ലോറൻസിന്‍റെ മൃതദേഹം വൈദ്യ പഠനത്തിന് വിട്ടുനൽകും; തീരുമാനം കളമശേരി മെഡി. കോളേജ് ഉപദേശക സമിതിയുടേത്

By Web TeamFirst Published Sep 25, 2024, 9:05 PM IST
Highlights

എംഎം ലോറൻസിന്റെ ആഗ്രഹം അത് തന്നെ ആയിരുന്നുവെന്ന് കൃത്യവും വ്യക്തവും വിശ്വാസ യോഗ്യവുമായ സാക്ഷി മൊഴി ഉണ്ടായിരുന്നുവെന്ന് കളമശേരി മെഡിക്കല്‍ കോളേജ് ഉപദേശക സമിതി വിലയിരുത്തി.  

കൊച്ചി: അന്തരിച്ച സിപിഎം നേതാവ് എം എം ലോറൻസിന്റെ മൃതദേഹം വൈദ്യ പഠനത്തിന് വിട്ടുനൽകും. കേരള അനാട്ടമി ആക്ട് പ്രകാരമാണ് കളമശേരി മെഡിക്കല്‍ കോളേജ് ഉപദേശക സമിതിയുടെ തീരുമാനം. എംഎം ലോറൻസിന്റെ ആഗ്രഹം അത് തന്നെ ആയിരുന്നുവെന്ന് കൃത്യവും വ്യക്തവും വിശ്വാസ യോഗ്യവുമായ സാക്ഷി മൊഴി ഉണ്ടായിരുന്നുവെന്ന് കളമശേരി മെഡിക്കല്‍ കോളേജ് ഉപദേശക സമിതി വിലയിരുത്തി.  

എം എം ലോറൻസിന്റെ മക്കളുടെ വാദങ്ങൾ വിസ്തരിച്ച് കേട്ടു. വൈദ്യ പഠനത്തിന് വിട്ടു കൊടുക്കണം എന്നായിരുന്നു അച്ഛന്റെ ആഗ്രഹമെന്ന് മകൻ സജീവൻ ആവർത്തിച്ചു. അത് അംഗീകരിച്ച രണ്ട് സാക്ഷി മൊഴികളുമുണ്ട്. മകള്‍ സുജാത കൃത്യമായി നിലപാട് എടുത്തില്ല. അതേസമയം,, എം എം ലോറൻസിന്റെ മൃതദേഹം വൈദ്യ പഠനത്തിന് വിട്ടുനൽകരുതെന്ന് മകള്‍ ആശ എതിർപ്പ് ആവർത്തിച്ചു. സാക്ഷികളായ അഡ്വ. അരുൺ ആൻ്റണിയും എബിയും മൃതദേഹം വൈദ്യ പഠനത്തിന് വിട്ടുനൽകണം എന്നായിരുന്നു ലോറന്‍സിന്‍റെ ആഗ്രഹമെന്നാണ് ഉപദേശക സമിതിയെ അറിയിച്ചത്. മൃതദേഹം മെഡിക്കൽ പഠനത്തിന് വിട്ടുനൽകുന്നതുമായി ബന്ധപ്പെട്ട നടപടികൾ ഉടൻ തുടങ്ങുമെന്നും കളമശേരി മെഡിക്കല്‍ കോളേജ് ഉപദേശക സമിതി  കൂട്ടിച്ചേര്‍ത്തു.

Latest Videos

ലോറൻസിന്റെ മൃതദേഹം മെഡിക്കൽ കോളേജിന് പഠന ആവശ്യങ്ങൾക്ക് കൈമാറരുതെന്നും മൃതദേഹം ആശുപത്രിക്ക് കൈമാറാൻ ലോറൻസ് പറഞ്ഞിരുന്നില്ലെന്നും വാദിച്ചാണ് മകൾ ആശയുടെ ഹൈക്കോടതിയില്‍ ഹർജിയില്‍ നല്‍കിയത്. അച്ഛന് അങ്ങനെയൊരു ആ​ഗ്രഹം ഉള്ളതായി തനിക്കറിയില്ല. അമ്മ ഉണ്ടായിരുന്നെങ്കിൽ ഇത് സമ്മതിക്കില്ലായിരുന്നു. അച്ഛനെ പള്ളിയിൽ അടക്കണമെന്നും ആശ ആവശ്യപ്പെട്ടു. എന്നാല്‍, മൃതദേഹം മെഡിക്കൽ കോളേജിനെതിരെ കൈമാറണമെന്നത് അച്ഛൻ്റെ ആ​ഗ്രഹമായിരുന്നുവെന്ന് എംഎം ലോറൻസിൻ്റെ മകൻ എംഎൽ സജീവൻ ഏഷ്യാനെറ്റ് ന്യൂസിനോട് പ്രതികരിച്ചത്. 

ശനിയാഴ്ച കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ഉച്ചക്ക് 12 മണിയോടെ ആയിരുന്നു ലോറൻസിന്റെ അന്ത്യം. 2015 ല്‍ സിപിഎം ആലപ്പുഴ സംസ്ഥാന സമ്മേളനത്തോടെ പാര്‍ട്ടിയുടെ ഔദ്യോഗിക സമിതികളില്‍ നിന്നും ഒഴിവായി വിശ്രമ ജീവിതത്തിലായിരുന്ന എംഎം ലോറന്‍സ്. ന്യൂമോണിയ ബാധയെ തുടര്‍ന്ന് കുറച്ചു നാളുകളായി കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.

click me!