കൊച്ചിയിൽ ഒഡിഷ സ്വദേശിയെ ബലാത്സംഗം ചെയ്തെന്ന കേസിൽ പ്രതി ശിവപ്രസാദിനായി പൊലീസിന്റെ ലുക്ക് ഔട്ട് സർക്കുലർ.
കൊച്ചി: കൊച്ചിയിൽ ഒഡിഷ സ്വദേശിയെ ബലാത്സംഗം ചെയ്തെന്ന കേസിൽ പ്രതി ശിവപ്രസാദിനായി പൊലീസിന്റെ ലുക്ക് ഔട്ട് സർക്കുലർ. 26 ദിവസമായി പ്രതി ഒളിവിലാണ്. പ്രതിയുടെ മുൻകൂർ ജാമ്യാപേക്ഷ എറണാകുളം ജില്ല സെഷൻസ് കോടതി കഴിഞ്ഞയാഴ്ച തള്ളിയിരുന്നു. 22 വയസ്സുള്ള ഒഡീഷ സ്വദേശിയായ വീട്ടുജോലിക്കാരിയെ ശിവപ്രസാദ് മദ്യം നൽകി ബലാത്സംഗം ചെയ്തെന്നാണ് കേസ്.
ഇയാൾക്ക് 75 വയസ്സ് പ്രായമുണ്ട്. ഹോർട്ടികോർപ്പ്, ഫിഷറീസ്, പ്ലാന്റേഷൻ കോർപ്പറേഷൻ എംഡി അടക്കം നിരവധി സർക്കാർ പൊതുമേഖലാ സ്ഥാപനങ്ങളിൽ ഉന്നത പദവിയിലിരുന്ന വ്യക്തിയാണ് ശിവപ്രസാദ്. അയൽ സംസ്ഥാനങ്ങളിലടക്കം പ്രതിക്കായി പൊലീസ് തെരച്ചിൽ നടത്തിയിരുന്നു. പ്രത്യേക അന്വേഷണസംഘത്തെ രൂപീകരിച്ചതായും ഇയാൾക്കായി തെരച്ചിൽ ഊർജ്ജിതമാക്കിയെന്നും കൊച്ചി പൊലീസ് പ്രതികരിച്ചു.
കേസിൽ ദേശീയ പട്ടികവർഗ കമ്മീഷൻ സ്വമേധയാ കേസ് എടുത്തിട്ടുണ്ട്.. കൊച്ചി പൊലീസിനോട് ദേശീയ പട്ടികവർഗ കമ്മീഷൻ റിപ്പോർട്ട് തേടി. ഏഴ് ദിവസത്തിനകം കൊച്ചി പൊലീസ് റിപ്പോർട്ട് നൽകണമെന്നാണ് പട്ടികവർഗ കമ്മീഷന്‍റെ നോട്ടീസിൽ പറയുന്നത്.
കൊച്ചിയിലെ ഒരു വീട്ടിൽ ജോലിക്ക് നിന്ന ഒഡീഷ സ്വദേശിനിയായ പട്ടികവർഗ വിഭാഗത്തിൽ പെട്ട യുവതിയാണ് പീഡനത്തിന് ഇരയായത്. സംഭവത്തിൽ ഒക്ടോബർ 17 ന് മരട് പോലീസ് സ്റ്റേഷനിൽ എഫ്ഐആർ രജിസ്റ്റർ ചെയ്തെങ്കിലും പ്രതിയെ പിടികൂടാൻ കഴിഞ്ഞിട്ടില്ല. ഈ സാഹചര്യത്തിലാണ് ദേശീയ പട്ടിക വർഗ കമ്മീഷന്‍റെ ഇടപെടൽ. സർക്കാർ സർവ്വീസിൽ ഉന്നത സ്ഥാനങ്ങൾ വഹിച്ചിരുന്ന പ്രതിയെ സംരക്ഷിക്കാൻ നീക്കം നടക്കുന്നെന്ന ആക്ഷേപവും ശക്തമാണ്. ഈ സാഹചര്യത്തിലാണ് ദേശീയ വനിതാ കമ്മീഷന്‍റെയും ദേശീയ പട്ടികവർഗ കമ്മീഷന്‍റെയും ഇടപെടൽ.