കുട്ടിയെ കർണാടകത്തിൽ എത്തിച്ച ആളെ കുറിച്ചുള്ള വിശദാംശങ്ങൾ തൽക്കാലം വെളിപ്പെടുത്താനാകില്ലെന്ന് പൊലീസ്
കോഴിക്കോട്: കോഴിക്കോട് നിന്ന് മൂന്ന് ദിവസം മുമ്പ് കാണാതായ പതിനഞ്ചുകാരിയെ കർണാടകത്തിൽ നിന്ന് കണ്ടെത്തി. ബുധനാഴ്ച സ്കൂളിലേക്ക് ടിസി വാങ്ങാനിറങ്ങിയ കുട്ടിയെയാണ് എലത്തൂർ പൊലീസ് കർണാടകത്തിലെ ഛന്നപട്ടണത്തിന് സമീപത്ത് നിന്ന് കണ്ടെത്തിയത്. കുട്ടിയെ കർണാടകത്തിലെത്തിച്ച ഒരാളെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഇയാളെക്കുറിച്ച് തൽക്കാലം കൂടുതൽ വെളിപ്പെടുത്താനാവില്ലെന്ന് എലത്തൂർ പൊലീസ് അറിയിച്ചു.
പുറക്കാട്ടിരി പുതുക്കാട്ടിൽകടവ് സ്വദേശിയായ പതിനഞ്ചുകാരി ബുധനാഴ്ചയാണ് വീട്ടിൽ നിന്ന് ടിസി വാങ്ങാൻ നടക്കാവ് സ്കൂളിലേക്കിറങ്ങിയത്. ബസ് വൈകിയെന്നും ഉടനെത്തുമെന്നും പറഞ്ഞ് രാത്രി പെൺകുട്ടി വീട്ടിലേക്ക് വിളിച്ചു. എന്നാൽ രാത്രി പത്തുമണി കഴിഞ്ഞിട്ടും കുട്ടി എത്താഞ്ഞതിനെ തുടർന്ന് വീട്ടുകാർ പൊലീസിൽ പരാതി നൽകി. ഇതിനിടെ, പെൺകുട്ടി വിളിച്ച ഫോൺ നമ്പർ പുറക്കാട്ടേരിക്ക് സമീപമുളള അബ്ദുൾ നാസറിന്‍റെതെന്ന് മനസ്സിലായെന്നും പിന്നീടിയാളെ വിളിച്ചപ്പോൾ മറുപടിയൊന്നും കിട്ടിയില്ലെന്ന് വീട്ടുകാർ പറഞ്ഞു. പിന്നാലെ, മകളെ ആരോ തട്ടിക്കൊണ്ടുപോയെന്ന് കാണിച്ച് വീട്ടുകാർ പൊലീസിൽ പരാതി നൽകി.
പെൺകുട്ടി വിളിച്ച നമ്പർ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് കർണാടകത്തിലാണുളളതെന്ന് പൊലീസ് കണ്ടെത്തിയത്. കുട്ടിയെ കർണാടകത്തിൽ എത്തിച്ചെന്ന് സംശയിക്കുന്ന ആളെ കുറിച്ച് തൽക്കാലം കൂടുതൽ വെളിപ്പെടുത്താൻ പൊലീസ് തയ്യാറായിട്ടില്ല. ഇയാൾ ആരെന്നോ, മറ്റേതെങ്കിലും സംഘങ്ങളുമായി ബന്ധമുണ്ടെന്നോ തുടങ്ങിയ കാര്യങ്ങളിൽ വ്യക്തത വരാനുണ്ടെന്ന് എലത്തൂർ പൊലീസ് അറിയിച്ചു.