ആമയിഴഞ്ചാൻ ദുരന്തം: ജോയിയുടെ കുടുംബത്തിന് 10 ലക്ഷം രൂപ സഹായം കൈമാറി; വീട് വെച്ചു നല്‍കാനും തീരുമാനം

By Web Team  |  First Published Jul 19, 2024, 6:12 PM IST

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിൽ നിന്ന്  ജോയിയുടെ അമ്മയ്ക്ക് 10 ലക്ഷം രൂപ അനുവദിക്കാനാണ് മന്ത്രിസഭായോഗം തീരുമാനിച്ചത്. 


തിരുവനന്തപുരം: തിരുവനന്തപുരം റെയിൽവേ സ്റ്റേഷന് സമീപമുള്ള ആമയിഴഞ്ചാൻ തോട്ടിലെ ശുചീകരണ പ്രവർത്തനത്തിനിടെ ജീവൻ നഷ്ടപ്പെട്ട തൊഴിലാളി ജോയിയുടെ കുടുംബത്തിന് പ്രഖ്യാപിച്ച 10 ലക്ഷം രൂപ കൈമാറി സർക്കാർ. വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവൻകുട്ടിയാണ് തുക ജോയിയുടെ കുടുംബത്തിന് നൽകിയത്. ജോയിയുടെ കുടുംബത്തിന് വീട് വച്ച് നൽകാൻ  കോർപ്പറേഷൻ കൗൺസിൽ  തീരുമാനിച്ചു. ഒരു കോടി രൂപ ജോയിയുടെ അമ്മയ്ക്ക് നൽകണമെന്ന് റെയിൽവേയോട് ആവശ്യപ്പെടാനും തീരുമാനമായി. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിൽ നിന്ന്  ജോയിയുടെ അമ്മയ്ക്ക് 10 ലക്ഷം രൂപ അനുവദിക്കാനാണ് മന്ത്രിസഭായോഗം തീരുമാനിച്ചത്. 

തലസ്ഥാനത്തിന്‍റെ നഗരഹൃദയത്തിലൂടെ ഒഴുകുന്ന മാലിന്യ വാഹിനിയായ തോടാണ് ആമയിഴഞ്ചാന്‍. ജൂലൈ 13 ന് രാവിലെ 10 മണിയോടെയാണ് മാരായിമുട്ടം സ്വദേശിയായ ജോയിയും മറ്റ് 3 തൊഴിലാളികളും തമ്പാനൂര്‍ റെയില്‍വേ സ്റ്റേഷനോട് ചേര്‍ന്നുള്ള ഭാഗത്തെ തോട് വൃത്തിയാക്കാനിറങ്ങിയത്. തോട്ടിലിറങ്ങി മാലിന്യം മാറ്റുകയായിരുന്ന ജോയിയെ കനത്ത മഴയില്‍ പെട്ടെന്നുണ്ടായ ഒഴുക്കില്‍ കാണാതാവുകയായിരുന്നു. 48 മണിക്കൂർ നീണ്ട തിരച്ചിലിനൊടുവില്‍ തകരപ്പറമ്പ് വഞ്ചിയൂർ റോ‍ഡിലെ കനാലിൽ നിന്നുമാണ് ജോയിയുടെ മൃതദേഹം കണ്ടെത്തിയത്.

Latest Videos

undefined

റെയിൽവേ ടണൽ കടന്ന് ഒരു കിലോമീറ്ററോളം ഒഴുകിയെത്തി മാലിന്യ കൂമ്പാരത്തിൽ തട്ടി തടഞ്ഞ് നിൽക്കുന്ന നിലയിലായിരുന്നു മൃതദേഹം. ജീർണിച്ച അവസ്ഥയിലായിരുന്നു മൃതദേഹം കണ്ടെത്തിയത്. ഫയർഫോഴ്സ്, എൻഡിആർഎഫ് സംഘങ്ങൾ രണ്ട് ദിവസം മാലിന്യങ്ങള്‍ക്കടിയില്‍ മുങ്ങി തപ്പിയെങ്കിലും ജോയിയെ കണ്ടെത്താനായിരുന്നില്ല. ഒടുവിൽ ജോയിയെ കാണാതായ സ്ഥലത്ത് നിന്ന് ഒന്നര കിലോ മീറ്ററിനപ്പുറത്ത് നിന്നാണ് മൃതദേഹം കണ്ടെത്തിയത്.  
 

click me!