മട്ടാഞ്ചേരി കിസ്ഡ് പ്ലേ സ്‌കൂൾ അടച്ച് പൂട്ടാൻ നോട്ടീസ്' മൂന്നര വയസ്സുകാരന് ടീച്ചറുടെ മർദ്ദനം, ഇടപെട്ട് മന്ത്രി

By Web TeamFirst Published Oct 11, 2024, 4:31 PM IST
Highlights

മാനദണ്ഡങ്ങൾ പാലിക്കാതെയാണ്  മട്ടാഞ്ചേരി കൊച്ചിൻ ഗുജറാത്തി മഹാജൻ എഡ്യൂക്കേഷണൽ ട്രസ്റ്റിന്റെ കീഴിൽ പ്രവർത്തിക്കുന്ന മട്ടാഞ്ചേരി സ്മാർട്ട് കിഡ്‌സ് പ്ലേ സ്‌കൂൾ പ്രവർത്തിക്കുന്നതെന്ന് മന്ത്രി വ്യക്തമാക്കി.

തിരുവനന്തപുരം: മട്ടാഞ്ചേരി സ്മാർട്ട് കിസ്ഡ് പ്ലേ സ്‌കൂളിൽ മൂന്നര വയസ്സുകാരന് മർദ്ദനമേറ്റ സംഭവത്തിൽ കർശന നടപടി ഉണ്ടാകുമെന്ന് വിദ്യാഭ്യാസ മന്ത്രി  വി. ശിവൻകുട്ടി. സംസ്ഥാനത്ത് വിദ്യാഭ്യാസ സ്ഥാപനങ്ങൾ പ്രവർത്തിക്കേണ്ടത് കെ.ഇ.ആർ. ചട്ടപ്രകാരവും കേന്ദ്ര വിദ്യാഭ്യാസ അവകാശ നിയമപ്രകാരവുമാണ്. അടുത്ത കാലത്തായി ഈ നിബന്ധനകൾ പാലിക്കാതെ ചില വിദ്യാലയങ്ങൾ പ്രവർത്തിക്കുന്നത് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. അത്തരത്തിലുള്ള ഒരു സ്‌കൂളാണ് മട്ടാഞ്ചേരി കൊച്ചിൻ ഗുജറാത്തി മഹാജൻ എഡ്യൂക്കേഷണൽ ട്രസ്റ്റിന്റെ കീഴിൽ പ്രവർത്തിക്കുന്ന മട്ടാഞ്ചേരി സ്മാർട്ട് കിഡ്‌സ് പ്ലേ സ്‌കൂളെന്ന് മന്ത്രി പറഞ്ഞു. 

ഈ സ്‌കൂളിൽ സീതലക്ഷ്മി എന്ന അധ്യാപിക പ്രീ-കെജി യിൽ പഠിക്കുന്ന വിദ്യാർത്ഥിയെ ചൂരൽ വടി കൊണ്ട് മർദ്ദിച്ചു എന്ന സംഭവം ശ്രദ്ധയിൽപ്പെട്ടു. ഈ സംഭവം കേരളീയ സംസ്‌കാരത്തിനും മനസ്സാക്ഷിയ്ക്കും നിരക്കാത്തതും അധ്യാപക വൃത്തിക്ക് അപമാനകരവുമാണ്.  സംഭവുമായി ബന്ധപ്പെട്ട് അധ്യാപികയെ പോലീസ് അറസ്റ്റു ചെയ്തിട്ടുണ്ട്. അംഗീകാരമില്ലാതെ വലിയ ഫീസ് വാങ്ങി മതിയായ അടിസ്ഥാന സൗകര്യങ്ങൾ ഇല്ലാതെ ലാഭം മാത്രം ലക്ഷ്യമാക്കി പ്രവർത്തിക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കെതിരെയും ഇതിനായി കെട്ടിടം വിട്ടു നൽകുന്ന ഉടമസ്ഥർക്കെതിരെയും നിയമാനുസൃതമായ നടപടിയുണ്ടാകും. 

Latest Videos

മട്ടാഞ്ചേരി സ്മാർട്ട് കിഡ്‌സ് പ്ലേ സ്‌കൂളിന്റെ പ്രവർത്തനം നിർത്തി വെയ്ക്കാൻ നോട്ടീസ് നൽകാൻ പൊതുവിദ്യാഭ്യാസ ഡയറക്ടർക്ക് മന്ത്രി വി. ശിവൻകുട്ടി നിർദ്ദേശം നൽകി. വിദ്യാഭ്യാസ അവകാശ നിയമം 2009 സെക്ഷൻ 18 പ്രകാരവും കേരള വിദ്യാഭ്യാസ ആക്ട് 1958 സെക്ഷൻ 3 (iii)(b) and (c) പ്രകാരവും കേരള വിദ്യാഭ്യാസ റൂൾസ് അധ്യായം 5 റൂൾ (3) പ്രകാരവും തുടർ നടപടി സ്വീകരിക്കും. സംസ്ഥാനത്ത് നിയമാനുസൃതമല്ലാതെയും അംഗീകാരമില്ലാതെയും പ്രവർത്തിക്കുന്ന വിദ്യാലയങ്ങൾ ഉണ്ടോ എന്ന് പരിശോധിച്ച് ഒരു മാസത്തിനകം റിപ്പോർട്ട് നൽകാൻ പൊതുവിദ്യാഭ്യാസ ഡയറക്ടറെ മന്ത്രി വി. ശിവൻകുട്ടി ചുമതലപ്പെടുത്തി.

സംസ്ഥാനത്ത് കേരള, സി.ബി.എസ്.ഇ., ഐ.സി.എസ്.ഇ., സിലബസുകളിലുള്ള സ്‌കൂളുകളാണ് പ്രവർത്തിച്ചു വരുന്നത്. ഈ സ്‌കൂളുകൾക്ക് പ്രവർത്തിക്കാനുള്ള നിരാക്ഷേപ പത്രം  നൽകുന്നത് പൊതുവിദ്യാഭ്യാസ വകുപ്പാണ്. പൊതുവിദ്യാഭ്യാസ വകുപ്പിന്റെ അംഗീകാരമുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് മാത്രമേ പ്രീപ്രൈമറി മുതൽ ഹയർ സെക്കണ്ടറി വരെയുള്ള വിദ്യാലയങ്ങൾ പ്രവർത്തിപ്പിക്കാനുള്ള അവകാശമുള്ളൂവെന്ന് മന്ത്രി വ്യക്തമാക്കി.

Read More : മട്ടാഞ്ചേരിയിൽ എൽകെജി വിദ്യാർത്ഥിയെ ചൂരൽ കൊണ്ട് ക്രൂരമായി മർദിച്ചു; അധ്യാപിക അറസ്റ്റിൽ

click me!