സർവ്വകലാശാല - ലോകായുക്ത ബില്ലുകളിൽ ഒപ്പിടില്ലെന്ന സൂചന ഗവർണ്ണർ നൽകുമ്പോഴാണ് വഖഫിലെ അനുമതി.
തിരുവനന്തപുരം: വഖഫ് നിയമഭേദഗതി ബില്ലിൽ ഗവർണ്ണർ ഒപ്പിട്ടു. വഖഫ് നിയമനങ്ങൾ പി എസ് സിക്ക് വിട്ടുള്ള തീരുമാനം റദ്ദാക്കിയുള്ള ബില്ലിനാണ് അംഗീകാരം. ലീഗ്, സമസ്ത അടക്കമുള്ള സംഘടനകളുടെ എതിർപ്പിനെ തുടർന്നായിരുന്നു സർക്കാരിന്റെ പിന്മാറ്റം. കഴിഞ്ഞ നിയമസഭാ സമ്മേളനം പാസ്സാക്കിയ ബില്ലിലാണ് ഗവർണ്ണർ ഒപ്പിട്ടത്. സർവ്വകലാശാല - ലോകായുക്ത ബില്ലുകളിൽ ഒപ്പിടില്ലെന്ന സൂചന ഗവർണ്ണർ നൽകുമ്പോഴാണ് വഖഫിലെ അനുമതി.
വഖഫ് ബോർഡ് നിയമനം പി എസ് സിക്ക് വിട്ടു കൊണ്ടുള്ള തീരുമാനം റദ്ദാക്കിക്കൊണ്ടുള്ള ബില് നിയമസഭ ഏകകണ്ഠമായാണ് പാസാക്കിയിരുന്നത്. ബില്ലിനെതിരെ മുസ്ലിം മത - സമുദായ സംഘടനകളും പ്രതിപക്ഷവും ശക്തമായ എതിർപ്പ് പ്രകടിപ്പിച്ചിരുന്നു. നിയമനങ്ങൾ പി എസ് സിക്ക് വിട്ടാൽ വഖഫ് ബോർഡിന്റെ ഉദ്ദേശലക്ഷ്യങ്ങൾ നഷ്ടപ്പെടുമെന്നായിരുന്നു വാദം. ദേവസ്വം ബോർഡിന് സമാനമായ നിയമന രീതി വേണമെന്ന അഭിപ്രായവും ഉയർന്നിരുന്നു.
undefined
അതേസമയം വഖഫ് ബോർഡ് നിയമനങ്ങൾ പിഎസ്സിക്ക് വിട്ട നിയമ ഭേദഗതി സർക്കാർ റദ്ദാക്കിയത് തങ്ങളുടെ രാഷ്ട്രീയ വിജയമായി കൊണ്ടാടുന്ന മുസ്ലിം ലീഗിനോട് സഹതപിക്കുകയേ നിർവാഹമുള്ളുവെന്നായിരുന്നു ഐഎൻഎൽ സംസ്ഥാന ജന.സെക്രട്ടറി കാസിം ഇരിക്കൂർ അഭിപ്രായപ്പെട്ടത്. സമുദായത്തിന്റെ മൊത്തം കുത്തക തങ്ങൾക്കാണെന്നും മുസ്ലിംകളുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളിലും തങ്ങളുടേതാണ് അന്തിമ വാക്കെന്നും പ്രചരിപ്പിക്കപ്പെട്ട ഒരു കാലഘട്ടമുണ്ടായിരുന്നു. അന്ന് മുസ്ലിം മത–സാംസ്കാരിക സംഘടനകൾ പ്രശ്നങ്ങൾ വരുമ്പോൾ ലീഗിലേക്കായിരുന്നു ഉറ്റുനോക്കിയിരുന്നത്. സ്ഥിതിയാകെ മാറിയത് ലീഗ് നേതൃത്വത്തിന് ഇതുവരെ ഉൾക്കൊള്ളാനായിട്ടില്ല.
സംസ്ഥാന സർക്കാരിലും ഇടതുമുന്നണിയിലും വിശ്വാസമർപ്പിച്ച ന്യൂനപക്ഷ സംഘടനകളെല്ലാം സ്വതന്ത്രവും നീതിയുക്തവുമായ തീരുമാനങ്ങളെടുത്ത് മുന്നോട്ടുപോവാൻ പ്രാപ്തമാണെന്ന് തെളിയിക്കുന്നയായിരുന്നു വഖഫ് ബോർഡ് നിയമന വിഷയത്തിൽ അവർ സ്വീകരിച്ച നിലപാട്. മുസ്ലിം സമൂഹത്തിലെ പ്രബലമായ ഇരുസമസ്തയും മുജാഹിദ് വിഭാഗവുമെല്ലാം ലീഗിന്റെ നിയന്ത്രണത്തിൽനിന്ന് കുതറി മാറി സർക്കാരുമായും മറ്റു രാഷ്ട്രീയ പാർട്ടികളുമായും നേരിട്ട് ഇടപഴകുന്ന പോസിറ്റീവായ കാഴ്ച പുതിയ രാഷ്ട്രീയ ഗതിമാറ്റത്തിെൻറ സൂചനയാണ്. അത് മനസ്സിലാക്കാനാവാതെ, ഇപ്പോഴും തങ്ങൾ ആനപ്പുറത്താണെന്ന മിഥ്യാധാരണയിൽ വീരസ്യം പറയുന്നത് ആ പാർട്ടിയെ സമൂഹമധ്യേ പരിഹാസ്യമാക്കുന്നുണ്ടെന്നും കാസിം ഇരിക്കൂർ പ്രസ്താവനയിൽ പറഞ്ഞു.
Read Also : 2000 ചോദിച്ചു, 500 കൊടുത്തു; ഭാരത് ജോഡോ യാത്രയ്ക്ക് സംഭാവന പോരെന്ന് പറഞ്ഞ് കടയിൽ കയറി ആക്രമണമെന്ന് പരാതി