ്ഞതാണെന്നു കരുതിയാണ് താൻ കേരളം വിട്ടതെന്നായിരുന്നു അനുപം മിശ്ര നൽകിയ വിശദീകരണം. അതേസമയം, അനുപം മിശ്രയുടെ ഗൺമാനായ കൊല്ലം എ ആർ ക്യാമ്പിലെ പൊലീസുകാരൻ സജീവ് സസ്പെൻഷനിൽ തുടരുകയാണ്. നിരീക്ഷണത്തിൽ കഴിയാനുള്ള നിർദ്ദേശം പാലിച്ചില്ലെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് ഗൺമാനെതിരെയും നടപടി സ്വീകരിച്ചത്.