'മൂത്രത്തില്‍ നനഞ്ഞ് കിടന്നത് മൂന്ന് ദിവസം', തിരുവനന്തപുരം മെഡിക്കൽ കോളേജിനെതിരെ കൊവിഡ് രോഗി

By Web Team  |  First Published Dec 7, 2020, 4:23 PM IST

പുറത്തിറങ്ങി വിദഗ്ധ ചികിൽസ തേടുന്നതിനൊപ്പം ആരോഗ്യമന്ത്രിക്ക് പരാതിയും നല്‍കാനൊരുങ്ങുകയാണ് ലക്ഷ്മി. എന്നാല്‍ ആരോപണങ്ങൾ തിരുവനന്തപുരം മെഡിക്കൽ കോളേജ് നിഷേധിച്ചു.


തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയിലെ കൊവിഡ് പരിചരണത്തിനെതിരെ ഗുരുതര ആരോപണങ്ങളുമായി യുവതി. പനി കൂടി എഴുന്നേല്‍ക്കാൻ പോലുമാകാത്ത അവസ്ഥയില്‍ മൂത്രത്തില്‍ നനഞ്ഞ് മൂന്ന് ദിവസം കിടന്നിട്ടും ആരും തിരിഞ്ഞു നോക്കിയില്ലെന്നാണ് പരാതി. ആരോഗ്യാവസ്ഥ മോശമായിട്ടും പരിചരണം കിട്ടിയില്ലെന്നും യുവതി ആരോപിക്കുന്നു. അതേസമയം യുവതിയുടെ ആരോപണങ്ങള്‍ ആശുപത്രി അധികൃതര്‍ തള്ളി.

Latest Videos

undefined

കഴിഞ്ഞ മാസം 26നാണ് കൊവിഡ് പൊസിറ്റീവായ വട്ടപ്പാറ സ്വദേശി ലക്ഷ്മിയെ തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. പനിയും ശ്വാസംമുട്ടും ഉണ്ടായിരുന്നു. ആറാം വാര്‍ഡില്‍ പ്രവേശിപ്പിച്ച ലക്ഷ്മിക്ക് കുത്തിവയ്പെടുത്തു. അതോടെ ശരീരവേദനയും ക്ഷീണവും കൂടിയെന്നാണ് ലക്ഷ്മി പറയുന്നത്. തനിക്ക് ചില മരുന്നുകളോട് അലര്‍ജി ഉണ്ടെന്ന് അറിയിച്ചിട്ടും അലര്‍ജി പരിശോധന പോലും നടത്താതെ കുത്തിവയ്പ് തുടര്‍ന്നു എന്നും ഇത് ആരോഗ്യം കൂടുതല്‍ വഷളാക്കിയെന്നും ലക്ഷ്മി ആരോപിക്കുന്നു. 

ആരോഗ്യം ക്ഷയിച്ചതോടെ കിടക്കയില്‍ നിന്ന് എഴുന്നേല്‍ക്കാനാകാത്ത അവസ്ഥയായി. കിടക്കയില്‍ തന്നെ മൂത്രമൊഴിച്ചു. തലമുടിവരെ മൂത്രത്തില്‍ നനഞ്ഞിട്ടും നഴ്സുമാര്‍ തിരിഞ്ഞുനോക്കിയില്ലെന്നും ലക്ഷ്മി പറയുന്നു. ഇപ്പോൾ കൊവിഡ് നെഗറ്റീവ് ആയി എന്നാൽ ആരോഗ്യം തീരെ ഇല്ല. നടക്കാൻ പോലും വയ്യ. പുറത്തിറങ്ങി വിദഗ്ധ ചികിൽസ തേടുന്നതിനൊപ്പം ആരോഗ്യമന്ത്രിക്ക് പരാതിയും നല്‍കാനൊരുങ്ങുകയാണ് ലക്ഷ്മി. എന്നാല്‍ ന്യുമോണിയ ഭേദമാകുന്നതിനുള്ള ആന്‍റിബയോട്ടിക്കാണ് നല്‍കിയതെന്നും രോഗി ഗുരുതരവാസ്ഥയിലായിട്ടില്ലെന്നും കൃത്യമായ ചികിത്സയും പരിചരണവും നൽകിയെന്നും ആശുപത്രിയിലെ കൊവിഡ് നോഡൽ ഓഫിസര്‍ പ്രതികരിച്ചു. 

click me!