ഹിന്ദു ഐഐഎസ് ഉദ്യോഗസ്ഥരുടെ വാട്സ് ആപ് ഗ്രൂപ്പുണ്ടാക്കിയതിൽ വ്യവസായ വകുപ്പ് ഡയറക്ടര്‍ ഗോപാലകൃഷ്ണനെ തള്ളി മുൻ മന്ത്രി കെകെ ശൈലജ. നീതീകരിക്കാനാകാത്ത പ്രവൃത്തിയെന്ന് ശൈലജ.
ദില്ലി: സംസ്ഥാനത്ത് ഹിന്ദു ഐഐഎസ് ഉദ്യോഗസ്ഥരുടെ വാട്സ് ആപ് ഗ്രൂപ്പുണ്ടാക്കിയതുമായി ബന്ധപ്പെട്ട വിവാദത്തിൽ വ്യവസായ വകുപ്പ് ഡയറക്ടര്‍ ഗോപാലകൃഷ്ണനെ തള്ളി മുൻ മന്ത്രി കെകെ ശൈലജ. അത്തരത്തിലൊരു ഗ്രൂപ്പുണ്ടാക്കിയെങ്കില്‍ അത് നീതീകരിക്കാനാകാത്ത പ്രവൃത്തിയാണെന്ന് കെകെ ശൈലജ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. ഐഎഎസ് ഉദ്യോഗസ്ഥന്‍റെ നടപടി ജനാധിപത്യ വിരുദ്ധമാണ്. നമ്മുടെ രാജ്യത്തെ ജനാധിപത്യ വ്യവസ്ഥ നിലനില്‍ക്കുന്നുണ്ട്. അവിടെ ഉദ്യോഗസ്ഥര്‍ ജാതി മത ഭേദമന്യേ ജനങ്ങള്‍ക്കൊപ്പം നില്‍ക്കേണ്ടവരാണ്. അത്തരത്തിലുള്ളവര്‍ സ്വന്തം മതത്തിലുള്ളവര്‍ക്ക് മാത്രമായി ഗ്രൂപ്പുണ്ടാക്കിയെന്ന് പറയുന്നത് തന്നെ തികച്ചും തെറ്റായ കാര്യമാണ്.
ഒരു ഉദ്യോഗസ്ഥനും മതത്തിന്‍റെ വക്താക്കളാകാൻ പാടില്ലെന്നും ശൈലജ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. അതേസമയം, സംഭവത്തെക്കുറിച്ച് കേട്ടറിവ് മാത്രമേയുള്ളൂവെന്ന് മന്ത്രി കെ.എൻ ബാലഗോപാൽ പ്രതികരിച്ചു. വിവരം തേടിയ ശേഷം പ്രതികരിക്കാമെന്നും മന്ത്രി ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. വിഷയത്തിൽ പ്രതികരിക്കാൻ മുതിര്‍ന്ന സിപിഎം നേതാവ് ഇപി ജയരാജൻ തയ്യാറായില്ല.
undefined
ഐഎഎസ് ഉദ്യോഗസ്ഥരെ അമ്പരിപ്പിച്ചുകൊണ്ടാണ് കഴിഞ്ഞ ദിവസം പെട്ടൊന്നൊരു വാട്സ് ആപ് ഗ്രൂപ്പുണ്ടാക്കിയത്. വ്യവസായ വകുപ്പ് ഡയറക്ടർ കെ ഗോപാലകൃഷ്ണൻ ഐഎഎസ് അഡ്മിനായാണ് മല്ലു ഹിന്ദു ഓഫീസേഴ്സ് എന്ന പേരിൽ ഗ്രൂപ്പുണ്ടാക്കിയത്. എന്നാൽ, ഗ്രൂപ്പ് മണിക്കൂറുകൾക്കുള്ളിൽ ഡിലീറ്റ് ചെയ്തു. തൻറെ ഫോൺ ഹാക്ക് ചെയ്തതാണെന്നും സൈബർ പൊലീസിൽ പരാതി നൽകിയെന്നും ഗോപാലകൃഷ്ണൻ ഏഷ്യാനെറ്റ് ന്യൂസിനോട് വിശദീകരിച്ചു.
