വയോജന കേന്ദ്രങ്ങളിലെ എല്ലാവർക്കും കൊവിഡ് പരിശോധന, നിര്‍ദ്ദേശം നൽകിയതായി ആരോഗ്യമന്ത്രി

By Web Team  |  First Published Aug 11, 2020, 3:52 PM IST

ആരോഗ്യ വകുപ്പും എന്‍എച്ച്എമ്മും സാമൂഹ്യനീതി വകുപ്പും സഹകരിച്ചാണ് പരിശോധനകള്‍ നടത്തുന്നത്. ഇത് സംബന്ധിച്ചുള്ള ആക്ഷന്‍പ്ലാന്‍ ആരോഗ്യ വകുപ്പ് എന്‍സിഡി ഡിവിഷന്‍ തയ്യാറാക്കിയതായും മന്ത്രി


തിരുവനന്തപുരം: കൊവിഡ് പടരുന്ന പശ്ചാത്തലത്തില്‍ വയോജന കേന്ദ്രങ്ങളിലെ എല്ലാവർക്കും കൊവിഡ് പരിശോധന നടത്താൻ തീരുമാനം. ആരോഗ്യ വകുപ്പും ദേശീയ ആരോഗ്യ ദൗത്യവും സാമൂഹ്യ സുരക്ഷാ മിഷനും സഹകരിച്ചാണ് പരിശോധന നടത്തുക. 619 വൃദ്ധ സദനങ്ങളിലെ 21,000 അന്തേവാസികളെ പരിശോധിക്കും. കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായുള്ള ഗ്രാന്റ് കെയര്‍ പദ്ധതി പ്രകാരം വയോജന സംരക്ഷണ കേന്ദ്രങ്ങളില്‍ അടിയന്തര നടപടികള്‍ സ്വീകരിച്ചു വരുന്നതായും ആരോഗ്യ സാമൂഹ്യനീതി വനിത ശിശുവികസന വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. 

ആരോഗ്യ വകുപ്പും എന്‍എച്ച്എമ്മും സാമൂഹ്യനീതി വകുപ്പും സഹകരിച്ചാണ് പരിശോധനകള്‍ നടത്തുന്നത്. ഇത് സംബന്ധിച്ചുള്ള ആക്ഷന്‍പ്ലാന്‍ ആരോഗ്യ വകുപ്പ് എന്‍സിഡി ഡിവിഷന്‍ തയ്യാറാക്കിയതായും മന്ത്രി വ്യക്തമാക്കി. പരിശോധനയിൽ കൂടുതല്‍ പോസിറ്റീവ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്ന സ്ഥാപനങ്ങളെ സിഎഫ്എല്‍ടിസി ആക്കും. ഒന്നോ രണ്ടോ കേസുകള്‍ മാത്രമുണ്ടെങ്കില്‍ അവരെ തൊട്ടടുത്തുള്ള സിഎഫ്എല്‍ടിസിയിലേക്ക് മാറ്റും.

Latest Videos

undefined

കെയര്‍ ഹോമിന് പുറത്തുള്ള വയോജനങ്ങളുടെ കേസുകള്‍ പരിശോധിക്കുന്നതിന് കുടുംബശ്രീയുടെ ഗ്രാന്റ് കെയര്‍ ആപ്പ് ഉപയോഗിക്കുന്നതാണ്. പഞ്ചായത്ത് ബ്ലോക്ക് തലത്തില്‍ ഐസിഡിഎസ് സൂപ്പര്‍വൈസര്‍മാര്‍, സിഡിപിഒ എന്നിവര്‍ കണ്‍സള്‍ട്ടന്റായി മോണിറ്റര്‍ ചെയ്ത് 47 ലക്ഷം വയോജനങ്ങളേയും സമീപിക്കുന്നുണ്ടോ എന്ന് ഉറപ്പ് വരുത്തുന്നു. കൂടാതെ ജില്ലാ തലത്തില്‍ പ്രോഗ്രാം ഓഫീസര്‍മാര്‍, ജില്ലാ സാമൂഹ്യനീതി ഓഫീസര്‍, ഡി.എം.ഒ.യുടെ പ്രതിനിധി, കുടുംബശ്രീയുടെ ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ എന്നിവര്‍ സംയുക്തമായി നിരീക്ഷിച്ച് എല്ലാ ദിവസവും രാവിലേയും വൈകുന്നേരവും കണക്കുകള്‍ പരിശോധിച്ചുവരുന്നു. ജില്ലാതല വയോജന സെല്‍ ശക്തിപ്പെടുത്തി കോള്‍സെന്റര്‍ സജ്ജമാക്കി വരുന്നതായും മന്ത്രി കൂട്ടിച്ചേര്‍ത്തു

ജില്ലാ സാമൂഹ്യനീതി ഓഫീസറായിരിക്കും ഇതിന്റെ നോഡല്‍ ഓഫീസര്‍. ആരോഗ്യവകുപ്പില്‍ നിന്നും ഡെപ്യൂട്ടി ഡി. എം., വനിതാശിശു വികസന വകുപ്പില്‍ നിന്നും പ്രോഗ്രാം ഓഫീസര്‍/സി.ഡി.പി.ഒ, വയോമിത്രം കോര്‍ഡിനേറ്റര്‍, 10 അങ്കണവാടി പ്രവര്‍ത്തകര്‍, 10 സന്നദ്ധ വോളണ്ടിയര്‍, സാമൂഹ്യ സുരക്ഷ മിഷന്റെ മെഡിക്കല്‍ ടീം, കുടുംബശ്രീ ജില്ലാ കോ-ഓര്‍ഡിനേറ്റര്‍/ പ്രതിനിധി എന്നിവരാണ് ഈ സെല്ലിലുള്ളതെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. 

 

 

click me!