സംസ്ഥാനത്ത് ഓണക്കാലത്തെ മദ്യവിൽപ്പന കഴിഞ്ഞ വർഷത്തേതിലും ഉയർന്നു
തിരുവനന്തപുരം: സംസ്ഥാനത്ത് ഈ ഓണക്കാലത്തെ മദ്യവിൽപ്പനയിൽ വർധന. ഈ വർഷം 818. 21 കോടിയുടെ മദ്യമാണ് വിറ്റഴിച്ചത്. ഈ മാസം ആറ് മുതൽ 17 വരെയുള്ള കണക്കാണിത്. കഴിഞ്ഞ വർഷം ഓണക്കാലത്ത് 809. 25 കോടിയുടെ മദ്യമാണ് വിറ്റഴിച്ചത്.
സംസ്ഥാനത്ത് ഓണം മദ്യം വിൽപ്പനയിൽ ഏറ്റവും കൂടുതൽ മദ്യം വിറ്റ് മുന്നിലെത്തിയത് തിരൂർ ബെവ്കോ ഔട്ട് ലെറ്റാണ്. ഇവിടെ 5.59 കോടി രൂപയുടെ മദ്യം 10 ദിവസത്തിനിടെ വിറ്റഴിച്ചു. കരുനാഗപ്പള്ളി ബെവ്കോ ഔട്‌ലെറ്റ് 5.14 കോടിയുടെ മദ്യം വിറ്റഴിച്ച് രണ്ടാമതെത്തി. തിരുവനന്തപുരം പവർ ഹൗസ് റോഡ് ബെവ്കോ ഔട്‌ലെറ്റാണ് മൂന്നാം സ്ഥാനത്ത്. ഇവിടെ 5.01 കോടി രൂപയുടെ മദ്യമാണ് വിറ്റഴിച്ചത്.
ഉത്രാടം വരെയുള്ള 9 ദിവസം 701 കോടിയുടെ മദ്യമാണ് വിറ്റഴിച്ചത്. കഴിഞ്ഞ വർഷം ഇതേ ദിവസങ്ങളിൽ 715 കോടിയുടെ മദ്യം വിറ്റഴിച്ചിരുന്നു. എന്നാൽ തിരുവോണം കഴിഞ്ഞുള്ള രണ്ട് ദിവസങ്ങളിൽ കൂടുതൽ മദ്യം വിറ്റഴിച്ച് മുൻവർഷത്തെ ആകെ വിൽപ്പന മറികടന്നു. ഉത്രാട നാളിൽ മദ്യ വിൽപ്പന മുൻവർഷത്തെക്കാൾ കൂടിയിരുന്നു. ഇത്തവണ 124 കോടി രൂപയുടെ മദ്യമാണ് വിറ്റത്. കഴിഞ്ഞ വർഷത്തെ ഉത്രാട ദിന വില്പന 120 കോടിയായിരുന്നു. തിരുവോണ ദിവസം ബെവ്കോ അവധിയായിരുന്നു.