സ്ത്രീത്വത്തെ അപമാനിച്ച കേസ്; അഡ്വ. ആളൂരിന്റെ അറസ്റ്റ് തടഞ്ഞ് ഹൈക്കോടതി

By Web TeamFirst Published Feb 2, 2024, 6:36 PM IST
Highlights

തിങ്കളാഴ്ച കേസ് പരിഗണിക്കുന്നത് വരെ അറസ്റ്റ് ഉൾപ്പെടെയുള്ള നടപടി പാടില്ലെന്നാണ് സിംഗിൾ ബെഞ്ച് നിർദ്ദേശിച്ചത്. അഡ്വക്കേറ്റ് ബി എ ആളൂർ സമർപ്പിച്ച മുൻകൂർ ജാമ്യ ഹർജിയിലാണ് ഹൈക്കോടതിയുടെ നടപടി.

കൊച്ചി: സ്ത്രീത്വത്തെ അപമാനിച്ച കേസിൽ അഡ്വക്കേറ്റ് ബി.എ ആളൂരിന്റെ അറസ്റ്റ് ഫെബ്രുവരി 5 വരെ ഹൈക്കോടതി തടഞ്ഞു. തിങ്കളാഴ്ച കേസ് പരിഗണിക്കുന്നത് വരെ അറസ്റ്റ് ഉൾപ്പെടെയുള്ള നടപടി പാടില്ലെന്നാണ് സിംഗിൾ ബെഞ്ച് നിർദ്ദേശിച്ചത്. അഡ്വക്കേറ്റ് ബി എ ആളൂർ സമർപ്പിച്ച മുൻകൂർ ജാമ്യ ഹർജിയിലാണ് ഹൈക്കോടതിയുടെ നടപടി. നിയമസഹായം തേടിയെത്തിയ യുവതിയോട് അപമര്യാദയായി പെരുമാറിയെന്നാണ് കേസ്.

കേസിൽ ജാമ്യമില്ലാ വകുപ്പ് ചുമത്താത്തതിനാൽ മുൻകൂർ ജാമ്യ ഹർജിയുടെ ആവശ്യമില്ലെന്ന് പ്രോസിക്യൂഷൻ കോടതിയെ അറിയിച്ചു. വക്കീൽ ഫീസ് ചോദിച്ചതുമായി ബന്ധപ്പെട്ട തർക്കമാണ് പരാതിക്ക് പിന്നിലെന്ന് ആളൂർ കോടതിയെ അറിയിച്ചു. സ്വദേശിയായ യുവതിയുടെ പരാതിയിൽ ഇന്നലെയാണ് സെൻട്രൽ പോലീസ് കേസെടുത്തത്. ജനുവരി  31 ന് അഡ്വ. ആളൂരിന്‍റെ കൊച്ചിയിലെ ഓഫീസിൽ വെച്ച് ഉച്ചയ്ക്ക് ഒരു മണിയോടെ  തന്‍റെ അനുവാദമില്ലാതെ ശരീരത്തിൽ കടന്നുപടിച്ചെന്നാണ് യുവതി നൽകിയ പരാതിയിൽ പറയുന്നത്.

Latest Videos

കേസിന്‍റെ കാര്യം സംസാരിക്കാൻ ഓഫീസിന്‍റെ മുകളിലെ നിലയിലെ ക്യാബിനിലേക്ക് വിളിച്ചുവരുത്തിയ ശേഷമായിരുന്നു സംഭവം. തന്‍റെ കേസുമായി ബന്ധപ്പെട്ട് കൂടുതൽ ഫീസ് ആളൂർ  ചോദിച്ചിരുന്നു. അത്രയും പണം കൈയ്യിലില്ലെന്ന് പറഞ്ഞപ്പോൾ സഹകരിച്ചാൽ മതിയെന്നും ഫീസ് വേണ്ടെന്നും പറഞ്ഞതായും പരാതിയുണ്ട്. കഴിഞ്ഞ ഒന്നര വർഷമായി കേസുമായി ബന്ധപ്പെട്ട് ആളൂരിനെ അറിയാമെന്നും പല ഘട്ടങ്ങളിലായി ഫീസ് ഇനത്തിൽ ലക്ഷങ്ങൾ കൈപ്പറ്റിയിട്ടുണ്ടെന്നും യുവതി മൊഴി നൽകിയിട്ടുണ്ട്. 

 എന്നാൽ, പരാതിയ്ക്ക് പിറകിൽ ഗൂഢാലോചനയുണ്ടെന്നാണ് ആളൂർ പ്രതികരിക്കുന്നത്. യുവതി ഓഫീസിലെത്തി കേസുമായി ബന്ധപ്പെട്ട കാര്യങ്ങൾ സംസാരിച്ചിരുന്നു. അപ്പോൾ ജൂനിയർ അഭിഭാഷകർ അടക്കം ഓഫീസിലുണ്ടായിരുന്നു. യുവതിയുടെ കേസിൽ തന്‍റെ ജൂനിയർ അഭിഭാഷകരെ നേരിട്ട് ഇടപെടിക്കുന്നതിൽ പരാതിക്കാരിയായ യുവതിയുമായി തനിക്ക് ചില തർക്കം ഉണ്ടായിരുന്നു. ഇതിന്‍റെ വിരോധമാകാം  പരാതിയ്ക്ക് പിറകിലെന്നും ആളൂർ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. 

click me!