സർവീസിലെ മുതിർന്ന ഉദ്യോഗസ്ഥർ അടക്കമുള്ളവരെയാണ് ഗ്രൂപ്പിൽ ചേര്‍ത്തിരുന്നത്. ഗ്രൂപ്പിൽ ചേർക്കപ്പെട്ട ഉദ്യോഗസ്ഥരിൽ ചിലർ ഇത്തരമൊരു ഗ്രൂപ്പ് ഉണ്ടാക്കുന്നതിന്‍റെ ആശങ്ക ഗോപാലകൃഷ്ണൻ ഐഎഎസിനെ അറിയിച്ചെന്നാണ് വിവരം. ഇതോടെ അതിവേഗം ഗ്രൂപ്പ് ഡിലീറ്റായി. അതിന് ശേഷം ഗ്രൂപ്പിൽ അംഗങ്ങളാക്കപ്പെട്ടവർക്ക് ഗോപാലകൃഷ്ണൻറ സന്ദേശമെത്തി. തന്‍റെ ഫോൺ ആരോ ഹാക്ക് ചെയ്തു. ഫോൺ കോൺടാക്ടിലുള്ളവരെ ചേർത്ത് 11 ഗ്രൂപ്പുകൾ ഉണ്ടാക്കിയെന്നായിരുന്നു സന്ദേശം. ഗ്രൂപ്പുകളെല്ലാം ഡിലീറ്റ് ചെയ്തെന്നും ഉടൻ ഫോൺ മാറ്റുമെന്നും സഹപ്രവർത്തകർക്ക് അറിയിപ്പും നൽകി.
സംഭവത്തെ കുറിച്ച് ചോദിച്ചപ്പോൾ സമാനമറുപടിയാണ് ഏഷ്യാനെറ്റ് ന്യൂസിനോട് ഗോപാലകൃഷ്ണൻ ഐഎഎസ് വിശദീകരിച്ചത്. ഹാക്ക് ചെയ്തതതിൽ സിറ്റി പൊലീസ് കമ്മീഷണർക്ക് പരാതി നൽകിയതായും അറിയിച്ചു. അതേ സമയം, പല ചോദ്യങ്ങളാണ് ഗ്രൂപ്പിന്‍റെ പേരിൽ ഉയരുന്നത് . മല്ലു ഹിന്ദു ഗ്രൂപ്പിൽ അംഗങ്ങളാക്കപ്പെട്ടതെല്ലാം ഹിന്ദു മതവിഭാഗത്തിൽ പെട്ട ഉദ്യോഗസ്ഥർ മാത്രമായത് സംശയങൾ ഉണ്ടാക്കുകയാണ്. ഹാക്കിംഗ് എങ്കിൽ അതീവ ഗുരുതരമാണ് കാര്യവുമാണ്. ഉന്നത ഉദ്യോഗസ്ഥന്‍റെ ഫോൺ ഹാക്ക് ചെയ്ത് സാമുദായിക സ്പർധ ഉണ്ടാക്കും വിധത്തിൽ ഗ്രൂപ്പുകളുണ്ടാക്കിയത് ആരാണെന്ന് കണ്ടെത്തണം. സൈബർ പൊലീസ് അന്വേഷണത്തിൽ വസ്തുത പുറത്തുവരും.
മല്ലു ഹിന്ദു ഓഫീസേഴ്‌സ്, ഐഎഎസ് ഉദ്യോഗസ്ഥരുടെ പേരിൽ വാട്സാപ്പ് ഗ്രൂപ്പ്; വിവാദമായതോടെ ഡിലീറ്റ് ആക്കി