പാറത്തോട് പഞ്ചായത്തിലെ സ്ഥിതിയാണ് വളരെ ഗുരുതരമായിരിക്കുന്നത്. 15 പേർക്കാണ് ഇന്ന് മാത്രം ഇവിടെ രോഗം ബാധിച്ചത്. കോട്ടയത്തെ ഓട്ടോറിക്ഷയടക്കം പൊതുവാഹനങ്ങളിൽ ഡ്രൈവറും യാത്രക്കാരും തമ്മിൽ പ്ലാസ്റ്റിക് ഷീറ്റിട്ട് മറയ്ക്കണമെന്ന് നിർദേശം.
കോട്ടയം: ജില്ലയിലെ രോഗബാധ അതീവഗുരുതരമായ സ്ഥിതിയിലെന്ന് ജില്ലാ ഭരണകൂടം. ഇന്ന് രോഗം സ്ഥിരീകരിച്ച 25-ൽ 22 പേര്‍ക്കും സമ്പര്‍ക്കം മുഖേനയാണ് രോഗം ബാധിച്ചത്. സമ്പര്‍ക്കം മുഖേന രോഗബാധിതരായവരില്‍ 15 പേര്‍ പാറത്തോട് ഗ്രാമപഞ്ചായത്തില്‍ നിന്നുള്ളവരാണ് എന്നതാണ് ശ്രദ്ധേയം. രണ്ടു പേര്‍ വിദേശത്ത് നിന്നും ഒരാള്‍ ബാംഗ്ലൂരില്‍ നിന്നും എത്തിയതാണ്.
നേരത്തേ രോഗം സ്ഥിരീകരിച്ച് മരിച്ചയാളുടെ സമ്പർക്കപ്പട്ടികയിലെ 12 പേർക്കാണ് ഇന്ന് രോഗം സ്ഥിരീകരിച്ചത്. കൂടാതെ ഈ സ്ഥലത്തെ മറ്റ് മൂന്ന് പേർക്കും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്.
undefined
കുമരകം സ്വദേശിയായ മത്സ്യക്കടക്കാരനും രോഗം സ്ഥിരീകരിച്ചു എന്നതാണ് ഗുരുതരമായ സ്ഥിതി. ഇദ്ദേഹത്തിന്‍റെ സമ്പർക്കപ്പട്ടിക വിപുലമാണ്. തിരുവാതുക്കലും കുമരകത്തും ഇദ്ദേഹത്തിന് മീൻകടയുണ്ട്. ഇവിടെ നിരവധിപ്പേർ വന്ന് പോയിട്ടുമുണ്ട്. ഇദ്ദേഹത്തിന് എവിടെ നിന്ന് രോഗം വന്നു എന്ന് ഇത് വരെ വ്യക്തമായിട്ടില്ല.
അതേസമയം, എഴുമാന്തുരുത്ത് സ്വദേശിയായ മൂന്ന് വയസ്സുള്ള കുട്ടിക്കും ഇന്ന് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ഈ കുട്ടിക്കും എങ്ങനെയാണ് രോഗം വന്നു എന്ന് അറിയില്ല. നേരത്തെ രോഗം സ്ഥീരീകരിച്ച വെച്ചൂര്‍ സ്വദേശിനിയുടെ മകള്‍ക്കും (12) രോഗബാധിതയായി ചികിത്സയില്‍ കഴിയുന്ന എഴുമാന്തുരുത്ത് സ്വദേശിനിയുമായി സമ്പര്‍ക്കം പുലര്‍ത്തിയ 75കാരിക്കും നേരത്തെ രോഗം സ്ഥിരീകരിച്ച പൈക സ്വദേശിയുടെ സമ്പര്‍ക്ക പട്ടികയിലുണ്ടായിരുന്ന കാഞ്ഞിരപ്പള്ളി സ്വദേശിക്കും (28) വൈറസ് ബാധ സ്ഥിരീകരിച്ചു.
കോട്ടയത്ത് സ്ഥിതി അതീവഗുരുതരമായ സാഹചര്യത്തിൽ പൊതുവാഹനങ്ങളിൽ ഡ്രൈവർ ക്യാബിൻ അക്രിലിക് ഷീറ്റ് ഉപയോഗിച്ച് വേർതിരിക്കണമെന്ന് കോട്ടയം ജില്ലാ ഭരണകൂടം വ്യക്തമാക്കി. ഓട്ടോറിക്ഷാ, ടാക്സി, ബസ്സുകൾ എന്നിവയിൽ ഇത്തരം സംവിധാനം ഉപയോഗിച്ചാലേ നിരത്തിലിറങ്ങാൻ അനുവദിക്കൂ എന്നും ജില്ലാ കളക്ടർ അറിയിച്ചു.
ജില്ലയിലെ പുതിയ കണ്ടെയ്ൻമെന്‍റ് സോണുകൾ: പാറത്തോട് പഞ്ചായത്തിലെ 7, 8, 9 വാർഡുകൾ കണ്ടെയ്ൻ്റ്മെൻ്റ് സോണുകളായി പ്രഖ്യാപിച്ചു. ചിറക്കടവ് പഞ്ചായത്ത് 4,5 വാർഡുകൾ, മണർകാട് 8, അയ്മനം 6, കടുത്തുരുത്തി 16, ഉദയനാപുരം 16, തലയോലപ്പറമ്പ് 4.
ഖത്തറില്‍നിന്ന് ജൂണ്‍ 28ന് എത്തി ഹോം ക്വാറന്റയിനില്‍ കഴിഞ്ഞിരുന്ന തൃക്കൊടിത്താനം സ്വദേശി (46), ബാംഗ്ലൂരില്‍നിന്ന് ജൂലൈ ഒന്നിന് കാറില്‍ എത്തി ഹോം ക്വാറന്‍റീനിൽ കഴിഞ്ഞിരുന്ന മുണ്ടക്കയം സ്വദേശിയായ ആണ്‍കുട്ടി (14), ദുബായില്‍നിന്ന് ജൂലൈ ഒന്നിന് എത്തി തൊടുപുഴയില്‍ ഹോം ക്വാറന്‍റീനിൽ കഴിഞ്ഞിരുന്ന പൂവക്കുളം സ്വദേശി (30) എന്നിവരാണ് രോഗം സ്ഥിരീകരിച്ച മറ്റുള്ളവര്‍.