സംസ്ഥാനത്ത് കൊവിഡ് ഗ്രാഫ് മുകളിലേക്ക്, ആശങ്കയായി സമ്പർക്ക വ്യാപനം

By Web Team  |  First Published Jul 19, 2020, 6:33 AM IST

ഒരാഴ്ചയ്ക്കിടെ റിപ്പോർട്ട് ചെയ്യപ്പെട്ട 4704 രോഗികളിൽ 2789 ഉം സമ്പർക്ക രോഗികളാണ്. അതായത് 59.28 ശതമാനം. സംസ്ഥാനത്ത് ആകെ റിപ്പോർട്ട് ചെയ്യപ്പെട്ട 11659 കേസുകളുടെ 36.22 ശതമാനമാണ് സമ്പർക്ക രോഗികൾ


തിരുവനന്തപുരം: കഴിഞ്ഞ അഞ്ച് ദിവസവും സംസ്ഥാനത്ത് റിപ്പോർട്ട് ചെയ്ത കൊവിഡ് കേസുകളുടെ അറുപത് ശതമാനത്തിലധികവും സമ്പർക്ക രോഗികൾ. പത്ത് ശതമാനത്തിലേക്ക് ഒതുക്കാൻ ആരോഗ്യ വകുപ്പ് തീവ്ര ശ്രമം നടത്തിയ സമ്പർക്ക വ്യാപനമാണ് കഴിഞ്ഞ ദിവസങ്ങളിൽ 60 ശതമാനവും കടന്ന് കുതിക്കുന്നത്. കഴിഞ്ഞ ഒരാഴ്ച മാത്രം 4709 കൊവിഡ് കേസുകളാണ് സംസ്ഥാനത്ത് റിപ്പോർട്ട് ചെയ്തത്.

സമ്പർക്ക വ്യാപനം 60 ശതമാനത്തിലേക്ക്

Latest Videos

undefined

ജൂലൈ 11ന് -47.9%

ജൂലൈ 12ന് - 47.3 %

ജൂലൈ 13ന് - 32%

ജൂലൈ 14ന് - 65%

ജൂലൈ 15ന് - 69.3%

ജൂലൈ 16ന് -66.6%

ജൂലൈ 17ന് - 67.2%

ജൂലൈ 18ന് - 61.3%

ഒരാഴ്ചയിലെ കണക്കുകൾ

ആകെ രോഗികൾ- 4709

സമ്പർക്ക ശതമാനം -59.28

മുപ്പത് ശതമാനത്തിനറപ്പുറം അപകടം

ജൂലൈ പത്തിന് സംസ്ഥാനത്ത് റിപ്പോർട്ട് ചെയ്യപ്പെട്ട കൊവിഡ് കേസുകളിൽ സമ്പർക്ക രോഗികൾ 49 ശതമാനമായിരുന്നു. അതുവരെ സംസ്ഥാനത്ത് റിപ്പോർട്ട് ചെയ്യപ്പെട്ട കേസുകളിൽ സമ്പർക്കം വഴി രോഗം വന്നവരുടെ ശതമാനം അന്ന് 20.64 ലേക്ക് ഉയർന്നു. ജൂലൈ 11ന് രോഗം സ്ഥിരീകരിച്ച 488 ൽ 234 പേ‍ർക്കായിരുന്നു സമ്പർക്കത്തിലൂടെ രോഗം സ്ഥിരീകരിച്ചത്. 47.9 ശതമാനം. ജൂലൈ 12ന് ഇത് 47.3 ശതമാനം. 435ൽ 206 പേർക്ക് അന്ന് സമ്പർക്കത്തിലൂടെ രോഗം വന്നു. 13ന് ഇത് 32 ശതമാനമായി. രോഗികളുടെ എണ്ണം 600ലേക്ക് കുതിച്ചുയർന്ന 14ന് 65 % സമ്പർക്ക രോഗികളായിരുന്നു. 15ന് ഇത് 69.3 ശതമാനമായി. 722 പേർക്ക് രോഗം പിടിപ്പെട്ട 16 ന് സമ്പർക്ക ശതമാനം 66.6 ശതമാനമായിരുന്നു സമ്പർക്ക രോഗികൾ. ഏറ്റവും അധികം രോഗികൾ റിപ്പോർട്ട് ചെയ്യപ്പെട്ട 17ന് 791ൽ 532 പേർക്കും സമ്പർക്കത്തിലൂടെ രോഗം.( 67.2 ശതമാനം). ഇന്നലെ രോഗം പിടിപ്പെട്ട 593 പേരിൽ 364 പേർക്ക് സമ്പർക്കത്തിലൂടെയാണ് വൈറസ് പിടിപ്പെട്ടത്. (61.3 ശതമാനം). 

ഒരാഴ്ചയ്ക്കിടെ റിപ്പോർട്ട് ചെയ്യപ്പെട്ട 4704 രോഗികളിൽ 2789 ഉം സമ്പർക്ക രോഗികളാണ്. അതായത് 59.28 ശതമാനം. സംസ്ഥാനത്ത് ആകെ റിപ്പോർട്ട് ചെയ്യപ്പെട്ട 11659 കേസുകളുടെ 36.22 ശതമാനമാണ് സമ്പർക്ക രോഗികൾ. മുപ്പത് ശതമാനത്തിലേക്ക് സമ്പർക്ക രോഗികളുടെ എണ്ണം ഉയരുന്നത് അപകടമാണെന്ന് നേരത്തെ തന്നെ ആരോഗ്യമന്ത്രി മുന്നറിയിപ്പ് നൽകിയിരുന്നു. കഴിഞ്ഞ ഒരാഴ്ചയിലെ കണക്കാകട്ടെ പ്രതീക്ഷിച്ചതിലും വളരെ കൂടുതലും. തീരദേശങ്ങളിലെ ചെറുതും വലുതുമായ ക്ലസ്റ്ററുകളാണ് ശതമാന കണക്കുകളിലെ പ്രകടമായ മാറ്റങ്ങൾക്ക് കാരണം. സമൂഹവ്യാപനം സ്ഥിരീകരിച്ച പൂന്തുറയിലും പുല്ലുവിളയിലും പരിശോധന നടക്കുന്ന രണ്ടിൽ ഒരാൾക്ക് വരെ രോഗം സ്ഥിരീകരിക്കുന്ന അവസ്ഥയാണ്. ഇവിടങ്ങളിൽ ലോക്ക് ഡൗൺ രണ്ടാഴ്ചയാകുമ്പോഴും രോഗവ്യാപനത്തിന് ശമനമില്ലെന്നത് ആശങ്കയേറ്റുന്നു.

click me!