'സർക്കാർ വാശി ഉപേക്ഷിക്കണം', ശബരിമല തീർത്ഥാടകർക്കുള്ള സ്‌പോട്ട് ബുക്കിങ് തിരിച്ചു കൊണ്ടുവരണം: ചെന്നിത്തല

By Web TeamFirst Published Oct 11, 2024, 7:07 PM IST
Highlights

എല്ലാ ഭക്തരും ആധുനിക സാങ്കേതികവിദ്യ അറിയുന്നവരാകണമെന്ന് ശാഠ്യം പിടിക്കരുതെന്നും ചെന്നിത്തല ആവശ്യപ്പെട്ടു

തിരുവനന്തപുരം: ശബരിമല തീര്‍ഥാടകര്‍ക്ക് സൗകര്യങ്ങള്‍ ഒരുക്കുന്ന കാര്യത്തില്‍ സര്‍ക്കാര്‍ വാശി ഉപേക്ഷിക്കണമെന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തകസമിതിയംഗം രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു. ശബരിമല അന്യസംസ്ഥാന തീര്‍ഥാടരുടെ പ്രധാനപ്പെട്ട തീര്‍ഥാടന കേന്ദ്രങ്ങളില്‍ ഒന്നാണ്. സ്‌പോട്ട് ബുക്കിങ് പരിപാടി തിരിച്ചു കൊണ്ടുവരണം. ഇല്ലെങ്കില്‍ അന്യസംസ്ഥാനത്ത് നടത്തുന്ന ഭക്തന്മാരെ ഇത് പ്രതികൂലമായി ബാധിക്കും. പുറത്തുനിന്ന് വരുന്ന എല്ലാ ഭക്തരും ആധുനിക സാങ്കേതികവിദ്യ അറിയുന്നവരാകണമെന്ന് ശാഠ്യം പിടിക്കരുതെന്നും ചെന്നിത്തല ആവശ്യപ്പെട്ടു.

ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് സ്‌പോട്ട് ബുക്കിങ്ങിനെക്കുറിച്ച് ഒരക്ഷരം പറയുന്നില്ല. തീര്‍ഥാടകരെ ബുദ്ധിമുട്ടിക്കണമെന്ന് എന്തിനാണീ വാശി. ശബരിമലയിലെ മുഴുവന്‍ അശാസ്ത്രീയ പരിഷ്‌കാരങ്ങളും പിന്‍വലിക്കണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു. അതുപോലെ തന്നെ പ്രധാനപ്പെട്ടതാണ് പരിചയസമ്പന്നരായ പൊലീസ് ഉദ്യോഗസ്ഥരെ സന്നിധാനത്തു നിയോഗിക്കേണ്ടതിന്റെ ആവശ്യകത. കഴിഞ്ഞതവണ പരിചയസമ്പന്നരായ ഉദ്യോഗസ്ഥരെ പിന്‍വലിച്ച് നടത്തിയ പരീക്ഷണങ്ങളാണ് പൊളിഞ്ഞു പാളീസായത്. ജനക്കൂട്ടത്തെ നിയന്ത്രിച്ചു പരിചയമുള്ള ഉദ്യോഗസ്ഥരുണ്ടെങ്കില്‍ പതിനെട്ടാംപടിയിലൂടെ വളരെപ്പെട്ടെന്ന് ഭക്തരെ കടത്തിവിടാന്‍ സാധിക്കുമെന്നും അദ്ദേഹം ചൂണ്ടികാട്ടി.

Latest Videos

നിലയ്ക്കലില്‍ നിന്നും പമ്പയിലേക്ക് കെ എസ് ആര്‍ ടി സി ഈടാക്കുന്ന അമിത ചാര്‍ജിനെ കുറിച്ച് ഭക്തര്‍ കാലങ്ങളായി പ്രതിഷേധിക്കുന്നതാണ്. ഇത് പിന്‍വലിക്കണം. കേരളത്തിന്റെ സമ്പദ് വ്യവസ്ഥയിലേക്ക് ശബരിമല തീര്‍ത്ഥാടന കാലത്ത് ഭക്തര്‍ നല്‍കുന്ന സംഭാവന വളരെ വലുതാണ്. അവരെ കെ എസ് ആര്‍ ടി സി ഉപയോഗിച്ച് പിഴിയരുതെന്നും ചെന്നിത്തല ആവശ്യപ്പെട്ടു.

ഈ വിവരങ്ങളെല്ലാം കാട്ടി മുഖ്യമന്ത്രിക്ക് നേരത്തെ തന്നെ കത്ത് നല്‍കിയിരുന്നു. അതിന്റെ അടിസ്ഥാനത്തില്‍ വേണ്ട നടപടികള്‍ സ്വീകരിക്കണം. ഇക്കാര്യത്തില്‍ പൊതു സമൂഹത്തിൻ്റെ അടക്കം അഭിപ്രായം ആരാഞ്ഞ് ഏറ്റവും ഫലപ്രദമായി പദ്ധതികള്‍ നടപ്പാക്കി മണ്ഡലക്കാലം ഭക്തര്‍ക്ക് മികവുറ്റ അനുഭവമാക്കി മാറ്റണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു.

കേന്ദ്ര കാലാവസ്ഥ അറിയിപ്പ്, അറബിക്കടലിൽ തീവ്ര ന്യൂനമർദ്ദം രൂപപ്പെടുന്നു, കേരളത്തിൽ അതിശക്ത മഴ തുടരും

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം

click me!