625 രൂപയാണ് ആന്‍റിജന്‍ ടെസ്റ്റിനുളള നിരക്ക്. എന്നാല്‍ പല ലാബുകളിലും ഈടാക്കുന്നത് ഇതിനേക്കാള്‍ ഉയര്‍ന്ന തുകയാണ്.
കോഴിക്കോട്: കൊവിഡ് പരിശോധനയ്ക്ക് സ്വകാര്യ ലാബുകള്‍ അമിത നിരക്ക് ഈടാക്കുന്നതായി പരാതി. സര്‍ക്കാര്‍ നിശ്ചയിച്ച തുകയുടെ ഇരട്ടിയോളമാണ് പല ലാബുകളും ഈടാക്കുന്നത്. സ്വകാര്യ ലാബുകളിലെ പരിശോധന ഫലമാകട്ടെ ആരോഗ്യ വകുപ്പ് യഥാസമയം അറിയുന്നുമില്ല.
കൊവിഡ് പരിശോധന വേഗത്തിലാക്കാനും അതുവഴി രോഗവ്യാപനം തടയാനുമാണ് ഐസിഎംആര്‍ സ്വകാര്യ ലാബുകള്‍ക്കും കൊവിഡ് പരിശോധനയ്ക്ക് അനുമതി നല്‍കിയത്. ഇതിന്‍റെ തുടര്‍ച്ചയായി കൊവിഡ് പരിശോധനയ്ക്കുളള നിരക്ക് വ്യക്തമാക്കി കൊണ്ട് ആരോഗ്യ വകുപ്പ് സെക്രട്ടറി രാജന്‍ ഗോബ്രഗഡെ കഴിഞ്ഞ മാസം 23ന് ഉത്തരവും ഇറക്കിയിരുന്നു. ഇതുപ്രകാരം 625 രൂപയാണ് ആന്‍റിജന്‍ ടെസ്റ്റിനുളള നിരക്ക്. എന്നാല്‍ പല ലാബുകളിലും ഈടാക്കുന്നത് ഇതിനേക്കാള്‍ ഉയര്‍ന്ന തുകയാണ്.
undefined
ചില ലാബുകളിലാകട്ടെ ആന്‍റിജന്‍ ടെസ്റ്റ് നടത്തുന്നുമില്ല, പകരം RTPCR ടെസ്റ്റാണ് നടത്തുന്നത്. ഇതിനാകട്ടെ ആന്‍റിജന്‍ ടെസ്റ്റിന്‍റെ നാലിരട്ടിയിലേറെയാണ് നിരക്ക്. ഇതരസംസ്ഥാന തൊഴിലാളികളുടെ പരിശോധന ചെലവ് തൊഴിലുടമ വഹിക്കണമെന്നതിനാല്‍ തൊഴിലുടമകള്‍ക്കാണ് ഇത് വലിയ ബാധ്യതയായി മാറുന്നത്. സ്വകാര്യ ലാബുകളില്‍ കൊവിഡ് പരിശോധന നടത്തിയാല്‍ അന്നേ ദിവസം തന്നെ അക്കാര്യം ആരോഗ്യ വകുപ്പിനെ അറിയിക്കണമെന്ന് നിര്‍ദ്ദേശമുണ്ടെങ്കിലും പല ലാബുകളും ഇത് പാലിക്കുന്നില്ലെന്ന് കോഴിക്കോട് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ വി. ജയശ്രീ പറയുന്നു.
ബേപ്പൂരില്‍ കുളച്ചല്‍ സ്വദേശികളായ 13 മത്സ്യബന്ധന തൊഴിലാളികള്‍ക്ക് സ്വകാര്യ ലാബിലെ പരിശോധനയില്‍ കൊവിഡ് സ്ഥിരീകരിച്ചത് ഏറെ വൈകിയാണ് ആരോഗ്യവകുപ്പ് അറിഞ്ഞത്. അതേസമയം, ആരോഗ്യ വകുപ്പിന്‍റെ നിര്‍ദ്ദേശമനുസരിച്ച് വെബ്‌സൈറ്റില്‍ വിവരങ്ങള്‍ അപ്പപ്പോള്‍ അപ്ലോഡ് ചെയ്യുന്നുണ്ടെന്നാണ് സ്വകാര്യ ലാബുകളുടെ വാദം. ടെസ്റ്റ് കിറ്റുകള്‍ക്ക് വരുന്ന ചെലവാണ് സര്‍ക്കാര്‍ പരിശോധന നിരക്കായി നിശ്ചയിച്ചതെന്നും ഇത് അപര്യാപ്തമെന്നും ലാബ് ഉടമകള്‍ പറയുന്നു.