ബോംബ് ഭീഷണിയെത്തുമ്പോഴേക്കും വിമാനങ്ങൾ പറന്നു; നെടുമ്പാശേരിയിൽ ഇന്ന് വ്യാജ സന്ദേശം ലഭിച്ചത് 2 വിമാനങ്ങൾക്ക്

By Web Team  |  First Published Oct 20, 2024, 6:22 PM IST

കൊച്ചി നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ ഇന്ന് വ്യാജ ബോംബ് ഭീഷണിയെത്തിയത് രണ്ട് വിമാനങ്ങള്‍ക്ക്.  എയർ ഇന്ത്യയുടെ കൊച്ചി - ദമാം, ആകാശ് എയറിന്‍റെ കൊച്ചി - മുംബൈ വിമാനങ്ങൾക്കാണ് ഇന്ന് ഭീഷണി സന്ദേശമെത്തിയത്. സന്ദേശം ലഭിക്കുന്നതിന് മുമ്പെ വിമാനങ്ങള്‍ ടേക്ക് ഓഫ് ചെയ്തു.


കൊച്ചി: കൊച്ചി നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ ഇന്ന് വ്യാജ ബോംബ് ഭീഷണിയെത്തിയത് രണ്ട് വിമാനങ്ങള്‍ക്ക്. ഭീഷണി സന്ദേശം എത്തുമ്പോഴേക്കും രണ്ട് വിമാനങ്ങളും കൊച്ചിയിൽ നിന്ന് ടേക്ക് ഓഫ് ചെയ്തിരുന്നു. എന്നാൽ, പരിശോധനയിൽ ബോംബ് ഭീഷണി വ്യാജമാണെന്ന് വ്യക്തമാവുകയായിരുന്നു. എയർ ഇന്ത്യയുടെ കൊച്ചി - ദമാം, ആകാശ് എയറിന്‍റെ കൊച്ചി - മുംബൈ വിമാനങ്ങൾക്കാണ് ഇന്ന് ഭീഷണി സന്ദേശമെത്തിയത്.


ട്വിറ്ററിൽ ലഭിച്ച ഭീഷണി സന്ദേശം നെടുമ്പാശ്ശേരിയിലെ സുരക്ഷാവിഭാഗത്തിനെത്തുന്നതിന് മുമ്പ് തന്നെ രണ്ട് വിമാനങ്ങളും കൊച്ചിയിൽ നിന്ന് യാത്ര തിരിച്ചിരുന്നു. അതേസമയം, തുടർച്ചയായുള്ള ബോംബ് ഭീഷണിയുടെ ഉറവിടം ഇതുവരെ കണ്ടെത്താനായിട്ടില്ല. ഭീഷണി സന്ദേശം ലഭിച്ചാൽ സിവിൽ ഏവിയേഷൻ സുരക്ഷാ വിഭാഗത്തിന്‍റെ മാനദണ്ഡമനസരിച്ചുള്ള സുരക്ഷാ നടപടിക്രമങ്ങൾ പൂർത്തിയാക്കിയിരിക്കണമെന്ന് കർശന നിർദ്ദേശം നൽകിയിട്ടുണ്ട്. ഇന്നലെ കൊച്ചിയിൽ നിന്നും ബെംഗളൂരുവിലേക്കുള്ള അലയൻസ് എയർ വിമാനത്തിനും ബോംബ്  ഭീഷണി ഉണ്ടായിരുന്നു.

