Latest Videos

നാലാം മുന്നണി പ്രഖ്യാപിച്ച് കെജ്‍രിവാൾ; ട്വന്റി 20യുമായി സഖ്യം പ്രഖ്യാപിച്ചത് കൊച്ചിയിൽ

By Web TeamFirst Published May 15, 2022, 7:40 PM IST
Highlights

കേരളത്തിലെ 4 കോടി ജനങ്ങളുടെ സഖ്യമെന്ന് കെജ്‍രിവാൾ; ജനക്ഷേമ മുന്നണി കേരളത്തെ മാറ്റുമെന്നും പ്രഖ്യാപനം

കൊച്ചി: ട്വന്റി 20യുമായി സഖ്യം പ്രഖ്യാപിച്ച് ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്‍രിവാൾ. ആം ആദ്മി പാർട്ടി കേരളത്തിൽ ട്വന്റി 20യുമായി ചേർന്ന് പ്രവർത്തിക്കുമെന്ന് കെജ്‍രിവാൾ പറഞ്ഞു. കേരളത്തിലെ നാല് കോടി ജനങ്ങളുടെ സഖ്യമാണിത്. ഈ സഖ്യം കേരളത്തെ മാറ്റുമെന്നും കെജ്‍രിവാൾ കൊച്ചിയിൽ പറഞ്ഞു. കേരളത്തിൽ ഇനി നാല് മുന്നണികളുണ്ടാകും. ആപും ട്വന്റി 20യും ചേർന്നുള്ള ജനക്ഷേമ മുന്നണി കേരളത്തിലെ നാലാമത്തെ മുന്നണിയായിരിക്കുമെന്നും കെജ്‍രിവാൾ അവകാശപ്പെട്ടു. പീപ്പിൾസ് വെൽഫെയർ അലയൻസ് (PWA) എന്ന പേരിലാകും നാലാം മുന്നണിയുടെ പ്രവർത്തനം.

കേരളത്തിലും സർക്കാർ രൂപീകരിക്കും. ഒരു വർഷം കൊണ്ടാണ് ദില്ലിയിൽ സർക്കാർ ഉണ്ടാക്കിയത്. അത് ദൈവത്തിന്റെ മാജിക്കാണ്. കേരളത്തിലും ഇത് സാധ്യമാകുമെന്ന് അരവിന്ദ് കെജ്‍രിവാൾ പറഞ്ഞു. 10 വർഷം മുമ്പ് അരവിന്ദ് കെജ്‍രിവാളിനെ ആരും അറിയുമായിരുന്നില്ല. അഴിമതി ഇല്ലാതാക്കുകയാണ് ദില്ലിയിൽ ആദ്യം ചെയ്തതെന്നും കെജ്‍രിവാൾ പറഞ്ഞു. ദില്ലിയിലെ പോലെ കേരളത്തിലും സൗജന്യ വൈദ്യുതി വേണ്ടെ, അഴിമതി ഇല്ലാതാക്കണ്ടേ... ദില്ലി മുഖ്യമന്ത്രി ചോദിച്ചു. ആദ്യം ദില്ലി, പിന്നെ പഞ്ചാബ്. അടുത്തത് കേരളമാണെന്നും കെജ്‍രിവാൾ പറഞ്ഞു. ട്വന്റി 20 കോർഡിനേറ്റർ സാബു ജേക്കബിന്റെ പ്രവർത്തനങ്ങളെ കെജ്‍രിവാൾ അഭിനന്ദിച്ചു. കിഴക്കമ്പലത്ത്  കിറ്റക്സ് ഗാർമെന്‍റ്സ് ഗ്രൗണ്ടിലെ  ജനസംഗമ പരിപാടിയിലായിരുന്നു സഖ്യ പ്രഖ്യാപനം.

കിഴക്കമ്പലത്തെ ട്വന്‍റി 20 ഭക്ഷ്യ സുരക്ഷാ മാർക്കറ്റും ഗോഡ്‍സ് വില്ലയും കെജ്‌രിവാൾ സന്ദർശിച്ചു. ഇന്നലെ കൊച്ചിയിലെത്തിയ ദില്ലി മുഖ്യമന്ത്രിക്ക് വൻ സ്വീകരണമാണ് ആം ആദ്മി പാർട്ടി പ്രവർത്തകർ ഒരുക്കിയിരുന്നത്.

click me!