'തരൂരും കെ വി തോമസും പങ്കെടുക്കരുത്'! സിപിഎം പാർട്ടി കോൺഗ്രസ് സെമിനാറിൽ പങ്കെടുക്കുന്നത് വിലക്കി കെപിസിസി

By Web Team  |  First Published Mar 19, 2022, 1:57 PM IST

ഇരുവരേയും  23-ആം പാര്‍ട്ടി കോണ്‍ഗ്രസ്സിന്റെ ഭാഗമായുള്ള സെമിനാറുകളിലേക്ക് സിപിഎം ക്ഷണിച്ചിരുന്നു. എന്നാൽ സിപിഎമ്മിന്റെ ഈ നീക്കം സുധാകരന് ദഹിച്ചില്ല. കോൺഗ്രസ്  സമരങ്ങൾ അടിച്ചമർത്തുന്ന പിണറായി സർക്കാർ നയം കൂടി കണക്കിലെടുത്താണ് പോകേണ്ടെന്ന തിട്ടൂരം. 


കണ്ണൂർ: സിപിഎം (CPM)പാർട്ടി കോൺഗ്രസിലെ സെമിനാറുകളിൽ സിപിഎം ക്ഷണ പ്രകാരം ശശി തരൂരും (Shashi tharoor )കെ വി തോമസും (KV Thomas) പങ്കെടുക്കുന്നത് വിലക്കി കെപിസിസി (KPCC). നീതി രഹിതമായ രാഷ്ട്രീയ പ്രവർത്തനം നടത്തുന്ന സിപിഎമ്മുമായി ഒരു സഹകരണവുമില്ലെന്ന് കെപിസിസി അധ്യക്ഷൻ കെ സുധാകരൻ വ്യക്തമാക്കി. ബിജെപിയുടെയും എസ്ഡിപിഐയുടേയും പരിപാടികളിൽ പോകാൻ മടിയില്ലാത്തവരാണ് കോൺഗ്രസെന്നും ജനം ഇത് തിരിച്ചറിയുന്നുണ്ടെന്നും സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും തിരിച്ചടിച്ചു.

കോൺഗ്രസിൽ അർഹമായ പരിഗണ കിട്ടുന്നില്ലെന്നാരോപിച്ച് മാസങ്ങളായി ഇടഞ്ഞ് നിൽക്കുന്ന നേതാവാണ് കെവി തോമസ്. വികസന കാര്യങ്ങളിൽ പാർട്ടിക്കതീതമായി നിലപാടെടെക്കുകയും പിണറായിയെ പൊതുവേദിയിൽ പോലും പ്രശംസിക്കാനും മടി കണിക്കാത്ത നേതാവാണ് ശശി തരൂർ. ഇരുവരേയും  23-ആം പാര്‍ട്ടി കോണ്‍ഗ്രസ്സിന്റെ ഭാഗമായുള്ള സെമിനാറുകളിലേക്ക് സിപിഎം ക്ഷണിച്ചിരുന്നു. മത നിരപേക്ഷത നേരിടുന്ന വെല്ലുവിളികൾ എന്ന വിഷയത്തിലെ സെമിനാറിലേക്കാണ് തരൂരിനെ ക്ഷണിച്ചത്. കേന്ദ്ര - സംസ്ഥാന സർക്കാരുകൾ തമ്മിലുള്ള ബന്ധം എന്ന വിഷയത്തിലുള്ള സെമിനാർ വേദിയിലേക്കാണ് കെ വി തോമസിനെ സി പി എം ക്ഷണിച്ചിരിക്കുന്നത്.

Latest Videos

undefined

എന്നാൽ സിപിഎമ്മിന്റെ ഈ നീക്കം സുധാകരന് ദഹിച്ചിട്ടില്ല. സിപിഎം പരിപാടിയിൽ കോൺഗ്രസ് നേതാക്കൾ പങ്കെടുക്കുന്നത് പ്രവർത്തകർക്ക് ഇഷ്ടമല്ലെന്നും കോൺഗ്രസിനെ ദ്രോഹിക്കുന്ന സി പി എമ്മുമായി ഒരു സഹകരണത്തിനും തയ്യാറല്ലെന്നുമാണ് കെ സുധാകരൻ വാർത്താസമ്മേളനത്തിൽ വിശദീകരിച്ചത്. കോൺഗ്രസ്  സമരങ്ങൾ അടിച്ചമർത്തുന്ന പിണറായി സർക്കാർ നയം കൂടി കണക്കിലെടുത്താണ് പോകേണ്ടെന്ന തിട്ടൂരം. 

സിപിഎം വേദിയിലേക്ക് ശശി തരൂരിനും കെ വി തോമസിനും ക്ഷണം

എന്നാൽ സിപിഎമ്മിനോട് കാണിക്കുന്ന അയിത്തം കോൺഗ്രസിന് ബിജെപിയോടും എസ്ഡിപിഐയോടും ഇല്ലെന്നാണ് കോടിയേരിയുടെ പ്രത്യാക്രമണം. പാർട്ടി വിലക്ക് ധിക്കരിച്ച് ശശി തരൂരും കെവി തോമസും ഇനി സെമിനാറിന് എത്തുമോ എന്ന സസ്പെൻസാണ് ഇനി ബാക്കിയാകുന്നത്. 

click me!