വീട്ടിൽവെച്ചുണ്ടായ തർക്കത്തിനൊടുവിൽ പിടിച്ചു തള്ളിയപ്പോൾ കട്ടിലിൽ ഇടിച്ചാണ് വിജയലക്ഷ്മി മരിച്ചതെന്നാണ് ജയചന്ദ്രൻ പൊലീസിന് നൽകിയിരിക്കുന്ന മൊഴി.
ആലപ്പുഴ: കരുനാഗപ്പളളിയിൽ നിന്ന് കാണാതായി പിന്നീട് സുഹൃത്ത് കൊലപ്പെടുത്തി കുഴിച്ചുമൂടിയ വിജയലക്ഷ്മിയെ കാണാതായ അന്ന് തന്നെ കൊലപ്പെടുത്തിയെന്ന നിർണായക വിവരവും പുറത്ത്. ഈ മാസം ആറാം തീയതിയാണ് വിജയലക്ഷ്മിയെ കാണാതാകുന്നത്. ജയചന്ദ്രന്‍ അന്ന് തന്നെ കൊല നടത്തിയെന്നാണ് പൊലീസ് നൽകുന്ന വിവരം. വീട്ടിൽവെച്ചുണ്ടായ തർക്കത്തിനൊടുവിൽ പിടിച്ചു തള്ളിയപ്പോൾ കട്ടിലിൽ ഇടിച്ചാണ് വിജയലക്ഷ്മി മരിച്ചതെന്നാണ് ജയചന്ദ്രൻ പൊലീസിന് നൽകിയിരിക്കുന്ന മൊഴി. കൊലപാതകത്തിന് ശേഷം മൃതദേഹം വീട്ടില്‍ സൂക്ഷിച്ച ജയചന്ദ്രന്‍ രാത്രി എല്ലാവരും ഉറങ്ങിക്കഴിഞ്ഞതിന് ശേഷമാണ് മൃതദേഹം തൊട്ടടുത്ത പറമ്പിൽ കുഴിച്ചിടുന്നത്.
വീട്ടില്‍ ആരുമില്ലാതിരുന്ന സമയത്ത് ഇയാൾ വിജയലക്ഷ്മിയെ വീട്ടിലേക്ക് വിളിച്ചു വരുത്തുകയായിരുന്നു. ഒരു സ്ത്രീയെ ഇവിടെ കണ്ടെന്ന ദൃക്സാക്ഷി മൊഴിയും ലഭിച്ചിട്ടുണ്ട്. ഇവർ തമ്മിൽ സാമ്പത്തിക ഇടപാട് അടക്കം ഉണ്ടായിരുന്നു എന്നാണ് വിവരം. മറ്റൊരാളുമായി ബന്ധമുണ്ടെന്ന സംശയത്തിനൊടുവിൽ ഇവർ തമ്മിൽ തർക്കമുണ്ടാകുകയും തുടർന്ന് വിജയലക്ഷ്മിയെ പിടിച്ചു തള്ളുകയുമായിരുന്നു. ഈ വീഴ്ചയുടെ ആഘാതത്തിലാണ് മരണമെന്നാണ് ജയചന്ദ്രന്റെ മൊഴി. പിന്നീട് മൃതദേഹം വീട്ടിൽ സൂക്ഷിച്ച് രാത്രി എല്ലാവരും ഉറങ്ങിക്കഴിഞ്ഞപ്പോളാണ് കുഴിച്ചുമൂടിയത്.
undefined
വിജയലക്ഷ്മിയെ കാണാനില്ലെന്ന് പരാതി നല്‍കുന്നത് സഹോദരി ഗീതയാണ്. സാധാരണ ഗതിയില്‍ ഇവര്‍ ക്ഷേത്രങ്ങളില്‍ സന്ദര്‍ശനത്തിനായി പോകാറുണ്ട്. കാണാതായ ആദ്യ രണ്ട് ദിവസങ്ങളില്‍ ബന്ധുക്കള്‍ ഇങ്ങനെയാണ് വിചാരിച്ചത്. പിന്നീട് ഇവര്‍ ഒറ്റയ്ക്ക് താമസിക്കുന്ന വീടിന് സമീപത്തെ ആളുകളാണ് ഇവര്‍ രണ്ട് ദിവസമായി വീട്ടിലേക്ക് വന്നിട്ടില്ലെന്ന് പറയുന്നത്. പിന്നീടാണ് പൊലീസ് അന്വേഷണം ഊര്‍ജിതമാക്കുന്നത്. വിജയലക്ഷ്മി തീർത്ഥാടനത്തിന് പോയതാണെന്നാണ് കരുതിയതെന്ന് സഹോദരൻ കൃഷ്ണസിംഗും ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. കൊല്ലപ്പെട്ടെന്ന വിവരം ഇന്ന് രാവിലെ പൊലീസ് വിളിച്ചറിയിക്കുകയായിരുന്നു എന്നും കൃഷ്ണ സിംഗ് പറഞ്ഞു.
വിജയലക്ഷ്മിക്കായി പോലീസ് അന്വേഷണം പുരോഗമിക്കുന്ന സമയത്ത് ജയചന്ദ്രൻ ഇവരെ കൊന്നു കുഴിച്ചു മൂടിക്കഴിഞ്ഞിരുന്നു. പിന്നീടാണ് അന്വഷണം വഴി തെറ്റിക്കുന്നതിനായി ഫോൺ കെഎസ്ആർടിസി ബസിൽ ഉപേക്ഷിക്കുന്നത്. ഈ മൊബൈല്‍ ഫോണാണ് കേസിൽ നിർണായക തെളിവായത്. ഫോണിലെ ലൊക്കേഷനും കോള്‍ ലിസ്റ്റുകളും പരിശോധിച്ച പൊലീസ് കഴിഞ്ഞ ഞായറാഴ്ചയാണ് മത്സ്യത്തൊഴിലാളിയായ ജയചന്ദ്രനെ കസ്റ്റഡിയിലെടുക്കുന്നത്.
അധികം ആഴത്തിലല്ലാതെ കുഴിയെടുത്ത് തൊട്ടടുത്ത പുരയിടത്തിലാണ് വിജയലക്ഷ്മിയുടെ മൃതദേഹം കുഴിച്ചിട്ടിരുന്നത്. ഒപ്പം എംസാന്‍റും മെറ്റലും അടുക്കിയ നിലയിലായിരുന്നു. ഇതിന് താഴെയായിരുന്നു ബോഡി. പുറത്തെടുത്ത വിജയലക്ഷ്മിയുടെ മൃതദേഹം അഴുകിയ നിലയിലാണുണ്ടായിരുന്നത്. മൃതദേഹം ആലപ്പുഴ മെഡിക്കല്‍ കോളേജിലേക്ക് മാറ്റും. ബന്ധുക്കള്‍ മൃതദേഹം തിരിച്ചറിഞ്ഞിട്ടുണ്ട്. തുടര്‍നടപടികള്‍ പുരോഗമിക്കുന്നതായി പൊലീസ് അറിയിച്ചു. അതേ സമയം ജയചന്ദ്രന്‍ ഒറ്റക്കാണോ കൊലപാതകം നടത്തിയതെന്ന കാര്യവും പൊലീസ് അന്വേഷിക്കുന്നുണ്ട്. ഫോറന്‍സിക് പരിശോധനയുള്‍പ്പെടെ നടക്കുന്നുണ്ടെന്നും പൊലീസ് അറിയിച്ചു.