കൊച്ചി വാട്ടര്‍ മെട്രോ മാതൃകയില്‍ താപി നദിയില്‍ വാട്ടര്‍ മെട്രോ സൗകര്യമൊരുക്കുകയാണ് സൂറത്ത് കോര്‍പ്പറേഷന്‍റെ ലക്ഷ്യം.
സൂറത്ത്: കൊച്ചി വാട്ടർ മെട്രോ മാതൃകയിൽ താപി നദിയിൽ വാട്ടർ മെട്രോ പദ്ധതി നടപ്പാക്കാൻ സൂറത്ത് മുനിസിപ്പൽ കോർപ്പറേഷൻ (എസ്എംസി). 33 കിലോമീറ്റർ ദൈർഘ്യമുള്ള വാട്ടർ മെട്രോ സംവിധാനമാണ് ആലോചിക്കുന്നത്. ഇതിനായി സൂറത്തിൽ നിന്നുള്ള സാങ്കേതിക വിദഗ്ധരുടെ സംഘം അടുത്ത ദിവസം കൊച്ചിയിലെത്തും. രാജ്യത്തെ രണ്ടാമത്തെ വാട്ടർ മെട്രോ സിറ്റിയാകാനുള്ള ഒരുക്കത്തിലാണ് സൂറത്ത്.
70 ലക്ഷത്തോളം വരുന്ന സൂറത്തിലെ ജനസംഖ്യാ കണക്കിലെടുത്ത് കണക്റ്റിവിറ്റി വർധിപ്പിക്കാനും ഗതാഗതക്കുരുക്ക് കുറയ്ക്കാനും പരിസ്ഥിതി സൗഹൃദ ഗതാഗതം പ്രോത്സാഹിപ്പിക്കാനുമാണ് പദ്ധതി ലക്ഷ്യമിടുന്നത്.
ബാരേജ് പദ്ധതിയോടെ, താപി നദിയിലെ വെള്ളം വലക് മുതൽ റുന്ദ് വരെ 33 കിലോമീറ്റർ ദൂരത്തിൽ നിലനിൽക്കും. ഇതിനുപുറമെ, താപി നദീതീര പദ്ധതിയും പുരോഗമിക്കുകയാണ്. നദിയുടെ ഇരു കരകളിലും കായൽ ഭിത്തി നിർമിക്കാനും പദ്ധതിയുണ്ട്. വാട്ടർ മെട്രോ സേവന പദ്ധതിയുടെ സാധ്യത കണക്കിലെടുത്ത്, കൊച്ചി മുനിസിപ്പൽ കോർപ്പറേഷനുമായി എസ്എംസി ബന്ധപ്പെട്ടിരുന്നു.
Read More.. 'ഏതാണ്ട് 10000-12000 കോടി രൂപ തിരിച്ചടയ്‌ക്കേണ്ടിവരും, ഗുണവും കേന്ദ്രത്തിന്'; കേരളത്തോടുള്ള ചതിയെന്ന് വാസവൻ
കൊച്ചി വാട്ടർ മെട്രോയുടെ ടീമുകൾ സൂററ്റിലെത്തി മാർഗ നിർദേശം നൽകുമെന്ന് സൂറത്ത് മുനിസിപ്പൽ കമ്മീഷണർ ശാലിനി അഗർവാൾ പറഞ്ഞു. ഫ്രഞ്ച് വികസന ഏജൻസിയും സഹായം വാഗ്ദാനം നൽകിയിട്ടുണ്ട്. വാട്ടർ മെട്രോ ഫെറി സർവീസുകൾക്ക് സിറ്റി ബസുകളിലേക്കും മെട്രോ റെയിൽവേകളിലേക്കും കണക്റ്റിവിറ്റി ഉണ്ടായിരിക്കുന്ന വിധത്തിലാണ് ആസൂത്രണം ചെയ്തിരിക്കുന്നത്.