ഈ മാസം 21ന് പുലർച്ചെ 5 മണി മുതൽ ക്ഷേത്രത്തിൽ വിവാഹം നടത്താൻ അനുവദിക്കുമെന്നായിരുന്നു ദേവസ്വം ചെയർമാന്റെ അറിയിപ്പ്.
തൃശൂര്‍: ലോക്ക് ഡൗൺ ഇളവിന്റെ ഭാഗമായി ഗുരുവായൂർ ക്ഷേത്രത്തിൽ വിവാഹം നടത്താമെന്ന പ്രഖ്യാപനം നിമിഷങ്ങൾക്കുള്ളിൽ തിരുത്തി ദേവസ്വം ബോർഡ്. പത്ത് പേർ പങ്കെടുത്ത് കൊണ്ട് വിവാഹം നടത്താമെന്നായിരുന്നു ചെയർമാന്‍റെ പ്രഖ്യാപനം. എന്നാൽ സർക്കാർ ഇടപെട്ടത്തോടെ പിന്നീട് തീരുമാനം തിരുത്തി. ഈ മാസം 21ന് പുലർച്ചെ 5 മണി മുതൽ ക്ഷേത്രത്തിൽ വിവാഹം നടത്താൻ അനുവദിക്കുമെന്നായിരുന്നു ദേവസ്വം ചെയർമാന്റെ അറിയിപ്പ്. കേന്ദ്ര സർക്കാർ 50 പേരെ പങ്കെടുപ്പിച്ച് വിവാഹം നടത്താൻ അനുവദിക്കുമെങ്കിലും ഗുരുവായൂരിൽ 10 പേരെ മാത്രമേ അനുവദിക്കൂ എന്നും ചെയർമാൻ അറിയിച്ചു.
വാർത്ത മാധ്യമങ്ങളിൽ വന്നതോടെയാണ് ദേവസ്വം തീരുമാനം പിൻവലിച്ചത്. ബോര്ഡിന്റെ തീരുമാനത്തിന് സർക്കാരിന്റെ അനുമതി ലഭിച്ചില്ല എന്നാണ് വിശദീകരണമെങ്കിലും കൂടിയാലോചനയില്ലാതെയുള്ള പ്രഖ്യാപനത്തിൽ സർക്കാരിന് അതൃപ്തിയുള്ളതാണ് പിന്മാറ്റത്തിനു കാരണം. വിവാഹങ്ങളുടെ എണ്ണം കൂടുന്നതോടെ കൂടുതൽ ആളുകൾ എത്തും എന്നും ഇതു സ്ഥിതി വഷളാക്കും എന്നുമാണ് സർക്കാർ വിലയിരുത്തൽ. കൊവിഡ് രോഗികളുടെ എണ്ണം കൂടുന്ന സാഹചര്യത്തിൽ ഇത്തരം നീക്കങ്ങൾ ഒഴിവാക്കേണ്ടതായിരുന്നു എന്നാണ് സർക്കാർ കരുതുന്നത്. ഇതു ചൂണ്ടിക്കാട്ടിയപ്പോഴാണ് ദേവസ്വം തീരുമാനം പിൻവലിച്ചത്. അതേസമയം ക്ഷേത്രത്തിലെ പുഷ്പാഞ്ജലി, സപ്തശുദ്ധി ,നെയ് വിളക്ക് വഴിപാടുകൾക്കുള്ള സൗകര്യങ്ങൾ വരും ദിവസങ്ങളിൽ ഏർപ്പെടുത്തും