മലപ്പുറം എടപ്പാളിലെ മർദ്ദനം: അഞ്ച് പേര്‍ക്കെതിരെ കേസ്; വിശദീകരണവുമായി സിഐടിയു നേതൃത്വം

By Web TeamFirst Published Jul 5, 2024, 11:05 PM IST
Highlights

എടപ്പാൾ ടൗണില്‍ പുതുതായി നിര്‍മിക്കുന്ന ഷോപ്പിങ് കോംപ്ലക്സിലേക്കുള്ള കെട്ടിട സാമഗ്രികളുടെ ലോഡ് ഇറക്കിയതിനെ ചൊല്ലിയുളള തര്‍ക്കമാണ് സിഐടിയു അക്രമത്തിലേക്ക് നയിച്ചത്

മലപ്പുറം: എടപ്പാളിൽ ആക്രമിക്കാൻ പിന്തുടർന്ന സിഐടിയുക്കാരെ ഭയന്ന് കെട്ടിടത്തിൽ നിന്ന് ചാടിയ തൊഴിലാളിയുടെ ഇരുകാലുകളും ഒടിഞ്ഞ സംഭവത്തിൽ അഞ്ച് സിഐടിയു പ്രവര്‍ത്തകര്‍ക്കെതിരെ ചങ്ങരംകുളം പൊലീസ് കേസെടുത്തു. കെട്ടിടത്തിൽ നിന്ന് വീണ് പരിക്കേറ്റ ഫയാസ് ഷാജഹാൻ്റെ മൊഴി പ്രകാരമാണ് കേസ്. കെട്ടിട സാമഗ്രികള്‍ കരാറുകാരൻ സ്വന്തം തൊഴിലാളികളെക്കൊണ്ട് ഇറക്കിച്ചതാണ് അക്രമത്തിന് വഴിവെച്ചത്. സിഐടിയുക്കാർ സംഘടിച്ച് എത്തി തൊഴിലാളികളെ മർദ്ദിച്ചു എന്നാണ് പരാതി. പത്തനാപുരം സ്വദേശി ഫയാസ്  ഷാജഹാന് ഗുരുതരമായി പരിക്കേറ്റിരുന്നു. ഇദ്ദേഹം ചികിത്സയിലാണ്.

ചുമട്ട് തൊഴിലാളികളെ ഒഴിവാക്കി  അനധികൃതമായി ലോഡ് ഇറക്കിയതിനെ തുടര്‍ന്നുണ്ടായ വാക്കു തര്‍ക്കമാണ് എടപ്പാളിൽ ഉണ്ടായതെന്നാണ് സംഭവത്തിൽ സിഐടിയു നേതൃത്വത്തിൻ്റെ വിശദീകരണം. തൊഴിലാളിയായ ഫയാസ്  ഷാജഹാന് പരിക്കേറ്റത് ദാരുണമായ സംഭവമെന്നും പ്രവര്‍ത്തകരുടെ ഭാഗത്ത് നിന്ന് വീഴ്ച്ചയുണ്ടായോയെന്ന് പരിശോധിക്കുമെന്നും സിഐടിയു ജില്ലാ പ്രസിഡണ്ട് എംബി ഫൈസല്‍ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. തെറ്റു പറ്റിയിട്ടുണ്ടെങ്കില്‍ സിഐടിയു തിരുത്തും, എടപ്പാളില്‍ ഇനി ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി. പരിക്കേറ്റ തൊഴിലാളിയെ ആശുപത്രിയിലാക്കിയത് സിഐടിയു തൊഴിലാഴികള്‍ കൂടി ചേര്‍ന്നാണെന്നും കയറ്റിറക്ക് തൊഴില്‍ തര്‍ക്കമുള്ള സ്ഥലമല്ല എടപ്പാളെന്നും അദ്ദേഹം പറഞ്ഞു.

എടപ്പാൾ ടൗണില്‍ പുതുതായി നിര്‍മിക്കുന്ന ഷോപ്പിങ് കോംപ്ലക്സില്‍ സ്ഥാപിക്കാനുളള ഇലക്ട്രിക് ഉപകരണങ്ങള്‍ ഉള്‍പ്പെടെയുള്ള കെട്ടിട സാമഗ്രികളുടെ ലോഡ് ഇറക്കിയതിനെ ചൊല്ലിയുളള തര്‍ക്കമാണ് സിഐടിയു അക്രമത്തിലേക്ക് നയിച്ചത്. രാത്രി ലോഡ് എത്തിയപ്പോള്‍ ഇറക്കുന്നതിനായി സിഐടിയു തൊഴിലാളികള്‍ ആരും പരിസരത്ത് ഉണ്ടായിരുന്നില്ല. ഈ സമയത്ത് കരാറുകാരനായ സുരേഷ് സ്വന്തം തൊഴിലാളികളെ ഉപയോഗിച്ച് സാമഗ്രികള്‍ ഇറക്കി. വിവരം അറിഞ്ഞെത്തിയ സിഐടിയു തൊഴിലാളികള്‍ അക്രമം അഴിച്ചുവിട്ടതോടെ തൊഴിലാളികള്‍ ചിതറിയോടി. ഇതിനിടയില്‍ രക്ഷപ്പെടാന്‍ പത്തനാപുരം സ്വദേശി ഫയാസ് ഷാജഹാന്‍ കെട്ടിടത്തിന് മുകളിലേക്ക് ഓടി. പിന്തുടര്‍ന്ന് എത്തിയ സിഐടിയുകാരന്‍ അടിക്കുമെന്ന് ഉറപ്പായതോടെ ഷാജഹാന്‍ കെട്ടിടത്തിന് മുകളില്‍ നിന്ന് മറ്റൊരു ഉയരം കുറഞ്ഞ കെട്ടിടത്തിലേക്ക് ചാടി. ഫയാസിന്‍റെ രണ്ടു കാലുകളും വീഴ്ചയിൽ ഒടിഞ്ഞു. കെട്ടിട ഉടമയെത്തി അനുനയിപ്പിക്കാന്‍ ശ്രമിച്ചെങ്കിലും സിഐടിയുകാര്‍ വഴങ്ങിയില്ല. നോക്കു കൂലി നല്‍കാമെന്ന് പറഞ്ഞായിരുന്നു അനുനയശ്രമം. പിന്നീട് പൊലീസ് എത്തിയാണ് രംഗം ശാന്തമാക്കിയത്. പരിക്കേറ്റ ഫയാസിനെ പൊലീസാണ് തൃശൂര്‍ മെഡിക്കല്‍ കോളേജിലേക്ക് കൊണ്ടുപോയത്.

click me!