കണ്ണൂരിൽ ബൈക്ക് അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലിരിക്കെ മരിച്ച വിദ്യാർത്ഥിക്ക് കൊവിഡ്

By Web Team  |  First Published Jul 25, 2020, 9:03 AM IST

കണ്ണൂർ സർക്കാർ മെഡിക്കൽ കോളേജിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിൽ കഴിയവെ മരിച്ച അമൽ ജോ അജി എന്ന പത്തൊമ്പതുകാരനാണ് രോഗം സ്ഥിരീകരിച്ചിരിക്കുന്നത്.


കണ്ണൂർ: ബൈക്കപകടത്തിൽ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലിരിക്കെ മരിച്ച വിദ്യാ‍ർത്ഥിക്കും കൊവിഡ്. കണ്ണൂർ സർക്കാർ മെഡിക്കൽ കോളേജിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലായിരുന്ന അമൽ ജോ അജി(19)ക്കാണ് മരണശേഷം കൊവിഡ് സ്ഥിരീകരിച്ചത്. പരിയാരത്തെ വൈറോളജി ലാബിൽ നടത്തിയ പ്രാഥമിക പരിശോധനയിലാണ് രോഗം കണ്ടെത്തിയിരിക്കുന്നത്. 

കഴിഞ്ഞയാഴ്ചയാണ് അമൽ ജോ അജിക്ക് വാഹനാപകടത്തിൽ ഗുരുതരമായി പരിക്കേൽക്കുന്നത്. ഒരാഴ്ചയോളം തീവ്രപരിചരണവിഭാഗത്തിൽ ചികിത്സയിലായിരുന്ന വിദ്യാർത്ഥി കഴി‌ഞ്ഞ ദിവസം മരിച്ചു. ഇതേത്തുടർന്ന് അമലിന്‍റെ സ്രവം പരിശോധനയ്ക്കായി അയച്ചപ്പോഴാണ് കൊവിഡ് പോസിറ്റീവാണെന്ന് കണ്ടെത്തിയത്. 

Latest Videos

undefined

പരിയാരത്തെ പ്രാഥമിക പരിശോധനയിലാണ് ഫലം പോസിറ്റീവായിരിക്കുന്നത് എന്നതിനാൽ സ്ഥിരീകരണത്തിനായി സ്രവം ആലപ്പുഴ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിലേക്ക് അയച്ചിട്ടുണ്ട്. ഐസിയുവിൽ ചികിത്സയിലിരിക്കെ മരിച്ച രോഗിക്ക് കൊവിഡ് സ്ഥിരീകരിക്കുന്നത് അത്യന്തം ഗുരുതരമായ സ്ഥിതിവിശേഷത്തിലേക്കാണ് കണ്ണൂർ ജില്ലയിലെ ആശുപത്രികൾ പോകുന്നത് എന്നതിന്‍റെ ചൂണ്ടുപലകയാവുകയാണ്. അമലിനും രോഗം ബാധിച്ചിരിക്കുക ആശുപത്രിയിൽ നിന്ന് തന്നെയാകാം എന്നാണ് ഇത് നൽകുന്ന സൂചന. 

പരിയാരം മെഡിക്കൽ കോളേജിൽ ആരോഗ്യപ്രവർത്തകർ അടക്കം നിരവധിപ്പേർക്ക് രോഗം ബാധിച്ചിരുന്നു. 14 ആരോഗ്യപ്രവർത്തകർക്കാണ് ഇവിടെ രോഗം സ്ഥിരീകരിച്ചത്. ഇവിടെ ചികിത്സയ്ക്ക് എത്തിയ ചില രോഗികൾക്കും രോഗം കണ്ടെത്തി. ഇതേത്തുടർന്ന് പരിയാരം മെഡിക്കൽ കോളേജിനെ ഒരു പ്രത്യേക ക്ലസ്റ്ററായി മാറ്റേണ്ട സ്ഥിതിയാണ് നിലനിൽക്കുന്നത്.

രോഗം സ്ഥിരീകരിച്ച ആരോഗ്യപ്രവർത്തകരിൽ ഒരു ഡോക്ടർ മാത്രമാണ് കൊവിഡ് വാർഡിൽ ചികിത്സയിലുണ്ടായിരുന്നത്. ബാക്കിയുള്ളവരെല്ലാം മറ്റ് വിഭാഗങ്ങളിൽ ഡ്യൂട്ടിയിലുണ്ടായിരുന്നവരാണ്. ഇവരിൽ നിന്നാകാം മറ്റ് രോഗികൾക്കും കൊവിഡ് ബാധിച്ചതെന്നാണ് പ്രാഥമിക നിഗമനം.  

click me!