സ്വർണക്കടത്തിലെ മുഖ്യമന്ത്രിയുടെ മലപ്പുറം പരാമർശം, വിവാദം കത്തുന്നു; മുസ്ലിം ലീഗിന് പിന്നാലെ കോൺഗ്രസും രംഗത്ത്

By Web TeamFirst Published Oct 1, 2024, 2:41 AM IST
Highlights

അഞ്ച് കൊല്ലത്തിനിടെ മലപ്പുറത്ത് മാത്രം 15O കിലോ കടത്തുസ്വർണവും, 123 കോടിയുടെ ഹവാല പണവും പിടികൂടിയിട്ടുണ്ടെന്ന് പറഞ്ഞ മുഖ്യമന്ത്രി, ഈ പണം രാജ്യ വിരുദ്ധ പ്രവർത്തനങ്ങൾക്ക് ഉപയോഗിക്കുകയാണെന്നാണ് ആരോപിച്ചത്

മലപ്പുറം: സ്വർണ്ണക്കടത്ത് വഴി മലപ്പുറത്ത് എത്തുന്ന പണം രാജ്യദ്രോഹ പ്രവർത്തനങ്ങൾക്ക് ഉപയോഗിക്കുന്നു എന്ന മുഖ്യമന്ത്രിയുടെ പരാമർശത്തിൽ വിവാദം കനക്കുന്നു. അഞ്ച് കൊല്ലത്തിനിടെ മലപ്പുറത്ത് മാത്രം 15O കിലോ കടത്തുസ്വർണവും, 123 കോടിയുടെ ഹവാല പണവും പിടികൂടിയിട്ടുണ്ടെന്ന് പറഞ്ഞ മുഖ്യമന്ത്രി, ഈ പണം രാജ്യ വിരുദ്ധ പ്രവർത്തനങ്ങൾക്ക് ഉപയോഗിക്കുകയാണെന്നാണ് ആരോപിച്ചത്. വോട്ട് നേടാൻ ജനങ്ങളെ ഭിന്നിപ്പിക്കുകയാണ് മുഖ്യമന്ത്രി ചെയ്യുന്നതെന്ന് മുസ്ലീം ലീഗ് കുറ്റപ്പെടുത്തി. കടുത്ത ഭാഷയിൽ വിമർശിച്ച് മുസ്ലിം ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി എം എ സലാമിന് പിന്നാലെ കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തലയടക്കമുള്ളവരും മുഖ്യമന്ത്രിക്കെതിരെ രംഗത്തെത്തി.

വിശദവിവരങ്ങൾ ഇങ്ങനെ

ആദ്യമായി അൻവറിനെ തള്ളിപ്പറഞ്ഞ അന്നാണ് കരിപ്പൂര്‍ വിമാനത്താവളം വഴി ഒഴുകുന്ന സ്വര്‍ണ്ണത്തിന്‍റെയും കള്ളപ്പണത്തിന്‍റെയും കണക്ക് മുഖ്യമന്ത്രി അവതരിപ്പിച്ചത്. പിന്നാലെ പിവി അൻവര്‍ അത് ഏറ്റെടുത്തു. സിപിഎമ്മിന്‍റെ ന്യൂന പക്ഷ വിരുദ്ധ സമീപനത്തിനും ഉള്ള തെളിവാണിതെന്നായിരുന്നു അൻവറിന്‍റെ ആക്ഷേപം. ദി ഹിന്ദു ദിനപത്രത്തിൻറെ അഭിമുഖത്തിൽ മുഖ്യമന്ത്രി മലപ്പുറത്തെ സ്വർണ്ണക്കടത്ത് പരാമർശം ആവര്‍ത്തിച്ചു. അഞ്ച് വർഷത്തിനിടെ പൊലീസ് നടത്തിയ കള്ളപ്പണ സ്വര്‍ണ്ണ വേട്ടകളാണ് സി പി എം - ആര്‍ എസ് എസ് ബന്ധമെന്ന ആക്ഷേപത്തിന്‍റെ അടിവേരെന്ന് പറഞ്ഞ മുഖ്യമന്ത്രി വര്‍ഗ്ഗീയ വിഭജനം പ്രോത്സാഹിപ്പിക്കുന്ന തീവ്രവാദ സംഘടനകളും ഇതിനിടയിലുണ്ടെന്ന് കൂടി പറഞ്ഞു. ഇതിനെതിരെയാണ് അതിരൂക്ഷ പ്രതികരണവുമായി മുസ്ലീം ലീഗ് രംഗത്തെത്തിയത്. കരിപ്പൂര്‍ കേന്ദ്രമായി കള്ളപ്പണം ഒഴുകുന്നെന്ന ആക്ഷേപം നേരത്തെ ബി ജെ പി ഉന്നയിച്ചിരുന്നു. അന്നത് മുസ്ലീം സംഘടനകളെ ലക്ഷ്യം വച്ചായിരുന്നു. അതിനെ ശക്തമായി പ്രതിരോധിച്ച സി പി എം അങ്ങനെ ഒരു കാര്യമേ നടന്നിട്ടില്ലെന്നും നിലപാടെടുത്തു. ആ നിലപാട് നിലനിൽക്കെയാണ് മുഖ്യമന്ത്രി തന്നെ ഇക്കാര്യം ശരിവയ്ക്കുന്നത്. ന്യൂനപക്ഷ കാർഡ് വീശി അൻവർ ആഞ്ഞടിക്കുമ്പോഴാണ് മുഖ്യമന്ത്രിയുടെ മലപ്പുറം പരാമർശം അൻവറിന് പിന്നാലെ ലീഗ് ഏറ്റുപിടിക്കുന്നത്.

