മഞ്ചേശ്വരം, കുമ്പള, കാസർകോട്, ഹൊസ്ദുർഗ്, നീലേശ്വരം പൊലീസ് സ്റ്റേഷൻ പരിധികളിലാണ് നിരോധനാജ്ഞ. കൊവിഡ് നിയന്ത്രണങ്ങളോട് ജനങ്ങൾ സഹകരിക്കാത്തത് കൊണ്ടാണ് നിരോധനാജ്ഞയെന്ന് കളക്ടർ
കാസര്‍കോട്: കൊവിഡ് വ്യാപനം അതിരൂക്ഷമായതോടെ കടുത്ത നിയന്ത്രണങ്ങളുമായി കാസര്‍കോട് ജില്ലാ ഭരണകൂടം. അഞ്ചിടത്ത് നിരോധനാജ്ഞ പ്രഖ്യാപിച്ചു. മഞ്ചേശ്വരം, കുമ്പള, കാസർകോട്, ഹൊസ്ദുർഗ്, നീലേശ്വരം പൊലീസ് സ്റ്റേഷൻ പരിധികളിലാണ് നിരോധനാജ്ഞ.
2020 ജൂലൈ 25 രാത്രി 12 മണി മുതൽ പ്രദേശത്ത് നിരോധനാജ്ഞ ആയിരിക്കുമെന്നാണ് ജില്ലാ മജിസ്ട്രേട്ട് കൂടിയായ ജില്ലാ കളക്ടർ ഡോ ഡി സജിത് ബാബുവിന്‍റെ ഉത്തരവ്. കൊവിഡ് നിയന്ത്രണങ്ങൾ പാലിക്കുന്നതിൽ ജനങ്ങൾ വലിയ വീഴ്ച വരുത്തുന്നത് കൊണ്ടാണ് നിരോധനാജ്ഞ യെന്നും ജില്ലാ കളക്ടർ വിശദീകരിച്ചു.
undefined
അതിനിടെ കാസർകോട് കൊവിഡ് ബാധിച്ച് ഒരാൾ കൂടി മരിച്ചു. പരിയാരം മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്ന പടന്നക്കാട് സ്വദേശി നബീസ ആണ് മരിച്ചത്. ഇതോടെ ജില്ലയിൽ കൊവിഡ് മരണം നാലായി. കടുത്ത പ്രമേഹത്തെ തുടർന്ന് കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിൽ ചികിത്സയിലായിരുന്നു നബീസ. ഇതിനിടെ നടത്തിയ പരിശോധനയിലാണ് കൊവിഡ് സ്ഥിരീകരിച്ചത്.ശരീരത്തിൽ ഓക്സിജന്‍റെ അളവ് കുറഞ്ഞ് ഗുരുതരാവസ്ഥയിലായതിനെ തുടർന്നാണ് ഇന്നലെ പരിയാരത്തേക്ക് മാറ്റിയത്.
ഇവരുടെ രോഗ ഉറവിടം വ്യക്തമല്ല .ഒരാഴ്ചക്കിടെ കാസർകോട്ടെ മൂന്നാമത്തെ കൊവിഡ് മരണമാണിത്. 3 പേരുടേയും രോഗ ഉറവിടം വ്യക്തമല്ല.