എന്ത് കൊണ്ടാണ് പൊലീസ് അന്വേഷണം ആരംഭിക്കാത്തതെന്ന് പൊലീസിന് മാത്രമേ അറിയൂവെന്നും തിരൂർ സതീഷ് മാധ്യമങ്ങളോട് പറഞ്ഞു.
തൃശ്ശൂർ: കൊടകര കുഴൽപ്പണക്കേസിൽ നിർണായക വിവരങ്ങൾ പുറത്ത് വന്ന് 20 ദിവസമായിട്ടും പൊലീസ് മൊഴിയെടുക്കാത്തതിൽ ആശങ്കയുണ്ടെന്ന് ബിജെപി തൃശ്ശൂര്‍ ജില്ലാ ഓഫീസിലെ മുന്‍ സെക്രട്ടറി തിരൂർ സതീഷ്. പാലക്കാട് തിരഞ്ഞെടുപ്പിന് വേണ്ടി മൊഴിയെടുപ്പ് മാറ്റിവയ്ക്കേണ്ടതില്ലെന്നിരിക്കെ എന്ത് കൊണ്ടാണ് പൊലീസ് അന്വേഷണം ആരംഭിക്കാത്തതെന്ന് പൊലീസിന് മാത്രമേ അറിയൂവെന്നും തിരൂർ സതീഷ് മാധ്യമങ്ങളോട് പറഞ്ഞു.
വിവരങ്ങൾ പുറത്തുവന്നിട്ട് 20 ദിവസമായി. ഞാൻ കാര്യങ്ങൾ തുറന്നു പറഞ്ഞതിന് പിന്നാലെ പൊലീസ് എന്നെ വിളിച്ചിരുന്നു. പക്ഷേ പിന്നീട് ആരും ബന്ധപ്പെട്ടിട്ടില്ല. പുതിയ അന്വേഷണസംഘം പ്രഖ്യാപിച്ച് മൊഴിയെടുക്കുന്നതിന് കോടതി സമീപിച്ചുവെന്ന് മാധ്യമങ്ങളിലൂടെ അറിഞ്ഞിരുന്നു. ഇതുവരെയും മൊഴിയെടുക്കാത്ത കാര്യത്തിൽ ആശങ്കയുണ്ട്.
അന്ന് ബിജെപിയിൽ തൃശ്ശൂർ ജില്ലയുടെ ചുമതല ഉണ്ടായിരുന്നത് പാലക്കാട്ടെ ഇപ്പോഴത്തെ സ്ഥാനാർത്ഥി കൃഷ്ണകുമാറിനായിരുന്നു. അതിനാൽ അന്വേഷണം വൈകിപ്പിക്കുന്നതിൽ ആശങ്കയുണ്ട്. മാധ്യമങ്ങളോട് വെളിപ്പെടുത്തിയതിന് പുറമേ കൂടുതൽ കാര്യങ്ങൾ അന്വേഷണ സംഘത്തോട് വെളിപ്പെടുത്താനുണ്ട്. കൈമാറാൻ കൂടുതൽ തെളിവുകളുമുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
കൊടകര കുഴൽപ്പണക്കേസിൽ ബിജെപിയെ വീണ്ടും കടുത്ത വെട്ടിലാക്കുകയാണ് മുൻ ഓഫീസ് സെക്രട്ടറി തിരൂർ സതീഷ്. ബിജപിക്കെതിരെയും കെ സുരേന്ദ്രനെതിരെയും തിരൂർ സതീഷ് മുമ്പ് കൊടകര കേസുമായി ബന്ധപ്പെട്ട് ഗുരുതര ആരോപണങ്ങളാണ് ഉയർത്തിയത്. പണം ചാക്കിൽകെട്ടി ധർമരാജൻ ബിജെപി ഓഫീസിലെത്തിയിരുന്നുവെന്നായിരുന്നു നേരത്തെ നടത്തിയ പ്രധാന വെളിപ്പെടുത്തൽ.
കൊടകര കള്ളപ്പണ കേസ് എട്ടംഗ സംഘം അന്വേഷിക്കും; തോംസൺ ജോസ് മേൽനോട്ടം വഹിക്കും, ഡിജിപി ഉത്തരവിറക്കി
കൊടകര കുഴൽപ്പണ കേസിലെ കുറ്റപത്രത്തിലും ധർമ്മരാജന്റെ മൊഴിയിലും ഇക്കാര്യങ്ങളുണ്ടെന്ന് പിന്നീട് പുറത്ത് വന്നു. ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രനുമായി അടുത്ത പരിചയമുള്ള ധർമ്മരാജൻ പഞ്ചായത്ത് തിരഞ്ഞെടുപ്പിലും തുടർന്നുവന്ന നിയമസഭാ തിരഞ്ഞെടുപ്പിലും ബിജെപിക്കായി കേരളത്തിലേക്ക് വൻ തോതിൽ കുഴൽപ്പണം കടത്തി. ധർമ്മരാജനെ ഹവാല ഏജന്റ് എന്നാണ് കുറ്റപത്രം വിശേഷിപ്പിക്കുന്നത്. പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ 12 കോടിയിലെ രൂപയാണ് ബംഗളൂരുവിൽ നിന്ന് ധർമ്മരാജനും സംഘവും ബിജെപിക്കായി കൊണ്ടുവന്നത്. നിയമസഭാ തെരഞ്ഞെടുപ്പ് കാലത്ത് ആദ്യം ആറ് കോടി രൂപ ബിജെപിയുടെ തൃശൂർ ജില്ലാ കമ്മിറ്റി ഓഫീസിൽ എത്തിച്ചു. കൊടകരയിൽ കവർച്ച നടന്ന ദിവസവും ഓഫീസിൽ പണം എത്തിച്ചെന്നും ധർമ്മരാജൻ മൊഴി നൽകിയിട്ടുണ്ട്. ധർമ്മരാജനും സംഘത്തിനും ഓഫീസ് സെക്രട്ടറിയായിരുന്ന സതീശൻ തന്നെയാണ് മുറിയെടുത്തു നൽകിയതെന്നും ധർമ്മരാജന്റെ മൊഴിയുണ്ട്. കൊടകര കവർച്ച നടന്നതിന് പിന്നാലെ കെ സുരേന്ദ്രൻ അടക്കമുള്ള വരെയാണ് ധർമരാജൻ വിളിച്ചത്. ആദ്യം എടുത്തില്ല. പിന്നെ സുരേന്ദ്രൻ തിരിച്ചു വിളിച്ചു. നാല് ദിവസം കഴിഞ്ഞു മാത്രം പൊലീസിൽ പരാതി നൽകിയത് കുടുങ്ങും എന്ന് ഭയന്നാണെന്നും കുറ്റപത്രത്തിലുണ്ട്.