മൂന്ന് ചുമട്ട് തൊഴിലാളികൾക്കടക്കം 19 പേർക്കാണ് ചെറുതോണിയിൽ കഴിഞ്ഞ ദിവസം കൊവിഡ് സ്ഥിരീകരിച്ചത്. ചെറുതോണി ടൗണിനടുത്തുള്ള കോളനിയിലാണ് ഈ 19 കേസുകളും. ഇവിടെ അടുത്തടുത്ത് വീടുകളുള്ളത് ആശങ്ക ഇരട്ടിയാക്കുന്നു.
ഇടുക്കി: കൊവിഡ് വ്യാപനത്തിൽ ആശങ്കപ്പെട്ട് ഇടുക്കിയിലെ ചെറുതോണി ഗ്രാമം. ചെറുതോണി കോളനിയിലെ 19 പേർക്ക് ഇന്നലെ മാത്രം കൊവിഡ് സ്ഥിരീകരിച്ചു. മേഖലയിൽ ജില്ലാ ഭരണകൂടം ട്രിപ്പിൾ ലോക്ഡൗൺ പ്രഖ്യാപിച്ചിരിക്കുകയാണ്.
മൂന്ന് ചുമട്ട് തൊഴിലാളികൾക്കടക്കം 19 പേർക്കാണ് ചെറുതോണിയിൽ കഴിഞ്ഞ ദിവസം കൊവിഡ് സ്ഥിരീകരിച്ചത്. ചെറുതോണി ടൗണിനടുത്തുള്ള കോളനിയിലാണ് ഈ 19 കേസുകളും. ഇവിടെ അടുത്തടുത്ത് വീടുകളുള്ളത് ആശങ്ക ഇരട്ടിയാക്കുന്നു. കരിമ്പനിൽ കൊവിഡ് ബാധിച്ച ഹോട്ടൽ ജീവനക്കാരന്‍റെ ബന്ധുവായ സ്ത്രീയിൽ നിന്നാണ് ചെറുതോണിയിലേക്ക് കൊവിഡ് എത്തിയത്. ഇതോടെ വാഴത്തോപ്പ് പഞ്ചായത്തിലെ പത്താം വാർഡിൽ ഒരാഴ്ചത്തേക്ക് ജില്ലഭരണകൂടം ട്രിപ്പിൾ ലോക്ഡൗൺ പ്രഖ്യാപിച്ചു. പഞ്ചായത്തിലെ മറ്റ് വാർഡുകളെ നിയന്ത്രിത മേഖലകളാക്കി.
നാല് ദിവസത്തിനുള്ളിൽ 32 പേർക്കാണ് ചെറുതോണിയിൽ കൊവിഡ് സ്ഥിരീകരിച്ചത്. ചുമട്ട് തൊഴിലാളികൾക്ക് അടക്കം രോഗം ബാധിച്ചത് ചെറുതോണി ടൗണിലുള്ളവരെയും ആശങ്കയിലാഴ്ത്തിയിരിക്കുകയാണ്. തൊട്ടടുത്ത കരിമ്പനിൽ 25 പേർക്കാണ് ഇതുവരെ രോഗം ബാധിച്ചത്. കരിമ്പനിലെ ഒരു ഹോട്ടലിൽ നിന്നാണ് രോഗപ്പകർച്ച. മേഖലയിലാകെ 65 പേർക്ക് ഇതുവരെ കൊവിഡ് ബാധിച്ചു. നിയന്ത്രിത മേഖലയാക്കിയതിന് പുറമേ ആരോഗ്യപ്രവർത്തകർ ഇവിടെ ബോധവത്കരണവും നിരീക്ഷണവും ഊർജിതമാക്കി. കൊവിഡ് കേസുകൾ പഞ്ചായത്തിലെ കൂടുതൽ മേഖകളിലേക്ക് വ്യാപിച്ചാൽ ക്ലസ്റ്ററായി പ്രഖ്യാപിക്കേണ്ടി വരുമെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു.