പ്രതി എക്സൈസ് വിഭാഗത്തിന്റെ കസ്റ്റഡിയിലിരിക്കെ എക്സൈസ് ഓഫീസിൽ നിന്ന് ചിത്രീകരിച്ച ദൃശ്യങ്ങളാണ് സമൂഹ മാധ്യമങ്ങളിൽ പ്രചരിച്ചത്
തിരുവനന്തപുരം: കുട്ടികളിലെ ലഹരി ഉപയോഗം ഇല്ലാതാക്കാൻ സംസ്ഥാനത്ത് ശക്തമായ ബോധവത്കരണം നടത്തുമെന്ന് എക്സൈസ് വകുപ്പ് മന്ത്രി എം വി ഗോവിന്ദൻ. എൻസിസി സ്റ്റുഡൻസ് പൊലീസ് എന്നിവരടക്കം ഉള്ളവരെ ഉൾപ്പെടുത്തി വിപുലമായ പ്രചാരണ പരിപാടി നടത്തും. സംസ്ഥാനത്ത് എല്ലാ വിദ്യാലയങ്ങളും കേന്ദ്രീകരിച്ച് ബോധവത്കരണം നടത്തും. അതോടൊപ്പം ലഹരി മരുന്ന് കേസിൽ കസ്റ്റഡിയിലുണ്ടായിരുന്ന വ്ലോഗറുടെ പ്രതികരണത്തിന്റെ വീഡിയോ പുറത്ത് വന്ന സംഭവത്തിൽ എക്സൈസ് വകുപ്പ് ഉദ്യോഗസ്ഥർക്ക് വീഴ്ച പറ്റിയെങ്കിൽ കർശന നടപടിയെടുക്കുമെന്ന് മന്ത്രി വ്യക്തമാക്കി.
കഞ്ചാവ് വലിക്കാൻ പ്രേരിപ്പിച്ചതിന് അറസ്റ്റിലായ വ്ലോഗറുടെ ദൃശ്യം കഴിഞ്ഞ ദിവസം പുറത്ത് വന്നിരുന്നു. പ്രതി എക്സൈസ് വിഭാഗത്തിന്റെ കസ്റ്റഡിയിലിരിക്കെ എക്സൈസ് ഓഫീസിൽ നിന്ന് ചിത്രീകരിച്ച ദൃശ്യങ്ങളാണ് സമൂഹ മാധ്യമങ്ങളിൽ പ്രചരിച്ചത്. ഈ കേസിലാണ് ഇപ്പോൾ അന്വേഷണം തുടങ്ങിയിരിക്കുന്നത്. എക്സൈസ് വിജിലൻസ് എസ് പിക്കാണ് അന്വേഷണ ചുമതല. സംസ്ഥാന എക്സൈസ് കമ്മീഷണറുടെ ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് അന്വേഷണം തുടങ്ങിയത്.
undefined
'സാറേ കഞ്ചാവടിച്ചാല്‍ ഗുണങ്ങളുണ്ട്'; ലഹരിമരുന്ന് കേസിലെ വ്ലോഗറുടെ വീഡിയോ പ്രചരിപ്പിച്ചതിൽ അന്വേഷണം
കഴിഞ്ഞ ദിവസമാണ് പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ കഞ്ചാവ് വലിക്കാന്‍ പ്രേരിപ്പിച്ച വ്ളോഗർ എക്സൈസിന്‍റെ പിടിയിലായത്. കൊച്ചിയിലെ ഓഫീസിലെത്തിച്ച പ്രതി കഞ്ചാവ് ലഹരിയില്‍ ഉദ്യോഗസ്ഥരോട് കഞ്ചാവിന്‍റെ ഗുണങ്ങളെപ്പറ്റി വിവരിക്കുന്ന വീഡിയോ ആണ് പുറത്തുവന്നത്. മട്ടാഞ്ചേരി പുത്തൻപുരയ്ക്കൽ ഫ്രാൻസിസ് നെവിൻ അഗസ്റ്റിനാണ് കഞ്ചാവ് ലഹരിയിൽ റാപ്പ് ഗാനത്തിന്‍റെ ശൈലിയില്‍ കഞ്ചാവിന്‍റെ ഗുണം എക്സൈസ് ഓഫിസിനുള്ളില്‍ വെച്ച് വിവരിച്ചത്.
എക്സൈസ് ഉദ്യോഗസ്ഥരോടാണ് താനൊരു രോഗിയാണ്, അതുകൊണ്ടാണ് കഞ്ചാവ് ഇപയോഗിക്കുന്നതെന്ന് ഫ്രാൻസിസ് നെവിൻ അഗസ്റ്റിൻ പറഞ്ഞത്. കഞ്ചാവ് ഉപയോഗിക്കുന്നവരെ പീഡിപ്പക്കരുതെന്നും ഇയാൾ വാദിച്ചു. കഞ്ചാവ് ഭൂമിയിൽ വിത്ത് വീണ് മുളയ്ക്കുന്നതാണ്. എല്ലാ രോഗങ്ങൾക്കുള്ള മരുന്നാണ്. തന്റെ മരണം വരെ കഞ്ചാവ് ഉപയോഗിക്കുമെന്നും ഇയാൾ എക്സൈസ് സംഘത്തോട് പറഞ്ഞു. കഞ്ചാവ് തന്റെ രക്തവും ജീവനുമാണ്. കഞ്ചാവ് വിഷമല്ല. കഞ്ചാവ് തെറ്റായിട്ട് തോന്നിയിട്ടില്ല. അത് മയക്കുമരുന്നല്ല. മനുഷ്യനാണ് ഏറ്റവും വിഷം. ഞാൻ പ്രകൃതി സ്നേഹിയാണ്' എന്നും ഫ്രാൻസിസ് നെവിൻ അഗസ്റ്റിൻ പറഞ്ഞു.
കഞ്ചാവ് ലഹരിയിലാണ് ഇയാള്‍ സംസാരിക്കുന്നതെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞിരുന്നു. ഇൻസ്റ്റാഗ്രാം ലൈവിലൂടെയാണ് യൂട്യൂബ് വ്ളോഗറായ പ്രാന്‍സിസ് പ്രായപൂർത്തിയാകാത്ത പെൺകുട്ടിയോട് കഞ്ചാവ് വലിക്കുന്നതിനെ പറ്റി ചർച്ച ചെയ്തത്. ഈ വീഡിയോ വൈറലായതിന് പിന്നാലെ എക്സൈസ് സംഘം വ്ളോഗറെ അറസ്റ്റ് ചെയ്തു.
ലഹരിയുടെ 'ന്യൂജെന്‍ വഴി':ഫോർട്ടുകൊച്ചിയിൽ വ്ളോഗറുടെ അറസ്റ്റോടെ പുറത്തുവരുന്നത്