Latest Videos

 

ഇതിനിടെ, വിമാന സർവീസുകൾക്കെതിരായ വ്യാജ ബോംബ് ഭീഷണിയിൽ അന്വേഷണം ഊർജിതമാക്കി ദില്ലി പൊലീസ്. ഭീഷണി സന്ദേശം പോസ്റ്റ് ചെയ്തവരുടെ വിവരങ്ങൾ സമൂഹമാധ്യമ പ്ലാറ്റ്ഫോമുകളോട് പൊലീസ് ആവശ്യപ്പെട്ടു. കുറ്റക്കാരെ നോ ഫ്ലൈ ലിസ്റ്റിൽ ഉൾപ്പെടുത്തുന്നതടക്കം കർശന നടപടികൾക്ക് വ്യോമയാന മന്ത്രാലയം ഒരുങ്ങുകയാണ്. ഒരാഴ്ചക്കിടെ രാജ്യത്തിനകത്തെയും പുറത്തെയും 70 വിമാന സർവീസുകൾക്കാണ് വ്യാജ ബോംബ് ഭീഷണി സന്ദേശം ലഭിച്ചത്. ഇന്നലെ മാത്രം 30 ഭീഷണി സന്ദേശങ്ങളാണ് വന്നത്. ഭൂരിഭാ​​ഗം സന്ദേശവും വന്നത് സമൂഹമാധ്യമ പ്ലാറ്റ് ഫോമുകളിലൂടെയാണ്. തിരിച്ചറിയാതിരിക്കാൻ വിപിഎന്നും, ഡാർക്ക് ബ്രൗസറുകളും ഉപയോ​ഗിച്ചാണ് വ്യാജ സന്ദേശങ്ങൾ അയക്കുന്നതെന്നാണ് പ്രാഥമിക അന്വേഷണത്തിൽ കണ്ടെത്തിയത്. 

undefined

തുടർന്നാണ് എക്സിൽ വ്യാജ ഭീഷണി സന്ദേശങ്ങൾ പോസ്റ്റ് ചെയ്തവരെ സംബന്ധിച്ച വിവരങ്ങൾ കൈമാറാൻ ദില്ലി പോലീസ് ആവശ്യപ്പെട്ടത്. സന്ദേശങ്ങൾ പോസ്റ്റ് ചെയ്യുന്നവരുടെ ഹാന്‍ഡിലുകള്‍ റദ്ദാക്കാൻ നേരത്തെ ആവശ്യപ്പെട്ടിരുന്നു. ദില്ലി പൊലീസിന്‍റെ സൈബർ സെല്ലിനെയും, ഇന്റലിജൻസ് ഫ്യൂഷൻ ആന്ഡ് സ്ട്രാറ്റജിക് ഓപ്പറേഷൻ അഥവാ ഐഎഫ്എസ്ഒയെയും ഉൾപ്പെടുത്തി കേസന്വേഷിക്കുന്ന പ്രത്യേക  സംഘം വിപുലപ്പെടുത്തിയിട്ടുണ്ട്. 


അതേസമയം, വ്യാജ ഭീഷണി സന്ദേശങ്ങൾ തടയാൻ കർശന നടപടികൾക്കൊരുങ്ങുകയാണ് വ്യോമയാന മന്ത്രാലയം. ഇത്തരം സന്ദേശങ്ങൾ അയക്കുന്നവരുടെ വിമാന യാത്രകൾ തടയുന്നതിനായി നോ ഫ്ലൈ ലിസ്റ്റിൽ ഉൾപ്പെടുത്തുന്നതടക്കം പരിഗണനയിലാണ്. ആവർത്തിക്കുന്ന ഭീഷണി സന്ദേശങ്ങൾ വലിയ പ്രതിസന്ധിയായതിന് പിന്നാലെ വ്യോമയാന മന്ത്രാലയം വിമാന കമ്പനി സിഇഒമാരുടെ യോ​​ഗം കഴിഞ്ഞ ദിവസം വിളിച്ചിരുന്നു.

വരുന്നു 'ദന ചുഴലിക്കാറ്റ്'; ബുധനാഴ്ചയോടെ മധ്യ കിഴക്കൻ ബംഗാള്‍ ഉള്‍ക്കടലിൽ ദന ചുഴലിക്കാറ്റ് രൂപപ്പെടും

 

click me!