പിഎംഎ സലാം പറഞ്ഞത്

മുഖ്യമന്ത്രിക്കെതിരെ രൂക്ഷവിമർശനവുമായാണ് മുസ്ലിംലീഗ് ജനറൽ സെക്രട്ടറി രംഗത്തെത്തിയത്. മുഖ്യമന്ത്രി മലപ്പുറത്തെ അപമാനിച്ചെന്നാണ് പി എം എ സലാം പറഞ്ഞത്. മലപ്പുറം ജില്ലയിൽ എത്ര രാജ്യദ്രോഹക്കുറ്റങ്ങൾ രജിസ്റ്റർ ചെയ്‌തെന്ന് മുഖ്യമന്ത്രി വ്യക്തമാക്കണമെന്ന് സലാം ആവശ്യപ്പെട്ടു. കേന്ദ്ര ഏജൻസികളുടെ അന്വേഷണത്തിൽ നിന്ന് രക്ഷപ്പെടാനുള്ള നീക്കമാണിതെന്ന് വിമർശിച്ച പിഎംഎ സലാം മുഖ്യമന്ത്രി പരാമർശം പിൻവലിക്കണമെന്നും പറഞ്ഞു. എന്തെങ്കിലും ഒരു തെളിവ് മുഖ്യമന്ത്രിയുടെ കയ്യിലുണ്ടോ എന്നും സലാം ചോദിച്ചു. കരിപ്പൂർ എയർപോർട്ടിൽ എത്തുന്ന സ്വർണ്ണത്തെക്കുറിച്ച് ആകാം അദ്ദേഹം പറയുന്നത്. പിടിക്കപ്പെട്ടവരിൽ ഏറെയും കണ്ണൂർ ജില്ലക്കാരാണ്. കണ്ണൂർ ജില്ലയിലുള്ളവരാണ് അവിടെ പോയി വെട്ടിപ്പ് നടത്തുന്നത്. അത് മലപ്പുറം ജില്ലയുടെ തലയിൽ ഇടാമോ എന്നും പിഎംഎ സലാം ചോദിച്ചു. സ്വന്തം കുടുംബത്തിന്റെ വൃത്തികേടുകളിൽ നിന്ന് രക്ഷപ്പെടാൻ ഇതുപോലുള്ള വ്യാജ ആരോപണങ്ങൾ ഉന്നയിക്കുകയാണ് മുഖ്യമന്ത്രിയെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

രമേശ് ചെന്നിത്തല പറഞ്ഞത്

പിവി അന്‍വറിനോടുള്ള രാഷ്ട്രീയ വൈരം മുഖ്യമന്ത്രി മലപ്പുറം ജില്ലയോടു തീര്‍ക്കരുതെന്നാണ് കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗം രമേശ് ചെന്നിത്തല പറഞ്ഞത്. അന്‍വറുമായുള്ള കൂട്ടുകച്ചവടം പൊളിഞ്ഞതിന്റെ രാഷ്ട്രീയ പക മനസിലാക്കാം. പക്ഷേ അക്കാര്യത്തില്‍ മലപ്പുറം ജില്ല എന്തു പിഴച്ചു. കരിപ്പൂര്‍ വിമാനത്താവളം മലപ്പുറം ജില്ലയിലായതു കാരണം അതുവഴി നടക്കുന്ന സ്വര്‍ണക്കടത്തുകള്‍ പിടിച്ചെടുക്കുന്നത് എല്ലാം മലപ്പുറത്തിന്റെ വിലാസത്തില്‍ ചേര്‍ക്കരുത്. ഈ സ്വര്‍ണക്കടത്ത് എല്ലാം ദേശവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്കു കൊണ്ടുവരുന്നു എന്നും ന്യൂനപക്ഷസമുദായത്തിൽ പെട്ടവരാണ്   ഇതിന്റെ പിന്നിലെന്നും ഒരു മാധ്യമത്തിനു നൽകിയ അഭിമുഖത്തിൽ മുഖ്യമന്ത്രി പറയുന്നു. അങ്ങനെയെങ്കില്‍ കഴിഞ്ഞ എട്ടു വര്‍ഷത്തിനിടയില്‍ സ്വര്‍ണക്കടത്ത് പണം ദേശവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് ഉപയോഗിച്ചതിന്റെ പേരില്‍ എത്ര കേസുകള്‍ രജിസ്റ്റര്‍ ചെയ്തു എന്ന് കാര്യം കൂടി മുഖ്യമന്ത്രി ജനങ്ങളോട് പറയണം. അങ്ങനെ കേസ് എടുത്തിട്ടില്ലെങ്കില്‍ അത് എന്തു കൊണ്ടാണ് എന്നും മുഖ്യമന്ത്രിക്കു പറയാന്‍ സാധിക്കണം. അല്ലാതെ ഒരു എംഎല്‍എയുമായുള്ള രാഷ്ട്രീയ വൈരത്തിന്റെ പേരില്‍ ഒരു ജില്ലയെ മൊത്തം അടച്ചാക്ഷേപിക്കരുത് - ചെന്നിത്തല പറഞ്ഞു.

1968 ൽ കാണാതായ മലയാളി സൈനികൻ, 56 വർഷത്തിന് ശേഷം മൃതശരീരം കണ്ടെത്തിയെന്ന് ഇന്ത്യൻ സൈന്യം, ബന്ധുക്കളെ അറിയിച്ചു

Latest Videos

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം

 

click me!