അഡ്വ. ആളൂരില്‍ നിന്ന് ഭീഷണിയുണ്ടെന്ന് പരാതിക്കാരി; മുന്‍കൂര്‍ ജാമ്യ ഹര്‍ജി നിലനില്‍ക്കില്ലെന്ന് ഹൈക്കോടതി

By Web TeamFirst Published Feb 8, 2024, 1:40 PM IST
Highlights

ആളൂരിന്‍റെ മുന്‍കൂര്‍ ജാമ്യ ഹര്‍ജിയിലെ തുടര്‍ നടപടികളും ഹൈക്കോടതി അവസാനിപ്പിച്ചു

കൊച്ചി: ലൈംഗികാതിക്രമ കേസില്‍ അഡ്വ.ബി.എ ആളൂരിന്‍റെ മുൻകൂർ ജാമ്യ ഹർജി നിലനില്‍ക്കില്ലെന്ന് ഹൈക്കോടതി.  ജാമ്യമില്ലാ വകുപ്പ് ചുമത്താത്തതിനാൽ മുൻകൂർ ജാമ്യാപേക്ഷ നിലനിൽക്കില്ലെന്നാണ് ഹൈക്കോടതി വ്യക്തമാക്കിയത്. അതേസമയം, പരാതി നല്‍കിയതിന് അഡ്വ. ബിഎ ആളൂരില്‍നിന്ന് ഭീഷണിയുണ്ടെന്ന് പരാതിക്കാരി ഹൈക്കോടതിയെ അറിയിച്ചു. തുടര്‍ന്ന് ബന്ധപ്പെട്ട പൊലീസിനെ സമീപിക്കണമെന്ന് കോടതി മറുപടി നല്‍കി. എന്നാല്‍, പൊലീസും വേണ്ട നടപടികള്‍ സ്വീകരിക്കുന്നില്ലെന്ന് പരാതിക്കാരി ആരോപിച്ചു. ഇക്കാര്യത്തില്‍ ബന്ധപ്പെട്ട മജിസ്ട്രേറ്റ് കോടതിയെ സമീപിക്കാനും ഹൈക്കോടതി പരാതിക്കാരിയോട് നിര്‍ദേശിച്ചു. ആളൂരിന്‍റെ മുന്‍കൂര്‍ ജാമ്യ ഹര്‍ജിയിലെ തുടര്‍ നടപടികളും ഹൈക്കോടതി അവസാനിപ്പിച്ചു.

ആളൂർ ഓഫീസിൽവെച്ച് ലൈംഗികമായി ഉപദ്രവിക്കാൻ ശ്രമിച്ച കേസിൽ പൊലീസിൽ പരാതി നൽകിയ യുവതി, അഭിഭാഷകനെതിരെ കൂടുതൽ ആരോപണവുമായി നേരത്തെ രംഗത്തെത്തിയിരുന്നു. വസ്തു കേസ് വേഗത്തിലാക്കാൻ ജഡ്ജിക്കും കമ്മീഷ്ണര്‍ക്കും നല്‍കാന്‍ 3 ലക്ഷം രൂപ ആഡ്വക്കറ്റ് ആളൂർ വാങ്ങിയെന്നാണ് യുവതിയുടെ ആരോപണം. സംഭവത്തില്‍ ബാര്‍ കൗണ്‍സിലിനാണ് യുവതി പരാതി നല്‍കിയത്. കഴിഞ്ഞ ഏതാനും മാസങ്ങളായി തന്‍റെ വസ്തു കേസ് ജില്ലാ കോടതിയിലുണ്ട്. ബംഗളൂരുവിൽ സ്ഥിരതാമസമായ തനിക്ക് കേസിന്‍റെ ആവശ്യത്തിന് നിരന്തരം നാട്ടിലെത്താൻ കഴിയുമായിരുന്നില്ല.
എന്നാൽ, കേസ് വേഗത്തിൽ തീർക്കാൻ ജഡ്ജിയ്ക്കും പൊലീസിനും പണം നൽകിയാൽ മതിയെന്ന് ധരിപ്പിച്ച് രണ്ട് തവണയായി 3 ലക്ഷം വാങ്ങുകയായിരുന്നുവെന്നും യുവതി പറഞ്ഞു. കമ്മീഷണർക്ക് നൽകാനെന്ന പേരിൽ മാർച്ച് 18 നും ജഡ്ജിയുടെ പേരിൽ ജൂൺ 5 നാണ് പണം കൈമാറിയതെന്നുമാണ് ബാർ കൗൺസിലിന് നൽകിയ പരാതിയിൽ യുവതി വ്യക്തമാക്കിയത്. യുവതിയുടെ പരാതി അടുത്ത ജനറൽ കൗൺസിൽ യോഗം പരിശോധിക്കുമെന്ന് ബാർ കൗൺസിൽ ചെയർമാൻ വ്യക്തമാക്കിയിരുന്നു. യുവതി നൽകിയ ലൈംഗിക അതിക്രമ കേസിൽ ഹൈക്കോടതി ആഡ്വക്കറ്റ് ആളൂരിന്‍റെ അറസ്റ്റ് താൽക്കാലികമായി തടഞ്ഞ് പൊലീസിനോട് റിപ്പോർട്ട് ആവശ്യപ്പെട്ടിട്ടിരുന്നു. പരാതി കെട്ടിച്ചമച്ചതാണെന്ന് ചൂണ്ടികാട്ടി ആളൂർ നൽകിയ ഹര്‍ജിയിലായിരുന്നു നടപടി.

Latest Videos

'പ്രതികൾക്കെതിരെ വധശിക്ഷവരെ ലഭിക്കാവുന്ന കുറ്റങ്ങൾ', കുട്ടിയെ തട്ടിക്കൊണ്ടുപോയ കേസിൽ കുറ്റപത്രം സമർപ്പിച്ചു

 

click me!