തൃക്കണിക്കാവ് കമ്മ്യൂണിറ്റി ഹാളിൽ സ്രവ പരിശോധന നടത്തിയ 20 കുഞ്ഞുങ്ങളുടെയും പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളിൽ സ്രവ പരിശോധന നടത്തിയ 23 കുഞ്ഞുങ്ങളുടെയും ഫലം നെഗറ്റീവാണ്.
കൊച്ചി: എറണാകുളം ചൊവ്വരയിൽ കൊവിഡ് സ്‌ഥിരീകരിച്ച ആരോഗ്യ പ്രവർത്തകയുമായി സമ്പർക്കത്തിലുണ്ടായിരുന്ന 95 പേരുടെ പരിശോധന ഫലം നെഗറ്റീവ്. ആരോഗ്യപ്രവർത്തക കുത്തിവയ്പ്പ് നൽകിയ 43 കുഞ്ഞുങ്ങൾ ഉള്‍പ്പടെയുള്ളവരുടെ പരിശോധനാഫലമാണ് നെഗറ്റീവായത്. തൃക്കണിക്കാവ് കമ്മ്യൂണിറ്റി ഹാളിൽ സ്രവ പരിശോധന നടത്തിയ 20 കുഞ്ഞുങ്ങളുടെയും പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളിൽ സ്രവ പരിശോധന നടത്തിയ 23 കുഞ്ഞുങ്ങളുടെയും ഫലം നെഗറ്റീവാണ്. 197 പേരുടെ സ്രവമാണ് പരിശോധനക്ക് അയച്ചത്. ബാക്കിയുള്ളവരുടെ പരിശോധനാഫലം നാളേയോടെ വരും.
നിലവില്‍, കൊവിഡ് സ്ഥിരീകരിച്ച എറണാകുളം ജില്ലയിൽ 155 പേരാണ് ചികിത്സയിലുള്ളത്. എട്ട് പേർക്കാണ് ജില്ലയില്‍ ഇന്നലെ രോഗം സ്ഥിരീകരിച്ചത്. ജൂൺ ആറിന് ട്രെയിനിൽ മധ്യപ്രദേശിൽ നിന്നും കൊച്ചിയിലെത്തിയ പാറക്കടവ് സ്വദേശിയായ 14 വയസ്സുള്ള കുട്ടിക്കും ഇന്നലെ രോഗം സ്ഥിരീകരിച്ചു. നേരത്തെ രോഗം സ്ഥിരീകരിച്ച നായരമ്പലം സ്വദേശിയുടെ ഉറവിടം കണ്ടെത്തുന്നതിനായി നടത്തിയ പരിശോധനയിലാണ് കുട്ടിയുടെ ഫലം പോസിറ്റീവ് ആയത്. നിരീക്ഷണത്തിലായിരുന്ന ഈ കുട്ടിയുടെ കുടുംബവുമായി ഇയാൾ സമ്പർക്കത്തിൽ വന്നിരുന്നു. ഇതേ തുടർന്നാണ് കുട്ടിയുടെയും കുടുംബാംഗങ്ങളുടെയും സ്രവം പരിശോധിച്ചത്.
ജൂൺ 25 ന് രോഗം സ്ഥിരീകരിച്ച രണ്ട് ആമ്പല്ലൂർ സ്വദേശികളുടെ സമ്പർക്ക പട്ടികയിൽ 22 പേരെ ഉൾപ്പെടുത്തി. ഇതിൽ ഹൈ റിസ്ക് വിഭാഗത്തിൽ പെട്ട 11 പേരുടെ സാമ്പിൾ പരിശോധനക്ക് അയച്ചിട്ടുണ്ട്. ജില്ലയിൽ ഇന്നലെ മൂന്ന് പേർ രോഗമുക്തി നേടി. അതേസമയം, എറണാകുളം ജില്ലയിലെ ആമ്പല്ലൂര്‍, ആലപ്പുഴ ജില്ലയിലെ പുന്നപ്ര സൗത്ത് എന്നിവ കൂടി ഹോട്ട്സ്പോട്ടുകളായി പ്രഖ്യാപിച്ചു.