അനിയൻ വരുന്നുണ്ട് കണ്ണൂർ റെയിൽവേ സ്റ്റേഷനിലേക്ക് പോകണം എന്നു പറഞ്ഞ് ഓട്ടോയിൽ കയറിയ യുവാവ് കൊലപാതകിയെന്ന് അറിഞ്ഞപ്പോൾ ഓട്ടോ പൊലീസ് സ്റ്റേഷനിലേക്ക് വിട്ട് താരമായി മനോജ്
കണ്ണൂർ: കൊലപാതകത്തിനു ശേഷം രക്ഷപ്പെടാനായി ഓട്ടോറിക്ഷയിൽ കയറിയ കൊലയാളിയെ പൊലീസിന് മുന്നിലെത്തിച്ച് താരമായിരിക്കുകയാണ് കണ്ണൂർ കൂളിച്ചാൽ സ്വദേശി മനോജ്. കഴിഞ്ഞ ദിവസം കൂളിച്ചാലിലെ ഇതര സംസ്ഥാന തൊഴിലാളി ഇസ്മയിലിനെ വെട്ടിക്കൊലപ്പെടുത്തിയ ബംഗാൾ സ്വദേശി സുജോയിയൊണ് വളപട്ടണം പൊലീസിന് കൈമാറിയത്. തന്‍റെ ഓട്ടോയിൽ കയറിയ കൊലപാതകിയെ തന്ത്രപരമായ നീക്കത്തിലൂടെയാണ് മനോജ് പൊലീസ് സ്റ്റേഷനിൽ എത്തിച്ചത്.
"അനിയൻ വരുന്നുണ്ട് കണ്ണൂരിൽ ഒരു മണിക്ക് പോകണം എന്നാണ് സുജോയി പറഞ്ഞത്. അര മണിക്കൂർ കഴിഞ്ഞ്, അനിയൻ ട്രെയിനിൽ എത്തി കാത്തിരിക്കുന്നുണ്ട് ഇപ്പോ പോകണമെന്ന് പറഞ്ഞു. രണ്ട് കിലോമീറ്റർ കഴിഞ്ഞപ്പോൾ ഇവിടെ അടുത്തുള്ള കടക്കാരൻ ദാമോദരന്‍റെ വിളി വന്നു. നീ കൊണ്ടുപോകുന്നത് ഒരു കൊലപാതകിയെ ആണ് എന്നു പറഞ്ഞു. കൊലപാതകം ചെയ്ത് രക്ഷപ്പെടാനുള്ള പരിപാടിയാണെന്ന് മനസ്സിലായി. ഞാൻ തന്ത്രപൂർവം അവനറിയാതെ ഓട്ടോ വഴിതിരിച്ചുവിട്ടു. സ്റ്റേഷനിൽ എത്തിയപ്പോഴേ അവന് ട്രാപ്പിലായെന്ന് മനസ്സിലായുള്ളൂ"- മനോജ് പറഞ്ഞു.
കൊലപാതകിയെ തക്ക സമയത്തെ ഇടപെടലിലൂടെ പൊലീസിനെ ഏൽപ്പിച്ച ഓട്ടോ ഡ്രൈവർക്ക് അഭിനന്ദനപ്രവാഹമാണ്. കൊലപാതകിയെ രക്ഷപ്പെടാൻ അനുവദിക്കാതെ നിയമത്തിന് വിട്ടുനൽകിയതിന് പൊലീസുകാർ ഉൾപ്പെടെ വിളിച്ച് അഭിനന്ദിച്ചു.