1500 രൂപ കൈക്കൂലി വാങ്ങിയ മുൻ വില്ലേജ് ഓഫീസർ, 50000 രൂപ വാങ്ങിയ മുൻ റവന്യൂ ഡിവിഷണൽ ഓഫീസർ; ശിക്ഷ വിധിച്ച് കോടതി

By Web TeamFirst Published Oct 22, 2024, 4:53 PM IST
Highlights

പരാതിക്കാരിയുടെ മകളുടെ പേരിലുള്ള പുരയിടം പോക്കുവരവ് ചെയ്ത് നൽകുന്നതിലേയ്ക്ക് 1500 രൂപ കൈക്കൂലി വാങ്ങിയ കേസിലാണ് പ്രതിയെ വിവിധ വകുപ്പുകളിലായി ഏഴ് വർഷം കഠിന തടവിനും 20000 രൂപ പിഴ ഒടുക്കുന്നതിനും വിജിലൻസ് കോടതി ശിക്ഷിച്ചത്.

തിരുവനന്തപുരം: കൈക്കൂലി കേസിൽ മുൻ വില്ലേജ് ഓഫീസറെ കഠിന തടവിന് ശിക്ഷിച്ചു. തിരുവനന്തപുരം ജില്ലയിലെ പാങ്ങോട് വില്ലേജ് ഓഫീസിൽ 2015 കാലയളവിൽ വില്ലേജ് ഓഫീസറായിരുന്ന സജിത്ത് എസ് നായരെയാണ് കൈക്കൂലി കേസിൽ നാല് വർഷം തടവിന് ശിക്ഷിച്ചത്. 20000 രൂപ പിഴയും തിരുവനന്തപുരം വിജിലൻസ് കോടതി ചുമത്തിയിട്ടുണ്ട്. പരാതിക്കാരിയുടെ മകളുടെ പേരിലുള്ള പുരയിടം പോക്കുവരവ് ചെയ്ത് നൽകുന്നതിലേയ്ക്ക് 1500 രൂപ കൈക്കൂലി വാങ്ങിയ കേസിലാണ് പ്രതിയെ വിവിധ വകുപ്പുകളിലായി ഏഴ് വർഷം കഠിന തടവിനും 20000 രൂപ പിഴ ഒടുക്കുന്നതിനും വിജിലൻസ് കോടതി ശിക്ഷിച്ചത്. പ്രോസിക്യൂഷനുവേണ്ടി വിജിലൻസ് പബ്ലിക് പ്രോസിക്യൂട്ടർ വീണ സതീശൻ ഹാജരായി. 

പൊതുജനങ്ങളുടെ ശ്രദ്ധയിൽ അഴിമതി സംബന്ധിച്ച വിവരങ്ങൾ ലഭിക്കുകയാണെങ്കിൽ വിജിലൻസിന്റെ ടോൾ ഫ്രീ നമ്പരായ 1064 എന്ന നമ്പരിലോ 8592900900 എന്ന നമ്പരിലോ വാട്സ് ആപ് നമ്പരായ 9447789100 എന്ന നമ്പരിലോ അറിയിക്കണമെന്ന് വിജിലൻസ് ഡയറക്ടർ ജനങ്ങളോട് അഭ്യർത്ഥിച്ചു. മറ്റൊരു കൈക്കൂലി കേസിൽ മുൻ റവന്യൂ ഡിവിഷണൽ ഓഫീസർക്കും കോടതി ശിക്ഷ വിധിച്ചിട്ടുണ്ട്. എറണാകുളം ജില്ലയിലെ മൂവാറ്റുപുഴ റവന്യൂ ഡിവിഷണൽ ഓഫീസറായിരുന്ന വി ആർ മോഹനൻ പിള്ളയെ കൈക്കൂലി കേസിൽ നാല് വർഷം തടവിനും 35000 രൂപ പിഴ ഒടുക്കുന്നതിനുമാണ് മൂവാറ്റുപുഴ വിജിലൻസ് കോടതി ശിക്ഷ വിധിച്ചത്.

Latest Videos

പരാതിക്കാരന്റെ വസ്തുവിൽ മതിൽ കെട്ടിയ അവസരത്തിൽ മൂവാറ്റുപുഴ  റവന്യൂ ഡിവിഷൽ ഓഫീസറായിരുന്ന വി ആർ മോഹനൻ പിള്ള സ്ഥലത്ത് പോയി പ്രസ്തുത വസ്തു നിലമാണെന്ന് കാണിച്ച് റിപ്പോർട്ട് ചെയ്യുമെന്ന് ഭീഷണിപ്പെടുത്തി അതൊഴിവാക്കുന്നതിന് കൈക്കൂലി ആവശ്യപ്പെടുകയായിരുന്നു. തുടർന്ന് 50000 രൂപ കൈക്കൂലി വാങ്ങവേയാണ് 2016ൽ പ്രതി വിജിലൻസ് പിടിയിലായത്. ഈ കേസിലാണ് വിവിധ വകുപ്പുകളിലായി ഏഴ് വർഷം കഠിന തടവിനും 35000 രൂപ പിഴ ഒടുക്കുന്നതിനും വിജിലൻസ് കോടതി ശിക്ഷിച്ചത്. വിചാരണ മദ്ധ്യേ പരാതിക്കാരൻ കൂറ് മാറിയിരുന്നു. പ്രോസിക്യൂഷനുവേണ്ടി വിജിലൻസ് പബ്ലിക് പ്രോസിക്യൂട്ടർ സരിത വി എ ഹാജരായി.

3 വർഷം, ഡ്രൈവറുടെ അക്കൗണ്ടിൽ വന്നത് 2 കോടി; ഡിഎംഒ കൈക്കൂലി കേസിന് പിന്നാലെ തന്നെ വിജിലൻസ്, വിശദമായ അന്വേഷണം

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

tags
click me!