കേരളത്തിൽ ഇതാദ്യം,എറണാകുളം - ഷൊര്‍ണൂര്‍ പാതയിൽ 'കവച്' വരുന്നു; സുരക്ഷ 106 കിലോമീറ്ററിൽ, ചെലവ് 67.99 കോടി

By Web TeamFirst Published Sep 8, 2024, 1:48 PM IST
Highlights

രണ്ട് ട്രെയിനുകള്‍ ഒരേ പാതയില്‍ നേര്‍ക്കുനേര്‍ വന്ന് കൂട്ടിയിടിക്കുന്നത് ഒഴിവാക്കുന്നതിനുള്ള സാങ്കേതിക സംവിധാനമാണ് കവച്.

തൃശൂര്‍: കേരളത്തിലെ ഏറ്റവും തിരക്കേറിയ റെയില്‍ പാതയായ എറണാകുളം - ഷൊര്‍ണൂര്‍ മേഖലയില്‍ ഓട്ടോമാറ്റിക് സിഗ്‌നലിങ്ങിന് ഒപ്പം 'കവച്' എന്ന സുരക്ഷാ സംവിധാനവും ഒരുക്കാന്‍ റെയില്‍വേ. ഇതോടെ ഓട്ടോമാറ്റിക് സിഗ്‌നലിങ്ങിന് പുറമെ കവചും കേരളത്തില്‍ ആദ്യമായി നടപ്പിലാക്കുന്ന മേഖലയായി മാറുകയാണ് 106 കി.മീ ദൂരമുള്ള എറണാകുളം - ഷൊര്‍ണൂര്‍ പാത. 

67.99 കോടി രൂപ ചെലവില്‍ പദ്ധതി നടപ്പാക്കാന്‍ ദക്ഷിണ റെയില്‍വേയുടെ പോത്തന്നൂരിലുള്ള ഡെപ്യൂട്ടി ചീഫ് സിഗ്‌നല്‍ ആന്‍ഡ് ടെലി കമ്യൂണിക്കേഷന്‍ എന്‍ജനീയര്‍ ദര്‍ഘാസുകള്‍ ക്ഷണിച്ചു. ഒക്ടോബർ 24 ആണ് അവസാന തീയതി. 540 ദിവസമാണ് പദ്ധതി പൂര്‍ത്തീകരണത്തിനുള്ള കാലാവധി.

Latest Videos

രണ്ട് ട്രെയിനുകള്‍ ഒരേ പാതയില്‍ നേര്‍ക്കുനേര്‍ വന്ന് കൂട്ടിയിടിക്കുന്നത് ഒഴിവാക്കുന്നതിനുള്ള സാങ്കേതിക സംവിധാനമാണ് കവച്. ഇന്ത്യന്‍ റെയില്‍വേയുടെ കീഴില്‍ ലഖ്‌നോവില്‍ പ്രവര്‍ത്തിക്കുന്ന ആര്‍.ഡി.എസ്.ഒ. എന്ന ഗവേഷണ സ്ഥാപനം തദ്ദേശീയമായി വികസിപ്പിച്ച സുരക്ഷാ സംവിധാനമാണ് ഇത്. ലോകത്തില്‍ ഇത്തരത്തിലുള്ള സംവിധാനങ്ങളില്‍ മുന്‍നിരയിലുള്ള ഒന്നായാണ് കവച് ഗണിക്കപ്പെടുന്നത്.

രാജ്യത്തെ 68000 കി.മീ റെയില്‍ ശൃംഖലയില്‍ 1465 കി.മീ ദൂരത്തിലാണ് നിലവില്‍ ഈ സംവിധാനമുള്ളത്. 3000 കി.മീ റെയില്‍ പാതയില്‍ സ്ഥാപിക്കാനുള്ള നിര്‍മാണം നടന്നുവരുന്നു. അതിന് പുറമെ 7228 കി.മീ പാതയില്‍ കൂടി സ്ഥാപിക്കാനുള്ള അനുമതി ഈ വര്‍ഷം നല്‍കിയിട്ടുണ്ട്. അതിലാണ് എറണാകുളം - ഷൊര്‍ണൂര്‍ മേഖലയും ഉള്‍പ്പെട്ടിട്ടുള്ളത്.

വിമാന നിരക്ക് ഇരട്ടിയിലേറെ, ട്രെയിൻ ടിക്കറ്റ് കിട്ടാനില്ല; ഓണത്തിന് നാട്ടിലെത്താൻ വഴിയില്ലാതെ മുംബൈ മലയാളികൾ

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

tags
click me!