ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് വീണ്ടും അവസരം നല്‍കണം, കൂടുതല്‍ വാക്‌സിന്‍ അനുവദിക്കണം; ആരോഗ്യമന്ത്രി

By Web Team  |  First Published Feb 20, 2021, 8:52 PM IST

അവസരം നഷ്ടപ്പെട്ട ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് രജിസ്റ്റര്‍ ചെയ്യാന്‍ വീണ്ടും അവസരം നല്‍കണമെന്നും മൂന്നാമത്തെ മുന്‍ഗണനാ ഗ്രൂപ്പിന്റെ വാക്‌സിനേഷനായി കൂടുതല്‍ കോവിഡ് വാക്‌സിന്‍ അനുവദിക്കണമെന്ന് മന്ത്രി കേന്ദ്രത്തോട് ആവശ്യപ്പെട്ടു.


തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് 19 വാക്‌സിനേഷന്‍ കൂടുതല്‍ പേരില്‍ എത്തിക്കുന്നതിന് ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ കേന്ദ്ര ആരോഗ്യ വകുപ്പ് മന്ത്രി ഡോ. ഹര്‍ഷവര്‍ധന് കത്തെഴുതി. പ്രധാനമായും രണ്ട് കാര്യങ്ങളാണ് കത്തിലൂടെ ആവശ്യപ്പെട്ടത്.  അവസരം നഷ്ടപ്പെട്ട ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് രജിസ്റ്റര്‍ ചെയ്യാന്‍ വീണ്ടും അവസരം നല്‍കണമെന്നും മൂന്നാമത്തെ മുന്‍ഗണനാ ഗ്രൂപ്പിന്റെ വാക്‌സിനേഷനായി കൂടുതല്‍ കോവിഡ് വാക്‌സിന്‍ അനുവദിക്കണമെന്ന് മന്ത്രി കേന്ദ്രത്തോട് ആവശ്യപ്പെട്ടു.

നിശ്ചിത സമയത്തിനുള്ളില്‍ സംസ്ഥാനത്തെ ഭൂരിഭാഗം ആരോഗ്യ പ്രവര്‍ത്തകരും രജിസ്റ്റര്‍ ചെയ്‌തെങ്കിലും കുറച്ച് ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് രജിസ്റ്റര്‍ ചെയ്യാനുള്ള ടൈം ലൈന്‍ നഷ്ടമായിരുന്നു. അവര്‍ക്ക് വീണ്ടും രജിസ്‌ട്രേഷന്‍ ചെയ്യാനുള്ള അവസരം നല്‍കണം. രാജ്യത്ത് ഏറ്റവും കൂടുതല്‍ പ്രായമായ ജനസംഖ്യയുള്ളത് കേരളത്തിലാണ്. മൂന്നാമത്തെ മുന്‍ഗണനാ ഗ്രൂപ്പായ 50 വയസിന് മുകളില്‍ പ്രായമുള്ളവരുടെ രജിസ്‌ട്രേഷനും വാക്‌സിനേഷനും സംബന്ധിച്ച് ആരോഗ്യ മന്ത്രാലയം എത്രയും വേഗം മാര്‍ഗനിര്‍ദേശം നല്‍കുകയും ഇവര്‍ക്ക് ആവശ്യമായ വാക്‌സിന്‍ അധികമായി നല്‍കണമെന്നും മന്ത്രി അഭ്യര്‍ത്ഥിച്ചു.

Latest Videos

സംസ്ഥാനത്ത് ഇതുവരെ 3,36,327 ആരോഗ്യ പ്രവര്‍ത്തകരും (പുതുക്കിയ ടാര്‍ജറ്റിന്റെ 94%), 57,678 മുന്നണി പോരാളികളും (38%) ആദ്യത്തെ ഡോസ് കോവിഡ് വാക്‌സിന്‍ സ്വീകരിച്ചിട്ടുണ്ട്. ഇതുകൂടാതെ 23,707 ആരോഗ്യ പ്രവര്‍ത്തകര്‍ രണ്ടാം ഡോസ് വാക്‌സിന്‍ എടുത്തിട്ടുണ്ട്. കേരളം കോവിഡ് പ്രതിരോധത്തില്‍ മികച്ച പ്രവര്‍ത്തനങ്ങളാണ് നടത്തിയത്. കേരളത്തില്‍ വളരെ കുറച്ച് പേര്‍ക്ക് മാത്രമാണ് കോവിഡ് വന്നുപോയതായി ഐസിഎംആര്‍ സിറോ സര്‍വയലന്‍സ് പഠനത്തില്‍ കണ്ടെത്തിയത്. നന്നായി ഏകോപിപ്പിച്ച പ്രതിരോധ പ്രവര്‍ത്തനങ്ങളും ഇടപെടലുകളും മൂലമാണ് രാജ്യത്തെ മികച്ച പ്രതിരോധം തീര്‍ക്കാന്‍ കേരളത്തിനായതെന്നും കത്തില്‍ മന്ത്രി വ്യക്തമാക്കി.

click me!