കണ്ണൂ‍‍ർ-തിരുവനന്തപുരം ജനശതാബ്ദി എക്സ്പ്രസിൽ കൊവിഡ് രോഗി യാത്ര ചെയ്തു; കൊച്ചിയിൽ ഇറക്കി

By Web Team  |  First Published Jul 31, 2020, 10:52 AM IST

കൊവിഡ് പരിശോധന ഫലം വരുന്നതിന് മുൻപാണ് ഇയാൾ ട്രെയിനിൽ കയറിയതെന്നാണ് വിവരം. പൊസിറ്റീവ് ആണെന്ന് അറിഞ്ഞതോടെ കൊച്ചിയിൽ ഇറക്കി


കൊച്ചി: കണ്ണൂരിൽ നിന്ന് തിരുവനനന്തപുരത്തേക്ക് വന്ന ജനശതാബ്ദി എക്സ്പ്രസിൽ കൊവിഡ് പൊസിറ്റീവ് ആയ ആൾ യാത്ര ചെയ്തു. കോഴിക്കോട്ടു നിന്നാണ് ട്രെയിനിൽ കയറിയത്. കൊവിഡ് പരിശോധന ഫലം വരുന്നതിന് മുമ്പാണ് ഇയാൾ ട്രെയിനിൽ കയറിയത്. പൊസിറ്റീവ് ആണെന്ന് അറിഞ്ഞതോടെ റെയിൽവെ അധികൃതരെ വിവരം അറിയിക്കുകയും റെയിൽവെ ആരോഗ്യവിഭാഗം ഇയാളെ കൊച്ചിയിലിറക്കി സംസ്ഥാന ആരോഗ്യവകുപ്പിന് കൈമാറുകയും ആയിരുന്നു. 

കന്യാകുമാരി സ്വദേശിയായ യുവാവ് കുന്ദമംഗലത്ത് കെഎസ്ഇബി കരാർ ജോലിക്കാരനാണ്. മുന്ന് ദിവസം മുമ്പ് ശാരീരിക അസ്വസ്ഥത ഉണ്ടായതിനെ തുടർന്ന് സ്രവം പരിശോധനക്ക് എടുത്തിരുന്നു. ഭാര്യയെ തിരുവനന്തപുരത്ത് ആശുപത്രിയിൽ പ്രസവത്തിനു അഡ്മിറ്റ്‌ ചെയ്തതിനെ തുടർന്നാണ് യാത്രക്ക് തയ്യാറായത്. തൃശ്ശൂര് എത്തിയ ശേഷമാണ് പരിശോധന ഫലം പൊസിറ്റീവ് ആണെന്ന് അറിഞ്ഞത്. തുടർന്ന് എറണാകുളം നോർത്ത് റെയിൽവേ സ്റ്റേഷനിൽ ഇറക്കി കളമശ്ശേരി മെഡിക്കൽ കോളജിലേക്ക് മാറ്റുകയായിരുന്നു. 

Latest Videos

undefined

കൊവിഡ് പൊസിറ്റീവ് ആയ ആൾ യാത്ര ചെയ്തെന്ന് തിരിച്ചറിഞ്ഞതോടെ ട്രെയിനിലെ ആ കമ്പാര്‍ട്ട്മെന്‍റ് സീൽ ചെയ്തു.  ഒപ്പമുണ്ടായിരുന്ന  3 പേരെ ഇവിടെ നിന്ന് മാറ്റി. ട്രെയിൻ യാത്ര തുടരുകയാണ്. തിരുവനന്തപുരത്തെത്തി അണുവിമുക്തമാക്കും.

കോഴിക്കോട് കുന്ദമംഗലം കെഎസ്ഇബിയിലെ കരാർ ജീവനക്കാരന് കൊവിഡ് സ്ഥിരീകരിച്ചതോടെ ഇയാൾക്കൊപ്പം ജോലി ചെയ്തിരുന്ന അറുപതോളം കരാർ ജീവനക്കാർക്ക് കൊവിഡ് പരിശോധന നടത്താനും തീരുമാനം ആയി. കഴിഞ്ഞ ദിവസം രോഗം ഉണ്ടെന്ന് സംശയിക്കുന്നവർക്കായി കുന്ദമംഗലം പഞ്ചായത്ത് നടത്തിയ പരിശോധനയിലാണ് ഇയാൾ ശ്രവം നൽകിയത്. പരിശോധനഫലം വരുന്നതിന് മുമ്പ് ഇയാൾ നാട്ടിലേക്ക് പോവുകയായിരുന്നു

click me!