Kannur VC Controversy : 'ഗവർണറുടെ നിലപാടിൽ രാഷ്ട്രീയം', ക്യാബിനറ്റിൽ വിമർശിച്ച് മുഖ്യമന്ത്രി

By Web Team  |  First Published Dec 15, 2021, 1:54 PM IST

മന്ത്രിസഭായോഗത്തിൽ നിലവിലുയർന്ന വിവാദങ്ങളിൽ വിശദീകരണം നടത്തുകയായിരുന്നു മുഖ്യമന്ത്രി പിണറായി വിജയൻ. വിസി നിയമനത്തിനെതിരായ ഹർജി ഹൈക്കോടതി തള്ളിയതോടെ ഗവർണർക്കും പ്രതിപക്ഷത്തിനും ശക്തമായ മറുപടി നൽകാനാണ് സിപിഎം നീക്കം. 


തിരുവനന്തപുരം: കണ്ണൂർ വിസി ഡോ. ഗോപിനാഥ് രവീന്ദ്രന്‍റെ (Kannur VC Dr. Gopinath Ravindran) പുന‍ർനിയമനം (Re-Appointment) സുതാര്യമാണെന്നും ഗവർണർ (Governor Arif Muhammed Khan) ഇക്കാര്യം വിവാദമാക്കിയതിന് പിന്നിൽ രാഷ്ട്രീയമുണ്ടെന്നും മുഖ്യമന്ത്രി പിണറായി വിജയൻ (CM Pinarayi Vijayan). മന്ത്രിസഭാ യോഗത്തിലായിരുന്നു മുഖ്യമന്ത്രിയുടെ വിമർശനം. വിസി നിയമനത്തിനെതിരായ ഹർജി ഹൈക്കോടതി (Kerala High Court) തള്ളിയതോടെ ഗവർണർക്കും പ്രതിപക്ഷത്തിനും ശക്തമായ മറുപടി നൽകാനാണ് സിപിഎം നീക്കം. അതേ സമയം മന്ത്രി ആർ ബിന്ദുവിന്‍റെ (Higher Education Minister R Bindu) രാജിയാവശ്യപ്പെട്ട് സമരം കടുപ്പിക്കുമെന്ന് പ്രതിപക്ഷം (Opposition Leader VD Satheesan) പ്രഖ്യാപിച്ചു. 

ഗവർണ്ണർ തുറന്നുവിട്ട സർവ്വകലാശാലാ വിവാദത്തിൽ സർക്കാറിനെ ഏറ്റവും വെട്ടിലാക്കിയത് കണ്ണൂർ വിസി പുനർനിയമനം തന്നെയാണ്. ഹർജി ഫയലിൽ പോലും സ്വീകരിക്കാതെ തള്ളിയത് പിടിവള്ളിയാക്കി വിവാദങ്ങളെ നേരിടാനാണ് സർക്കാർ തീരുമാനം. 

Latest Videos

undefined

ഇന്ന് തിരുവനന്തപുരത്ത് ചേർന്ന മന്ത്രിസഭാ യോഗത്തിൽ നിയമനം സുതാര്യമാണെന്ന് മുഖ്യമന്ത്രി വിശദീകരിച്ചു. ഒപ്പം, കണ്ണൂർ വിസിയെ നിയമിച്ച ശേഷം തള്ളിപ്പറഞ്ഞ ഗവർണറെ വിമർശിച്ചു. ഗവർണറുടെ കത്തിനും പരസ്യവിമർശനങ്ങൾക്കും പിന്നിൽ രാഷ്ട്രീയമുണ്ടെന്നാണ് പിണറായി വിജയന്‍റെ കുറ്റപ്പെടുത്തൽ. 

മന്ത്രിസഭായോഗത്തിൽ പിണറായി നടത്തിയ ഈ വിമർശനം സിപിഎം നേതാക്കൾ ഇനി കൂടുതൽ ശക്തമാക്കും. ഇന്ന് കോടതി എതിർത്തെങ്കിൽ കണ്ണൂർ വിസിക്ക് പുറത്തുപോകേണ്ട സാഹചര്യമായിരുന്നു. ഒരു വേള വിസിയെ രാജിവെപ്പിച്ച് ഗവർണറുമായുള്ള സമവായ നീക്കം ആലോചിച്ചെങ്കിലും, കോടതി പറയട്ടെ എന്ന് മുഖ്യമന്ത്രി നിലപാടെടുക്കുകയായിരുന്നു. അതേസമയം, ഇന്നത്തെ ആശ്വാസം നാളത്തെ തിരിച്ചടിയാകുമോ എന്ന ആശങ്കയും സർക്കാറിനുണ്ട്. 

ഇന്ന് കോടതിയിൽ തുണയായത് നിയമനം ഗവർണർ അംഗീകരിച്ചതാണെങ്കിൽ ഇപ്പോൾ നിയമനം ചട്ടം ലംഘിച്ചാണെന്ന നിലപാടിലാണ് ഗവർണർ. സർക്കാർ സമ്മർദ്ദത്തിന് വഴങ്ങേണ്ടിവന്നുവെന്ന ഗവർണറുടെ വെളിപ്പെടുത്തലും വിസിയെ പുനർനിയമിക്കാനാവശ്യപ്പെട്ട് ഉന്നതവിദ്യാഭ്യാസ മന്ത്രിയുടെ അസാധാരണ കത്തും പരിഗണിക്കാതെയാണ് സിംഗിൾ ബെഞ്ച് നടപടി. കേസിൽ സുപ്രധാനമായ ഈ തെളിവുകളുമായി ഹർജിക്കാർ ഡിവിഷൻ ബെഞ്ചിലേക്ക് പോകുമ്പോൾ മന്ത്രിക്ക് പുറത്ത് പോകേണ്ട സാഹചര്യം വരെ ഉണ്ടാകാൻ സാധ്യത ബാക്കിയുണ്ട്.

സർക്കാർ ആശ്വസിക്കുമ്പോൾ മന്ത്രി ആർ ബിന്ദുവിന്‍റെ രാജിയിലേക്ക് വിവാദം കേന്ദ്രീകരിച്ചുള്ള നീക്കങ്ങൾ ശക്തിപ്പെടുത്തുകയാണ് പ്രതിപക്ഷം. സമരവും നിയമനടപടികളുമായാണ് മുന്നോട്ട് പോകലാണ് ലക്ഷ്യം.

ബിന്ദുവിനെ പുറത്താക്കണമെന്നാവശ്യപ്പെട്ട് രമേശ് ചെന്നിത്തല മുഖ്യമന്ത്രിക്ക് കത്ത് നൽകിയിട്ടുണ്ട്. ഒപ്പം ലോകായുക്തയെയും സമീപിക്കാനിരിക്കുകയാണ് രമേശ് ചെന്നിത്തല. സർക്കാറിനൊപ്പം സമ്മർദ്ദത്തിന് വഴങ്ങിയതിന് ഗവർണറെയും വിമർശിക്കുന്നു യുഡിഎഫ്.

ഹൈക്കോടതി ഉത്തരവിന് ശേഷം കണ്ണൂർ വിസി നടത്തിയ വാർത്താസമ്മേളനം:

click me!