സർക്കാർ നൽകിയ ഉറപ്പുകൾ പാഴായി എന്നും അസോസിയേഷൻ വിമർശനം ഉന്നയിച്ചു. ഇന്ന് രാവിലെ മുതലപ്പൊഴിയിൽ വള്ളം മറിഞ്ഞ് മത്സ്യത്തൊഴിലാളി മരിച്ചതിന് പിന്നാലെയാണ് പ്രസ്താവന.
തിരുവനന്തപുരം: മുതലപ്പൊഴിയിൽ ഇന്ന് വളളം മറിഞ്ഞ് മത്സ്യത്തൊഴിലാളി മരിച്ച സംഭവത്തിൽ മുന്നറിയിപ്പുമായി കേരളാ ലാറ്റിൻ കാത്തലിക് അസോസിയേഷൻ. മുതലപ്പൊഴിയിൽ പ്രഖ്യാപിച്ച പരിഹാര നടപടികൾ അടിയന്തരമായി നടപ്പാക്കണമെന്നും അല്ലെങ്കിൽ പ്രതിഷേധം എന്നും കാത്തലിക് അസോസിയേഷൻ മുന്നറിയിപ്പിൽ പറയുന്നു. സർക്കാർ നൽകിയ ഉറപ്പുകൾ പാഴായി എന്നും അസോസിയേഷൻ വിമർശനം ഉന്നയിച്ചു. ഇന്ന് രാവിലെ മുതലപ്പൊഴിയിൽ വള്ളം മറിഞ്ഞ് മത്സ്യത്തൊഴിലാളി മരിച്ചതിന് പിന്നാലെയാണ് പ്രസ്താവന.
വള്ളം അപകടത്തിൽപെട്ട് പുതുക്കുറിച്ചി സ്വദേശി ജോൺ ആണ് മരിച്ചത്. ഇന്ന് പുലർച്ചെ മൂന്നരയോടെ മീൻ പിടിക്കാൻ പോകുമ്പോഴാണ് പൊഴിമുഖത്ത് വച്ച് ശക്തമായ തിരയിൽപ്പെട്ട് വള്ളം മറിഞ്ഞത്. ആറ് പേരാണ് വള്ളത്തിലുണ്ടായിരുന്നത്. അഞ്ച് പേരും നീന്തി രക്ഷപെട്ടു. തിരയിൽപ്പെട്ട ജോൺ പാറക്കെട്ടുകൾക്കിടയിൽ അകപ്പെടുകയായിരുന്നു. രണ്ട് മണിക്കൂറിലധികം തെരച്ചിൽ നടത്തിയ ശേഷമാണ് മൃതദേഹം കണ്ടെത്തിയത്. ജോണിന്റെ മൃതദേഹം ചിറയൻകീഴ് താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. അശാസ്ത്രീയമായ പൊഴി നിർമ്മാണമാണ് അപകടത്തിന് കാരണമെന്ന് ആവർത്തിക്കുകയാണ് മത്സ്യത്തൊഴിലാളികൾ.