ഇടുക്കിയെ ആശങ്കയിലാക്കി കൊവിഡ് ബാധിതന്‍റെ സമ്പർക്കപ്പട്ടിക; ഒരാളില്‍ നിന്ന് പത്ത് പേർക്ക് രോഗം

By Web Team  |  First Published Jul 21, 2020, 6:29 AM IST

മുങ്ങരിങ്ങാട് പള്ളിതർക്ക പ്രതിഷേധത്തിൽ പങ്കെടുത്ത ഇയാൾ താൽകാലിക പള്ളി നിർമ്മാണത്തിലും പങ്കാളിയായി. ഇവിടെയെല്ലാമുണ്ടായിരുന്ന 200 ലധികം പേരെ കണ്ടെത്തുക വലിയ വെല്ലുവിളിയാണെന്ന് ആരോഗ്യവകുപ്പ്.


ഇടുക്കി: ഇടുക്കിയിൽ ആശങ്കവിതച്ച് മുള്ളരിങ്ങാട്ടെ കൊവിഡ് രോഗിയുടെ സമ്പർക്കപ്പട്ടിക. ഇതുവരെ ഇയാളിൽ നിന്ന് പത്ത് പേർക്കാണ് രോഗം പടർന്നത്. മുങ്ങരിങ്ങാട് പള്ളിതർക്ക പ്രതിഷേധത്തിൽ പങ്കെടുത്ത ഇയാൾ താൽകാലിക പള്ളി നിർമ്മാണത്തിലും പങ്കാളിയായി. ഇവിടെയെല്ലാമുണ്ടായിരുന്ന 200 ലധികം പേരെ കണ്ടെത്താനുള്ള വലിയ വെല്ലുവിളിയാണ് ആരോഗ്യവകുപ്പിന് മുന്നിലുള്ളത്.

എറണാകുളം നെട്ടൂർ മാർക്കറ്റിലെ പഴവിതരണക്കാരനായ മുള്ളരിങ്ങാട് സ്വദേശിക്ക് 17 നാണ് കൊവിഡ് സ്ഥിരീകരിച്ചത്. എട്ടാംതീയ്യതി നെട്ടൂർ മാർക്കറ്റിൽ നിന്ന് വന്ന ഇയാൾ ഒമ്പതാം തിയതി മുള്ളരിങ്ങാട് നടന്ന പള്ളിത്തർക്ക പ്രതിഷേധത്തിനുണ്ടായിരുന്നു. ഇവിടെ പൊലീസുകാരടക്കം 150 ലധികം ആളുകളാണ് ഉണ്ടായിരുന്നത്. അടുത്ത ദിവസം തർക്കം നടന്ന സ്ഥലത്ത് താൽകാലിക പള്ളി നിർമ്മിക്കുന്നതിനും ഇയാൾ മുന്നിൽ തന്നെ ഉണ്ടായിരുന്നു. ഭാര്യയും മക്കളും ബന്ധുക്കളും സുഹൃത്തുക്കളും ഉൾപ്പടെയുള്ള പത്ത് പേർക്കാണ് ഇതുവരെ ഇയാളുടെ സമ്പർക്കത്തിലൂടെ രോഗം പകർന്നത്. 

Latest Videos

കൂടുതൽ ആളുകളുടെ പരിശോധനാഫലം വരാനിരിക്കുന്നതേയുള്ളൂ. മുള്ളരിങ്ങാട് മറ്റൊരു ക്ലസ്റ്ററാവുമെന്ന ആശങ്കയാണ് ആരോഗ്യപ്രവർത്തകർക്ക്. മുള്ളരിങ്ങാട് പ്രതിഷേധ സ്ഥലത്തുണ്ടായിരുന്ന മുഴുവൻ ആളുകളും നിരീക്ഷണത്തിൽ പോകാനും ആരോഗ്യവകുപ്പിനെ വിവരമറിയിക്കാനും അറിയിപ്പ് നൽകി കഴിഞ്ഞു. പ്രദേശത്ത് ട്രിപ്പിൾ ലോക്ക് ഡൗൺ അടക്കമുള്ള കടുത്ത നിയന്ത്രണങ്ങൾ ഏർപ്പെടുത്തേണ്ടിവരുമെന്ന സൂചനയാണ് ജില്ലാ ഭരണകൂടം നൽകുന്നത്.

click me!