കൊവിഡ് മാനദണ്ഡങ്ങൾ ലംഘിച്ച് യോഗം; തൂണേരി പഞ്ചായത്ത് പ്രസിഡന്റടക്കം 30 പേർക്കെതിരെ കേസ്

By Web Team  |  First Published Jul 17, 2020, 12:12 PM IST

ഇക്കഴിഞ്ഞ അഞ്ചാം തീയതിയാണ് കൊവിഡ് മാനദണ്ഡങ്ങൾ ലംഘിച്ച് പഞ്ചായത്ത് മുസ്ലിം ലീഗ് പ്രവർത്തക സമിതി തൂണേരിയിൽ യോഗം ചേർന്നത്. 


കോഴിക്കോട്: കൊവിഡ് മാനദണ്ഡങ്ങള്‍ ലംഘിച്ച് യോഗം നടത്തിയതിന് തൂണേരി പഞ്ചായത്ത് പ്രസിഡന്‍റടക്കം 30 ഓളം മുസ്ലിം ലീഗ് പ്രവര്‍ത്തകര്‍ക്കെതിരെ പൊലീസ് കേസ്. യോഗത്തില്‍ പങ്കെടുത്ത പ്രസിഡന്‍റിന് കഴിഞ്ഞ ദിവസം കൊവിഡ് സ്ഥിരീകരിച്ചിരുന്നു. കൊവിഡ് പ്രതിരോധത്തിന്‍റെ ഭാഗമായി കാസര്‍കോട് ജില്ലയുമായി ബന്ധിപ്പിക്കുന്ന പാലങ്ങളും ഇടറോഡുകളും കണ്ണൂര്‍ ജില്ലാ ഭരണകൂടം അടച്ചു. മലപ്പുറം പൊലീസ് സ്റ്റേഷനിലെ ഒരു പോലീസ് ഉദ്യോഗസ്ഥന് ഇന്ന് കൊവിഡ് സ്ഥിരീകരിച്ചു.

ഇക്കഴിഞ്ഞ അഞ്ചാം തീയതി പൊലീസ് അനുമതി ഇല്ലാതെയായിരുന്നു തൂണേരിയില്‍ പഞ്ചായത്ത് പ്രസിഡന്‍റ് കെപിസി തങ്ങളുടെ നേതൃത്വത്തില്‍ മുസ്ലിം ലീഗ് പ്രവര്‍ത്തക സമിതി ചേര്‍ന്നത്. ഈ യോഗത്തില്‍ പങ്കെടുത്ത ശേഷമാണ് പ്രസിഡന്‍റിനും രണ്ട് പഞ്ചായത്ത് അംഗങ്ങള്‍ക്കും കൊവിഡ് സ്ഥിരീകരിച്ചത്. ഐപിസി 269 പ്രകാരം സര്‍ക്കാര്‍ നിര്‍ദ്ദേശം ലംഘിച്ചതിനും കേരള പൊലീസ് ആക്റ്റ് 118(E) പ്രകാരം പൊതുജന സുരക്ഷയ്ക്ക് ഭീഷണി സൃഷ്ടിച്ചതിനുമാണ് കേസെടുത്തിരിക്കുന്നത്.

Latest Videos

undefined

അതേസമയം ഇന്ന് തൂണേരിയില്‍ കൂടുതല്‍ പേര്‍ക്ക് കൊവിഡ് പരിശോധന നടത്തുന്നുണ്ട്. രോഗപ്പകര്‍ച്ചയ്ക്ക് കാരണമായതായി കരുതുന്ന തൂണേരിയിലെ മരണവീട്ടിലെത്തിയ കണ്ണൂര്‍ പാനൂര്‍ സ്വദേശിയുമായി സമ്പര്‍ക്കമുണ്ടായ എട്ട് പേര്‍ക്ക് ഇന്നലെ കൊവിഡ് സ്ഥിരീകരിച്ചിരുന്നു. ഈ സാഹചര്യത്തില്‍ പാനൂര്‍ നഗരസഭ തീവ്ര നിയന്ത്രിത മേഖലയായി കണ്ണൂര്‍ ജില്ലാ കളക്ടര്‍ പ്രഖ്യാപിച്ചു. കൂടാതെ കാസര്‍കോട് ജില്ലയുമായി ബന്ധിപ്പിക്കുന്ന പാലങ്ങളും ഇടറോഡുകളും അടച്ചിട്ടുണ്ട്. ദേശീയ പാതയിലെ കാലിക്കടവില്‍ ചെക്പോസ്റ്റ് സ്ഥാപിച്ച് നിയന്ത്രിതമായ തോതില്‍ മാത്രമാണ് വാഹനങ്ങള്‍ കടത്തി വിടുന്നത്.

അതിനിടെ, മലപ്പുറം പോലീസ് സ്റ്റേഷനിലെ ഒരു പൊലീസ് ഉദ്യോഗസ്ഥന് കൊവിഡ് സ്ഥിരീകരിച്ചു. പൊന്നാനിയിൽ നാല് ദിവസം ജോലി ചെയ്തതിനെ തുടർന്ന് ഇദ്ദേഹം ക്വാറൻ്റീനിൽ ആയിരുന്നു. ഇദ്ദേഹത്തിന് കൂടുതൽ സമ്പർക്കങ്ങൾ പോലീസ് ഇല്ലെന്ന് ജില്ലാ പൊലീസ് മേധാവി അറിയിച്ചു. കാസര്‍കോട് ജില്ലയിലും വിവിധയിടങ്ങളില്‍ ഇന്ന് കൊവിഡ് പരിശോധന തുടരുകയാണ്. 680 പരിശോധന ഫലങ്ങള്‍ വൈകീട്ടോടെ ലഭിക്കും.

click me!