ദില്ലി കേരള ഹൗസ് കൺട്രോളർ നിയമന നീക്കം ചട്ടങ്ങൾ മറികടന്ന്

By Web TeamFirst Published Dec 10, 2023, 8:16 AM IST
Highlights

ഒറ്റ ഭേദഗതിയിലൂടെ നോണ്‍ ഗസ്റ്റഡ് തസ്തികയിലുള്ള ഭരണാനുകൂല നേതാവിനായി ഇരട്ട പ്രമോഷനാണ് ലക്ഷ്യമിടുന്നത്.

ദില്ലി: കേരള ഹൗസിലെ കണ്‍ട്രോളർ തസ്തികയിലേക്ക് സ്ഥാനക്കയറ്റം നൽകാനാനുള്ള നീക്കം ചട്ടങ്ങളെല്ലാം മറികടന്ന്. റസിഡൻറ് കമ്മീഷണറുടെ ശുപാർശയില്ലാതെയാണ്, ഫ്രണ്ട് ഓഫീസ് മാനേജർ തസ്തികയിലുളള ഉദ്യോഗസ്ഥനെ കണ്‍ട്രോളർ പദവിയിലേക്ക് പരിഗണിക്കാൻ സർക്കാർ തീരുമാനിച്ചത്. സ്ഥാനക്കയറ്റം പഠിക്കാൻ നിയോഗിച്ച ഉന്നത ഉദ്യോഗസ്ഥരടങ്ങിയ സമിതിയും റിപ്പോർട്ടോ ശുപാർശയോ സമർപ്പിച്ചിരുന്നില്ല.

നോണ്‍ ഗസ്റ്റഡ് തസ്തികയായ കേരള ഹൗസിലെ ഫ്രണ്ട് ഓഫീസർ മാനേജർ തസ്തിക ഗസ്റ്റഡ് തസ്തികയാക്കി ഉയർത്തുന്നതൊടൊപ്പം, ഈ തസ്തികയിലുളള ഉദ്യോഗസ്ഥനെ ഉന്നത പദവിയായ കണ്‍ട്രോളർ തസ്തികയിലേക്ക് നിയമിക്കാനുള്ള നീക്കമാണ് നടക്കുന്നത്. കേരള ഹൗസിലെ ഉദ്യോഗസ്ഥർക്ക് സ്ഥാനക്കയറ്റം നൽകാൻ ചട്ടഭേദഗതി കൊണ്ടുവരുന്നതിന്‍റെ മറവിലാണ് അതിവേഗത്തിലെ ഫയൽ നീക്കം. സ്ഥാനക്കയറ്റത്തിനായി തസ്തികകള്‍ ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് കേരള ഹൗസ് ജീവനക്കാർ നൽകിയ നിവേദനത്തിൽ നിന്നാണ് നീക്കങ്ങളുടെ തുടക്കം.

Latest Videos

കേരള ഹൗസിലെ ജീവനക്കാർക്ക് സ്ഥാനക്കയറ്റം നൽകാൻ കഴിയുന്ന തസ്തികയും അനുബന്ധ കാര്യങ്ങളും അറിയിക്കാൻ മുഖ്യമന്ത്രിയുടെ നിർദ്ദേശ പ്രകാരം പൊതുഭരണ വകുപ്പ് കേരള ഹൗസ് റസിഡൻസ് കമ്മീഷണർക്ക് കത്ത് നൽകി. പലവട്ടം കത്തയച്ചിട്ടും റസിഡൻസ് കമ്മീഷണർ സൗരബ് ജെയിൻ മറുപടി നൽകിയില്ലെന്ന് പൊതുഭരണ വകുപ്പ് ഉദ്യോഗസ്ഥർ അഡീഷണൽ സെക്രട്ടറി കെ ആർ ജ്യോതിലാലിനെ അറിയിച്ചു. ഇക്കാര്യം ഫയലിൽ രേഖപ്പെടുത്തി. 

പൊതുഭരണ - ഭരണപരിഷ്കാര- ധന സെക്രട്ടറിമാരുടെ കമ്മിറ്റി രൂപീകരിച്ച് സ്ഥാനക്കയറ്റം പരിശോധിക്കാൻ മുഖ്യമന്ത്രി പിന്നാലെ നിർദ്ദേശിച്ചു. പക്ഷെ യോഗത്തിൽ ധന ഭരണ പരിഷ്കരണ സെക്രട്ടറിമാർക്ക് പകരം പ്രതിനിധികളായ ഉദ്യോഗസ്ഥരാണ് പങ്കെടുത്തത്. പ്രതിനിധികളായ ഉദ്യോഗസ്ഥർ നിർദ്ദേശമൊന്നും മുന്നോട്ടു വച്ചില്ല. ഈ യോഗത്തിന് പ്രത്യേക മിനിറ്റ്സും തയ്യാറാക്കിയില്ല. സാധാരണ രീതിയിൽ പ്രധാനപ്പെട്ട ചട്ടഭേദഗതിയിൽ കമ്മിറ്റി പഠിച്ച് റിപ്പോർട്ട് സമർപ്പിച്ച ശേഷമാണ് തുടർനടപടികളുണ്ടാകുക. ഇവിടെ അതുണ്ടായില്ല.

എൻജിഒ യൂണിയൻ നേതാവിനെ കേരള ഹൗസ് കൺട്രോളറാക്കാൻ നീക്കം; മുഖ്യമന്ത്രി നേരിട്ട് ഇടപെട്ടതിൻ്റെ രേഖ പുറത്ത്

യോഗം ചേർന്നുവെന്നും നോണ്‍ ഗസ്റ്റഡ് തസ്തികയായ ഫ്രണ്ട് ഓഫീസ് മാനജർ തസ്തിക ഗസ്റ്റഡ് ഉയർത്തണമെന്നും കണ്‍ട്രോളർ തസ്തികയിലേക്കും കേരള ഹൗസിലെ ജീവനക്കാരെയും കണ്‍ട്രോളറാകാൻ പരിഗണിക്കാമെന്നും പൊതുഭരണ സെക്രട്ടറി മുഖ്യമന്ത്രിയെ അറിയിച്ചു. ഇതിന് പിന്നാലെയാണ് കേരള ഹൗസിലെ മൂന്നു തസ്തികയിൽ നിന്നും കണ്‍ട്രോളർ തസ്തികയിലേക്ക് സ്ഥാനക്കയറ്റം നൽകാമെന്ന് മുഖ്യമന്ത്രി തീരുമാനിച്ചത്. ഈ തീരുമാനമെടുത്ത ശേഷം റസിഡൻറ് കമ്മീഷണറെ അറിയിക്കുകയായിരുന്നു. നോണ്‍ ഗസ്റ്റഡ് തസ്തികയായ ഫ്രണ്ട് ഓഫീസ് മാനേജറുടെ തസ്തിക ഗസ്റ്റഡ് പദവിയിലേക്ക് ഉയർത്തി അഡീഷണൽ സെക്രട്ടറി റാങ്കിലുള്ള ഉദ്യോഗസ്ഥൻ വഹിക്കുന്ന കണ്‍ട്രോളാകാനാണ് കളമൊരുക്കുന്നത്. അതായത് ഒരു ഒറ്റ ഭേദഗതിയിലൂടെ നോണ്‍ ഗസ്റ്റഡ് തസ്തികയിലുള്ള ഭരണാനുകൂല നേതാവിനായി ഇരട്ട പ്രമോഷനാണ് ലക്ഷ്യമിടുന്നത്.

click me!