കെഎസ്ആർടിസി ഡ്രൈവർക്കെതിരെ പരാതിയുണ്ടായാൽ അത് പരിഹരിക്കാൻ നിയമ വ്യവസ്ഥയെ ആശ്രയിക്കുന്നതിനു പകരം ജനങ്ങളുടെ യാത്ര മുടക്കി നിയമം കയ്യിലെടുക്കുന്നത് മനുഷ്യവകാശങ്ങളുടെ ലംഘനമാണ്
തിരുവനന്തപുരം: പാളയം സാഫല്യം കോംപ്ലക്സിന് മുന്നിൽ കെഎസ്ആർടിസി ബസിന് കുറുകെ കാറിട്ട് കൊണ്ട് കെഎസ്ആർടിസി ബസ് യാത്രക്കാരുടെ യാത്രയ്ക്ക് തടസ്സം വരുത്തിയ സച്ചിൻ ദേവ് എം എൽ എയ്ക്കും മേയർ ആര്യ രാജേന്ദ്രനും എതിരെ കേസ് എടുക്കണം എന്നാവശ്യപ്പെട്ട് മനുഷ്യാവകാശ കമ്മീഷന് പരാതി.കെ പി സി സി സെക്രട്ടറി അഡ്വ സി ആർ പ്രാണകുമാറാണ് പരാതി നല്‍കിയത്.ഏതൊരു പൗരനും പൊതു നിരത്തുകളിൽ സുഗമമായി യാത്ര ചെയ്യാനുള്ള അവകാശം ഭരണഘടന നൽകിയിട്ടുണ്ട്. എന്നാൽ മാർച്ച് 27,2024 തീയതിയിൽ തിരുവനന്തപുരം മേയർ ആര്യ രാജേന്ദ്രനും, സച്ചിൻ ദേവ് എം എൽ എ യും അവരുടെ കാർ പാളയം ജങ്ഷനിൽ നിരവധി ജനങ്ങളുമായി യാത്ര ചെയ്തുകൊണ്ടിരുന്ന കെ എസ് ആർ ടി സി ബസ്സിന് കുറുകെ ഇടുകയും, ബസിലെ യാത്രകാരുടെ യാത്രയ്ക്ക് തടസം വരുത്തുകയും ചെയ്ത സംഭവം ഈ അവകാശത്തിന്റെ ലംഘനമാണെന്ന് പരാതിയില്‍ പറയുന്നു
പൊതു വാഹനങ്ങളും, പൊതു ജനങ്ങളുടെ യാത്രയും ആർക്കുവേണമെങ്കിലും ഏതു സമയത്തും തടയാം എന്ന തെറ്റായ സന്ദേശമാണ് ഈ സംഭവം സമൂഹത്തിനു നൽകുന്നത്. കെ എസ് ആർ ടി സി ഡ്രൈവർക്കെതിരെ പരാതിയുണ്ടായാൽ അത് പരിഹരിക്കാൻ നിയമ വ്യവസ്ഥയെ ആശ്രയിക്കുന്നതിനു പകരം ജനങ്ങളുടെ യാത്ര മുടക്കി നിയമം കയ്യിലെടുക്കുന്നത് മനുഷ്യവകാശങ്ങളുടെ ലംഘനമാണ്. ആയതിനാൽ കെഎസ്ആർടിസി ബസ് യാത്രക്കാരുടെ യാത്രയ്ക്ക് തടസ്സം വരുത്തിയ സച്ചിൻ ദേവ് എം എൽ എയ്ക്കും മേയർ ആര്യ രാജേന്ദ്രനും എതിരെ കേസ് എടുക്കണം എന്ന് പരാതിയില്‍ അപേക്ഷിക്കുന്നു.