ചോദ്യം: സഖാവ് സരിൻ പോലെ സഖാവ് സന്ദീപ് വാര്യർ? ഡോക്ടർ സരിനെന്ന് തിരുത്തി എംബി രാജേഷ്, 'കാലം തിരുമാനിക്കും'

By Web Team  |  First Published Nov 4, 2024, 4:56 PM IST

വ്യക്തിപരമായി സന്ദീപ് വാര്യർ ഏറ്റവും കൂടുതൽ ആക്രമിച്ചത് സി പി എമ്മിനെയാണല്ലോ എന്ന ചോദ്യത്തിന് ഞങ്ങളും അതേ നിലയിൽ തിരിച്ച് ആക്രമിച്ചിട്ടുണ്ടെന്ന് മന്ത്രി മറുപടി പറഞ്ഞു


പാലക്കാട്: ബി ജെ പി സംസ്ഥാന നേതൃത്വത്തിനെതിരെ സന്ദീപ് വാര്യർ പരസ്യമായി രൂക്ഷ വിമർശനമുയർത്തിയ വിഷയത്തിൽ പ്രതികരിച്ച് സി പി എം നേതാവും മന്ത്രിയുമായ എം ബി രാജേഷ് രംഗത്ത്. ഏഷ്യാനെറ്റ് ന്യൂസിന് നൽകിയ പ്രതികരണത്തിൽ സന്ദീപ് വാര്യറുടെ പോസ്റ്റ് കണ്ടെന്നും അതിൽ വ്യക്തിപരമായി അദ്ദേഹം നേരിട്ട അധിക്ഷേപം വളരെ വലുതാണെന്നാണ് മനസിലാകുന്നതെന്നും മന്ത്രി പറഞ്ഞു. അമ്മ മരിച്ച സമയത്ത് സ്ഥാനാർഥിയായ കൃഷ്ണകുമാറടക്കമുള്ള നേതാക്കളാരും ആശ്വസിപ്പിക്കാനെത്തിയില്ലെന്നത് ഗുരുതരമായ കാര്യമാണെന്നും എം ബി രാജേഷ് കൂട്ടിച്ചേർത്തു. വ്യത്യസ്ത രാഷ്ട്രീയ ചേരികളിലായാലും നമ്മളെല്ലാവരും മനുഷ്യരാണല്ലോയെന്നും മനുഷ്യർ തമ്മിൽ പുലർത്തേണ്ട സാമന്യ മര്യാദ എല്ലാവരും കാട്ടേണ്ടതാണെന്നും അദ്ദേഹം വിവരിച്ചു.

ബിജെപിയിൽ ഇനി പ്രതീക്ഷയില്ല, വീണ്ടും തുറന്നടിച്ച് സന്ദീപ് വാര്യർ; 'പാലക്കാട് നിരവധി സന്ദീപ് വാര്യർമാരുണ്ട്'

Latest Videos

undefined

ബി ജെ പി രാഷ്ട്രീയം ഉപേക്ഷിച്ചാൽ ആരെയും സ്വീകരിക്കുന്നതിൽ തടസമില്ലെന്നും മന്ത്രി പറഞ്ഞു. വ്യക്തിപരമായി സന്ദീപ് വാര്യർ ഏറ്റവും കൂടുതൽ ആക്രമിച്ചത് സി പി എമ്മിനെയാണല്ലോ എന്ന ചോദ്യത്തിന് ഞങ്ങളും അതേ നിലയിൽ തിരിച്ച് ആക്രമിച്ചിട്ടുണ്ടെന്ന് മന്ത്രി മറുപടി പറഞ്ഞു. പിന്നെ അത്തരം ആക്രമണമൊന്നും വ്യക്തിപരമായതല്ലെന്നും പാർട്ടിയുടെ നിലപാടിന് അനുസരിച്ച് ചെയ്യുന്നതാണല്ലോയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. നിലവിൽ സന്ദീപ് വാര്യറുമായി ഒരു ചർച്ചയും നടന്നിട്ടില്ലെന്നും സന്ദീപ് രാഷ്ട്രീയ നിലപാട് പ്രഖ്യാപിച്ച ശേഷം മാത്രമേ ചർച്ചയുണ്ടാകു എന്നും രാജേഷ് വ്യക്തമാക്കി.

അതിനിടെ സഖാവ് സരിനെ പോലെ സഖാവ് സന്ദീപ് വാര്യറും മാറുമോ എന്ന ചോദ്യത്തിന് ഡോക്ടർ സരിനെന്ന തിരുത്തും മന്ത്രി നടത്തി. ഡോക്ടർ സരിനാണ്, ഡോക്ടർ സരിനാണ് എന്ന് എം ബി രാജേഷ് രണ്ട് തവണ എടുത്തുപറയുകയായിരുന്നു. സഖാവ് സന്ദീപ് വാര്യറിലേക്ക് മാറ്റാനുള്ള എല്ലാ സാധ്യതയും തേടുമോയെന്ന ചോദ്യത്തിന് അതൊക്കെ കാലമാണ് മറുപടി പറയേണ്ടതെന്നായിരുന്നു എം ബി രാജേഷ് പ്രതികരിച്ചത്. അത്തരം കാര്യങ്ങളെല്ലാം സന്ദീപ് വാര്യറുടെ നിലപാടിനെ ആശ്രയിച്ചായിരിക്കുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം

click me!